1989ല്‍ എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥ എഴുതി ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മികച്ച ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. മമ്മൂട്ടി, സുരേഷ് ഗോപി, ബാലന്‍ കെ. നായര്‍, ക്യാപ്റ്റന്‍ രാജു, മാധവി തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്. ചിത്രത്തില്‍ മമ്മൂട്ടി ചന്തുവായും മാധവി ഉണ്ണിയാര്‍ച്ച ആയിട്ടുമാണ് എത്തിയത്. സിനിമക്കായി ഇരുവരുടെയും ചെറുപ്പം ചെയ്തത് വിനീത് കുമാറും ജോമോളുമായിരുന്നു.
സിനിമയില്‍ ചന്തു ഉണ്ണിയാര്‍ച്ചയെ കല്യാണം കഴിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. അത് ചെയ്യാന്‍ വിനീത് കുമാര്‍ മടി കാണിച്ചിരുന്നു. ജോമോള്‍ ഒരു വടക്കന്‍ വീരഗാഥയുടെ സെറ്റില്‍ വളരെ വൈബ്രന്റായിട്ടുള്ള കുട്ടി ആയിരുന്നെന്നും തനിക്ക് ആ സമയത്ത് ജോമോളെ പേടിയായിരുന്നെന്നും പറയുകയാണ് വിനീത്. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത് കുമാര്‍.
‘കുട്ടിക്കാലത്ത് നമ്മുക്ക് കുറേ ചിന്തകള്‍ ഉണ്ടാകുമല്ലോ. ഈ കുട്ടി തന്നെയാകുമോ ഭാവിയിലും എന്റെ ഭാര്യയെന്ന് ഞാന്‍ പേടിച്ചിരുന്നു. കാരണം അന്ന് താലി കെട്ടി കഴിഞ്ഞാല്‍ ഭാര്യയാകും എന്നായിരുന്നു അന്നത്തെ വിശ്വാസം. അങ്ങനെയാകുമ്പോള്‍ സിനിമ കഴിഞ്ഞാല്‍ ആ കുട്ടി നമ്മളുടെ കൂടെ വരുമെന്ന് പേടിച്ചു. കുഞ്ഞു മനസിലെ ആലോചനകളായിരുന്നു അത്. അന്ന് ആ സീന്‍ ചെയ്യാന്‍ ടെന്‍ഷന്‍ ഉണ്ടായി.
ജോമോള്‍ ആ സെറ്റില്‍ വളരെ വൈബ്രന്റായിട്ടുള്ള കുട്ടി ആയിരുന്നു. ഞങ്ങളൊക്കെ സ്‌റ്റേറ്റ് സിലബസില്‍ പഠിക്കുന്ന വളരെ വില്ലേജ് ഏരിയയില്‍ നിന്ന് വരുന്നവരായിരുന്നു. കൂടെയുള്ളവരില്‍ കുറച്ച് ആളുകള്‍ മാത്രമാണ് ഇങ്ങനെ സി.ബി.എസ്.ഇ. അല്ലെങ്കില്‍ ഹൈഫൈ ലൈഫില്‍ നിന്ന് വന്നവര്‍. അതില്‍ ഒരാളായിരുന്നു ജോമോള്‍. എനിക്ക് ആണെങ്കില്‍ സത്യത്തില്‍ ജോമോളെ പേടിയായിരുന്നു.
അവളുടെ സംസാരമൊക്കെ കണ്ടിട്ട് ജോമോളെയെങ്ങാനും കല്യാണം കഴിച്ച് പോയാല്‍ എന്റെ ജീവിതം തീര്‍ന്നു പോകുമല്ലോ എന്ന പേടി ഉണ്ടായിരുന്നു (ചിരി). ഈ കാര്യം ഞാന്‍ അവളോട് പിന്നീട് പറഞ്ഞിട്ടുണ്ട്. എന്റെ നല്ല ഒരു സുഹൃത്താണ് ജോമോള്‍,’ വിനീത് കുമാര്‍ പറഞ്ഞു.
Content highlight: Vineeth Kumar Talks About Jomol