| Friday, 13th September 2024, 10:13 am

ടൊവിയുടെ മികച്ച അഭിനയം; എന്നാല്‍ അഭിനയ സാധ്യതയില്ലാത്ത കഥാപാത്രമെന്ന് റിവ്യൂ വന്നു: വിനീത് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് കുമാര്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഡിയര്‍ ഫ്രണ്ട്. സിനിമയില്‍ വിനോദ് എന്ന കഥാപാത്രമായി എത്തിയത് ടൊവിനോ തോമസായിരുന്നു. ദര്‍ശന രാജേന്ദ്രന്‍ നായികയായി എത്തിയ ഡിയര്‍ ഫ്രണ്ടില്‍ അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, സഞ്ചന നടരാജന്‍, രേഖ, വിശാഖ് നായര്‍ തുടങ്ങിയവരും ഒന്നിക്കുന്നു.

ഈ സിനിമയിലെ ടൊവിനോയുടെ അഭിനയത്തെ കുറിച്ച് പറയുകയാണ് വിനീത് കുമാര്‍. ഡിയര്‍ ഫ്രണ്ടിലെ ടൊവിനോയുടെ കഥാപാത്രം വളരെ സങ്കീര്‍ണമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത്. പലരും ടൊവിനോക്ക് ആ സിനിമയില്‍ അഭിനയ സാധ്യതയൊന്നും ഇല്ലായിരുന്നുവെന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഡിയര്‍ ഫ്രണ്ടിലെ ടൊവിയുടെ കഥാപാത്രം വളരെ സങ്കീര്‍ണമായതായിരുന്നു. ആ സിനിമയുടെ റിവ്യൂകള്‍ നോക്കിയപ്പോള്‍ ടൊവിക്ക് ആക്ടിങ് സാധ്യതയൊന്നും ഇല്ലാത്ത കഥാപാത്രമായിരുന്നു എന്നൊക്കെ പറയുന്നത് ഞാന്‍ കേട്ടു. പക്ഷെ ഞാനും ടൊവിയും പരസ്പരം സംസാരിക്കുമ്പോള്‍ പറയുന്ന ഒരു കാര്യമുണ്ട്.

ലൗഡ് പെര്‍ഫോമന്‍സ് നടത്തുന്നതിനേക്കാളും ഡ്രമാറ്റിക് സീനില്‍ പെര്‍ഫോം ചെയ്യുന്നതിനേക്കാളും വളരെ ബുദ്ധിമുട്ടാണ് സര്‍ട്ടിലായി പെര്‍ഫോം ചെയ്യാന്‍. അത് ഡിയര്‍ ഫ്രണ്ടിലൂടെ ടൊവി ബ്രില്ലിയന്റായി ചെയ്തിട്ടുണ്ട്. എന്റെ സിനിമയായത് കൊണ്ടല്ല ഞാന്‍ ഇങ്ങനെ പറയുന്നത്.

ടൊവി ഇത്ര ബ്രില്ലിയന്റായി സര്‍ട്ടിലായി അഭിനയിച്ചത് ഡിയര്‍ ഫ്രണ്ടിലാണ്. സിനിമയിലെ വളരെ മൈന്യൂട്ടായിട്ടുള്ള കുറേ കാര്യങ്ങള്‍ ടൊവി നന്നായി ചെയ്തു. പ്രത്യേകിച്ച് എടുത്ത് പറയേണ്ടത് അമ്മയെ കുറിച്ച് ടൊവി ദര്‍ശനയോട് പറയുന്ന സീനാണ്. ആ സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ഞാന്‍ ടൊവിയോട് ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ.

ഡയലോഗുകളുടെ ഇടയിലെ ബ്രീത്തിങ് സ്‌പേസ് മാക്‌സിമം എടുത്തിട്ട് സംസാരിച്ചാല്‍ മതി എന്നായിരുന്നു അത്. അവിടെയാണ് ആ സീന്‍ വര്‍ക്കാകുന്നതെന്ന് ഞാന്‍ പറഞ്ഞു. അത്രമാത്രം പറഞ്ഞിട്ടും ടൊവി വളരെ ബ്രില്ലിയന്റായിട്ടാണ് ആ കഥാപാത്രം ചെയ്തത്,’ വിനീത് കുമാര്‍ പറഞ്ഞു.


Content Highlight: Vineeth Kumar Talks About Dear Friend Movie And Tovino Thomas

We use cookies to give you the best possible experience. Learn more