Entertainment
ആ നടിയെ കണ്ടതും ഒന്ന് സൂക്ഷിക്കേണ്ട ആളാണെന്ന തോന്നലുണ്ടായി; ഞാന്‍ ആദ്യമേ തന്നെ പേടിച്ചു: വിനീത് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 29, 05:09 am
Wednesday, 29th January 2025, 10:39 am

1989ല്‍ എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥ എഴുതി ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളത്തിലെ മികച്ച ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. മമ്മൂട്ടി, സുരേഷ് ഗോപി, ബാലന്‍ കെ. നായര്‍, ക്യാപ്റ്റന്‍ രാജു, മാധവി തുടങ്ങിയ വന്‍ താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്.

ചിത്രത്തില്‍ മമ്മൂട്ടി ചന്തുവായും മാധവി ഉണ്ണിയാര്‍ച്ച ആയിട്ടുമാണ് എത്തിയത്. സിനിമയില്‍ ഇരുവരുടെയും ചെറുപ്പം ചെയ്തത് വിനീത് കുമാറും ജോമോളുമായിരുന്നു. ഇപ്പോള്‍ ജോമോളെ ആദ്യമായി കണ്ടതിനെ കുറിച്ച് പറയുകയാണ് വിനീത്.

ജോമോളെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ വരിക ഒരു വടക്കന്‍ വീരഗാഥക്കായി നടത്തിയ ആദ്യ ഇന്റര്‍വ്യൂവാണ് എന്നാണ് നടന്‍ പറയുന്നത്. ജോമോള്‍ അന്ന് വളരെ വൈബ്രന്റായിരുന്നെന്നും ഒന്ന് സൂക്ഷിക്കേണ്ട ആളാണെന്ന തോന്നല്‍ തനിക്ക് അപ്പോള്‍ തന്നെ വന്നിരുന്നെന്നും വിനീത് കുമാര്‍ പറഞ്ഞു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ജോമോളെ കുറിച്ച് പറയുമ്പോള്‍ ആദ്യം എനിക്ക് ഓര്‍മയില്‍ വരിക സിനിമക്കായി നടത്തിയ ആദ്യ ഇന്റര്‍വ്യൂവാണ്. അത് സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന്റെയൊക്കെ എത്രയോ മുമ്പായിരുന്നു. വടക്കന്‍ വീരഗാഥ എന്ന സിനിമയെ കുറിച്ചൊന്നും അന്ന് എനിക്ക് അറിയില്ലായിരുന്നു.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സിനിമയുടെ ഭാഗമായി ഒരു ഇന്റര്‍വ്യൂ നടക്കുന്നുണ്ടെന്ന് മാത്രമേ എനിക്ക് അറിയുകയുള്ളൂ. അന്ന് കാസ്റ്റിങ് കോളൊന്നും തന്നെ ഉണ്ടായിരുന്നില്ല. പകരം സിനിമയുമായി ബന്ധമുള്ള ആളുകള്‍ കുട്ടികളെ കോര്‍ഡിനേറ്റ് ചെയ്യുകയാണ്. അങ്ങനെയാണ് എന്നെയും വിളിക്കുന്നത്.

എനിക്കാണെങ്കില്‍ ആ സമയത്ത് യുവജനോത്സവത്തില്‍ പങ്കെടുത്തിട്ടുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഞാന്‍ ഇന്റര്‍വ്യൂവിന് വേണ്ടി അവിടെ പോയി ബാക്കിയുള്ള കുട്ടികളുടെ കൂടെ ഇരുന്നു. ഒന്നാമത് ഞാന്‍ നല്ലൊരു ഇന്‍ട്രോവേര്‍ട്ടാണ്.

അച്ഛന്റെ കൂടെ ഒതുങ്ങി മിണ്ടാതെ ഇരിക്കുമ്പോഴാണ് ജോമോള്‍ സ്‌കൂട്ടറില്‍ വന്നിട്ട് എന്റെ മുന്നില്‍ ഇറങ്ങുന്നത്. കയ്യില്‍ ഒരു ബാഗൊക്കെ ഉണ്ടായിരുന്നു. ജോ അന്ന് വളരെ വൈബ്രന്റായിരുന്നു. വന്നയുടനെ തന്നെ വളരെ ആക്ടീവായി സംസാരിക്കുന്നുണ്ടായിരുന്നു. സത്യത്തില്‍ ഞാന്‍ ആദ്യമേ തന്നെ പേടിച്ചു. ഒന്ന് സൂക്ഷിക്കേണ്ട ആളാണ് എന്ന തോന്നല്‍ എനിക്ക് അപ്പോള്‍ തന്നെ വന്നിരുന്നു,’ വിനീത് കുമാര്‍ പറഞ്ഞു.

Content Highlight: Vineeth Kumar Talk About Jomol And Oru Vadakkan Veeragatha Movie