ആ സിനിമ ഇറങ്ങിയ ശേഷമാണ് എന്റെ റോളിന്റെ പ്രാധാന്യം മനസിലായത്, എന്നാൽ ഇന്നാണ് അത് കൂടുതൽ സ്വീകരിക്കപ്പെടുന്നത്: വിനീത് കുമാർ
Entertainment
ആ സിനിമ ഇറങ്ങിയ ശേഷമാണ് എന്റെ റോളിന്റെ പ്രാധാന്യം മനസിലായത്, എന്നാൽ ഇന്നാണ് അത് കൂടുതൽ സ്വീകരിക്കപ്പെടുന്നത്: വിനീത് കുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th April 2024, 8:33 am

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് വിനീത് കുമാർ. വിനീത് പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു മോഹൻലാൽ – സിബി മലയിൽ കൂട്ടുകെട്ട് ഒന്നിച്ച ദേവദൂതൻ.

നിഖിൽ മഹേഷ്വർ എന്ന കഥാപാത്രമായാണ് വിനീത് കുമാർ എത്തിയത്. ചിത്രത്തിന്റെ ഓർമകൾ പങ്കുവെക്കുകയാണ് വിനീത്.

ചിത്രത്തിൽ താൻ ഉണ്ടെന്ന് സിബി മലയിൽ പറഞ്ഞിരുന്നെങ്കിലും നടൻ ശരത്താണ് തന്റെ കഥാപാത്രം ചെയ്യുന്നതെന്ന വിചാരത്തിലാണ് ലൊക്കേഷനിലേക്ക് പോയതെന്ന് വിനീത് പറയുന്നു. ചിത്രത്തിന്റെ ഷൂട്ട്‌ തുടങ്ങിയ വാർത്ത ഒരു മാസികയിൽ കണ്ടപ്പോൾ തന്റെ കോസ്റ്റ്യൂമിൽ നടൻ ശരത്തിനെ വിനീത് കുമാർ കണ്ടതിനാലായിരുന്നു അത്തരത്തിൽ തെറ്റിദ്ധരിച്ചത്.

എന്നാൽ പിന്നീടാണ് നായകൻ താനാണെന്ന് അറിഞ്ഞതെന്നും ഒരിക്കലും മറക്കാൻ പറ്റാത്ത ചിത്രമാണ് ദേവദൂതനെന്നും വിനീത് പറഞ്ഞു. കാലങ്ങൾക്കിപ്പുറം ഇന്നാണ് സിനിമ കൂടുതൽ സ്വീകരിക്കപ്പെടുന്നതെന്നും വിനീത് കൂട്ടിച്ചേർത്തു. വണ്ടർവാൾ മീഡിയ നെറ്റ് വർക്കിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഒരു ദിവസം എന്നെ സിനിമയിൽ നിന്ന് വിളിച്ചു. ലൊക്കേഷനിലേക്ക് വരണം ഊട്ടിയാണ് ലൊക്കേഷൻ എന്നൊക്കെ പറഞ്ഞു. ഞാൻ അങ്ങനെ ചെന്നപ്പോഴാണ് എന്നോട് നീയാണ് ഹീറോയെന്ന് പറയുന്നത്. എന്റെ കഥാപാത്രമാണ് ഹീറോയെന്ന് പറഞ്ഞു. ഞാൻ ആകെ കൺഫ്യൂഷനായി. എനിക്ക് ഒന്നും മനസിലായില്ല. ആ കഥാപാത്രം ശരത് ചെയ്യുകയും ചെയ്തു, ലാലേട്ടനുണ്ട്, പിന്നെ എന്റെ വേഷം ഏതാണെന്ന് എനിക്ക് മനസിലായില്ല.

പിറ്റേന്ന് ഞാൻ ഷോട്ട് എടുക്കാനായി ചെന്നപ്പോൾ ശരത് ഇട്ട് കണ്ട ഡ്രസ്സ് എനിക്ക് തന്നു. ശരത്തിനെ പുറത്താക്കിയോ എന്നായി എന്റെ ചിന്ത. പിന്നെ സിബി സാറാണ് ആ സിനിമയുടെ കഥയൊക്കെ എന്നോട് പറയുന്നത്. എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം പറയുന്നത്. പിന്നെ സിനിമ ഇറങ്ങി കണ്ടുകഴിഞ്ഞപ്പോഴാണ് എന്റെ റോൾ എത്രത്തോളം വലുതാണെന്ന് മനസിലാവുന്നത്. അതും അന്ന് അത്ര സ്വീകരിക്കപ്പെട്ടില്ല. ഇന്നാണ് കൂടുതൽ ആളുകൾ സംസാരിക്കുന്നത്.

ദേവദൂതന്റെ ഷൂട്ടിങ് ഭയങ്കര രസമുള്ള ഒരു അനുഭവമാണ്. പട്ടികളുമായി ഒരു ഫൈറ്റുണ്ട്, പിന്നെ നല്ല ഒരു പാട്ടുണ്ട്. അങ്ങനെ എന്നും ഓർത്തിരിക്കാൻ കഴിയുന്ന ചിത്രമാണ് ദേവദൂതൻ അതുപോലെ അതിലെ കഥാപാത്രമായ നിഖിൽ മഹേഷ്വറും,’വിനീത് കുമാർ പറയുന്നു.

 

Content Highlight: Vineeth Kumar Talk About His Character In  Devadoothan Movie