ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് വിനീത് കുമാർ. ചെറുപ്പത്തിൽ തന്നെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ വിനീത് പിന്നീട് യുവതാരമായും മാറിയിരുന്നു. കണ്മഷി, ദേവദൂതൻ, പ്രണയമണിതൂവൽ തുടങ്ങിയ ചിത്രങ്ങളിൽ നായകനായി പ്രത്യക്ഷപ്പെട്ട വിനീത് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഫഹദ് ഫാസിൽ നായകനായ അയാൾ ഞാനല്ല ആയിരുന്നു.
പിന്നീട് ഡിയർ ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മികച്ച ഡയറക്ടറിൽ ഒരാളായി മാറാൻ വിനീതിന് കഴിഞ്ഞിരുന്നു. വിനീത് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം പവി കെയർടേക്കർ കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തി.
സംവിധായകനായതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. ഫഹദുമായി തനിക്ക് നല്ല സൗഹൃദമുണ്ടെന്നും എന്നാൽ ഫഹദിനും ഇഷ്ടമാവുന്ന കഥയാണെങ്കിൽ മാത്രമേ ഒരു സിനിമ ചെയ്യാൻ കഴിയുള്ളൂവെന്നും വിനീത് പറഞ്ഞു. വണ്ടർവാൾ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.
‘എനിക്ക് ഫഹദുമായി നല്ല സൗഹൃദം ഉണ്ടെങ്കിലും എനിക്ക് ഇഷ്ടമാവുന്ന ഒരു സബ്ജെക്ട് ഫഹദിനും കൂടെ ഇഷ്ടമാണെങ്കിൽ മാത്രം ചെയ്യുക എന്നുള്ളതാണ് ശരി. ഏതൊരു നടനോടും ടെക്നിഷ്യനോടും കഥപറയുമ്പോഴും അങ്ങനെയാണ്.
നമ്മുടെ സൗഹൃദമൊന്നും അതിൽ ബാധകമാവരുതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അപ്പോഴാണ് എനിക്കും ഒരു ചാലഞ്ച്. കാരണം നമ്മൾ അവരെ എക്സൈറ്റ് ചെയ്യിപ്പിക്കണമല്ലോ. അങ്ങനെ വിചാരിക്കുന്ന ആളാണ് ഞാൻ,’വിനീത് പറയുന്നു.
താൻ ആദ്യമായി ഒരു സിനിമയുടെ കഥ പറയുന്നത് നടൻ ശ്രീനിവാസനോടാണെന്നും താരം കൂട്ടിച്ചേർത്തു.
‘ഞാൻ ആദ്യം ഈ കോൺഫിഡൻസ് ബിൽഡ് ചെയ്യുന്നത് ശ്രീനിയേട്ടന്റെ അടുത്താണ്. ഞാൻ ഒരു സിനിമയുടെ കഥ ആദ്യമായി പറയുന്നത് ശ്രീനിയേട്ടന്റെ അടുത്താണ്. അദ്ദേഹത്തോട് കഥ പറയുക എന്നത് തന്നെ ഒരു വെല്ലുവിളിയാണ്. കാരണം ഇത്രയും സിനിമകൾ പല രീതിയിൽ കഥകൾ എഴുതി ഉണ്ടാക്കിയ ആളാണ് ശ്രീനിയേട്ടൻ. അപ്പോൾ അദ്ദേഹത്തോട് ഒരു കഥ പറഞ്ഞിരുത്തുകയെന്നത് ഒരു വെല്ലുവിളിയായിരുന്നു. അത് കഴിഞ്ഞ് രഞ്ജിയേട്ടന്റെ അടുത്താണ് ഞാൻ സംസാരിച്ചത്.
അയാൾ ഞാൻ അല്ല എന്ന ചിത്രം കമ്മിറ്റ് ചെയ്തതിന് മുമ്പ് ഞാൻ രഞ്ജിത്ത് ഏട്ടനുമായി ഒരു മൂന്നോ നാലോ കഥകൾ സംസാരിച്ചിരുന്നു. അദ്ദേഹം എനിക്ക് കഥ കേൾക്കാൻ ഇരുന്ന് തരുമായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളൊക്കെ പറയും.