| Saturday, 4th May 2024, 11:35 am

എന്റെ ഉള്ളിലെ സംവിധായകനെ കണ്ടെത്തിയത് അവര്‍ രണ്ടുപേരുമാണ്: വീനിത് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ ഒരു നടനും സംവിധായകനുമാണ് വീനിത് കുമാര്‍. പഠിപ്പുര എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ 2015ല്‍ സിനിമ സംവിധാന രംഗത്തേക്ക് പ്രവേശിച്ചു.

ദേവദൂതന്‍ എന്ന ചിത്രത്തിലെ മഹേഷ്വര്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് വിനീത്. ദിലീപ്, ജോണി ആന്റണി, രാധിക ശരത്കുമാര്‍ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി വീനിത് കുമാര്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പവി കെയര്‍ടേക്കര്‍.

തന്നിലെ സംവിധായകനെ കണ്ടെത്തിയത് രഞ്ജിത്തേട്ടനും ഫഹദ് ഫാസിലും കൂടിയാണെന്നും, ഫഹദുമായി ഒരു പ്രൊജക്ട് ആലോചനയിലുണ്ടെന്നും വീനിത് കുമാര്‍ പറയുന്നു. സിനിമ നടന്‍ എന്നതില്‍ നിന്ന് സംവിധാന രംഗത്തേക്ക് എത്തിയതിന്റെ വിശേഷങ്ങള്‍ കാന്‍ ചാനല്‍ മീഡിയയോട് പങ്കുവെക്കുകയായിരുന്നു താരം.

ബിഹൈന്റ് ദി ക്യാമറ എന്ന പ്രോസസ് അടുത്ത് അറിയാന്‍ വേണ്ടി ആദ്യമായി താന്‍ ഒരു അഡ്വര്‍ട്ടൈസ്‌മെന്റ് ചെയ്തിട്ടുണ്ടായിരുന്നെന്നും. കംപ്ലീറ്റ് പ്രൊഡക്ക്ഷനു ശേഷം ആ പരസ്യം ആദ്യം കണ്ടത് ഫഹദ് ഫാസിലായിരുന്നെന്നും തന്നോട് സംവിധാനം ചെയ്യാന്‍ ആദ്യം പറഞ്ഞത് ഫഹദായിരുന്നെന്നും വീനിത് പറഞ്ഞു.

‘ആ പരസ്യം ഫഹദ് കണ്ടതിനുശേഷം നേരെ എന്റെ അടുത്ത് വന്നു പറഞ്ഞു ഞാന്‍ ഒരു കാര്യം പറയാം നീ ഒരു സിനിമ ചെയ്യ് ഞാന്‍ ഓര്‍ഗനൈസ് ചെയ്യാം. അപ്പോള്‍ ഞാന്‍ പറഞ്ഞു ഷാനു ഞാനിത് തുടങ്ങിയിട്ടുള്ളു, നീ ഇങ്ങനെ പറയുമ്പോ എനിക്ക് വളരെ സന്തോഷമുണ്ട്, എനിക്ക് കുറച്ച് സമയം വേണം. എപ്പോഴാണങ്കിലും നീ ഇത് പ്ലാന്‍ ചെയ്യണം നീ എന്തായലും ഇരിക്കണം എന്നാണ് ഷാനു എന്നോട് പറഞ്ഞത്’, വിനീത് പറഞ്ഞു’.

അതു പോലെ താന്‍ ചെയ്ത പരസ്യം കണ്ടിട്ടുതന്നെയാണ് രഞ്ജിത്തേട്ടനും തന്നോട് സിനിമ ചെയ്യാന്‍ പറഞ്ഞതെന്നും ഒന്നര വര്‍ഷത്തിനുശേഷം താരം കഥ എഴുതി തുടങ്ങിയെന്നും സിനിമ ചെയ്യാന്‍ തിരുമാനിക്കുകയും ചെയ്‌തെന്നും താരം കൂട്ടിചേര്‍ത്തു.

Content Highlight: Vineeth Kumar Talk About Fahad Fazil And Rajinth

We use cookies to give you the best possible experience. Learn more