| Friday, 10th May 2024, 11:36 am

ഫഹദിനെ കുറിച്ച് നിങ്ങൾക്ക് ആർക്കും അറിയാത്ത ഒരു കാര്യമുണ്ട്, ഭാവിയിൽ എല്ലാവരുമത് അറിയും: വിനീത് കുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് എന്ന നടൻ ഒരു ബ്രാൻഡായി വളർന്ന് കൊണ്ടിരിക്കുകയാണ്. കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ ഫഹദ് ആരംഭത്തിൽ തന്നെ തിരിച്ചടി നേരിട്ടെങ്കിലും പിന്നീട് മലയാള സിനിമ കണ്ടത് മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളുടെ ഗംഭീര തിരിച്ചുവരവായിരുന്നു.

ഇന്നിപ്പോൾ മലയാളം പോലെ തന്നെ അന്യഭാഷകളിലും തിരക്കുള്ള നടനാണ് ഫഹദ്. വിക്രത്തിൽ കമൽ ഹാസനൊപ്പവും പുഷ്പയിൽ അല്ലു അർജുനൊപ്പവുമെല്ലാം കയ്യടി നേടാൻ ഫഹദിന് കഴിഞ്ഞു. ഏറ്റവും പുതിയ ചിത്രം ആവേശത്തിലും അത് ആവർത്തിക്കുകയാണ്.

എന്നാൽ ഫഹദ് ഒരു നടൻ മാത്രമല്ല ഗംഭീര ഫിലിം മേക്കർ കൂടിയാണെന്ന് നടനും സംവിധായകനുമായ വിനീത് കുമാർ പറയുന്നു. ഫഹദിനെ കുറിച്ച് ആർക്കും അറിയാത്ത കാര്യമാണ് അതെന്നും തീർച്ചയായും ഫഹദ് ഭാവിയിൽ ഒരു സിനിമ സംവിധാനം ചെയ്യുമെന്നും വിനീത് കുമാർ പറഞ്ഞു. ബിഹൈൻഡ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു താരം.

ഫഹദ് എന്ന നടനിൽ നിന്ന് ഇനിയും ഒരുപാട് കാണാനുണ്ടെന്നും വിനീത് പറഞ്ഞു. വിനീത് ആദ്യമായി സംവിധാനം ചെയ്ത അയാൾ ഞാനല്ല എന്ന ചിത്രത്തിൽ ഫഹദ് ആയിരുന്നു നായകൻ.

‘ഫഹദിനെ കുറിച്ച് നിങ്ങൾക്ക് ആർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ഫഹദ് ഒരു ഉഗ്രൻ ഫിലിം മേക്കറാണ്. അത് എന്തായാലും ഭാവിയിൽ വരും. ഞാൻ കാണുന്ന അഭിമുഖങ്ങളിലെല്ലാം ഫഹദ് പറയാറുള്ളത് കാണുന്നുണ്ട്, ഫഹദ് ഒരു സിനിമ സംവിധാനം ചെയ്യില്ലെന്ന്.

പക്ഷെ ഞാൻ വിശ്വസിക്കുന്നുണ്ട്. തീർച്ചയായും അവൻ ഒരു സിനിമ സംവിധാനം ചെയ്യും. ഇപ്പോൾ വേണമെന്നില്ല. കാരണം അവനിപ്പോൾ അഭിനയത്തിന്റെ തിരക്കിലാണ്.

ഫഹദ് എന്ന നടന് ഇനിയും ഒരുപാട് ചെയ്യാനുണ്ട്. പക്ഷെ അത് കഴിയുമ്പോൾ ഫഹദ് എന്തായാലും ഒരു സിനിമ ചെയ്യും എന്നുറപ്പാണ്,’വിനീത് കുമാർ പറയുന്നു.

Content Highlight: Vineeth Kumar Talk About Fahad Fazil

We use cookies to give you the best possible experience. Learn more