ദേവദൂതൻ എന്ന സിബി മലയിൽ ചിത്രം കണ്ട ആരും മറക്കാൻ ഇടയില്ലാത്ത ഒരു കഥാപാത്രമായിരുന്നു വിനീത് കുമാർ അവതരിപ്പിച്ച നിഖിൽ മഹേഷ്വർ. ചിത്രത്തിൽ കണ്ണുക്കാണാത്ത വിനീതിന്റെ കഥാപാത്രത്തെ പട്ടികൾ ഓടിക്കുന്ന ഒരു സീനുണ്ട്. അത് ഷൂട്ട് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് താരം.
തനിക്ക് പട്ടികളുമായി നേരത്തെ പരിചയം ഇല്ലായിരുന്നുവെന്നും വളരെ റിസ്ക്കിയായ ഷോട്ട് ആയിരുന്നു അതെന്നും തനിക്ക് പട്ടിയുടെ കടി കിട്ടിയെന്നും താരം പറയുന്നു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.
‘ദേവദൂതന്നിൽ നാല് പട്ടികളുമായി എനിക്കൊരു സീനുണ്ട്. ആ ഷൂട്ട് ആണെങ്കിൽ ഒട്ടും ഫ്രണ്ട്ലി ആയിരുന്നില്ല. കാരണം ഇതെന്നെ ഓടിക്കുകയാണ്. എന്റെ ഡ്യൂപ് അവിടെ ഉണ്ടായിരുന്നു.
സിബി സാർ എന്നോട് ചോദിച്ചിരുന്നു ഡ്യൂപ് വേണോയെന്ന്. എനിക്കാണെങ്കിൽ വീട്ടിൽ പട്ടിയില്ല, പട്ടികളുമായി യാതൊരു കണക്ഷനും ഉണ്ടായിരുന്നില്ല. എന്റേത് ബ്ലൈൻഡ് കഥാപാത്രം ആയത് കൊണ്ട് നോക്കാനും പറ്റില്ല. നോട്ടം മുകളിലേക്കാണ്.
ക്യാമറയുടെ സൈഡിൽ അഞ്ചു പട്ടിയെ പിടിച്ച് നിർത്തി, ഞാൻ അങ്ങനെ ഓടി പോവുന്ന ഷോട്ട് ആയിരുന്നു. അതെന്റെ പുറകിൽ വന്ന് ഞാനൊരു മരം തട്ടി വീഴണം.
ഞാൻ നല്ല വെള്ളയും വെള്ളയുമൊക്കെ ഇട്ട് ലൊക്കേഷനിൽ ചെന്നപ്പോൾ അവർ പറഞ്ഞു, പട്ടിക്ക് ബിസ്‌ക്കറ്റൊക്കെ കൊടുത്തു ഒന്ന് കൂട്ടായിക്കോള്ളൂവെന്ന്. ഞാൻ എന്തിനാണെന്ന് ചോദിച്ചു. ഒരു സീനുണ്ടെന്ന് പറഞ്ഞപ്പോൾ ഇതാണ് ആ സീൻ എന്നെനിക്ക് മനസിലായില്ല.
അവിടെ എത്തിയപ്പോൾ സിബി സാർ അത് പറഞ്ഞു. ഞാൻ എനിക്ക് കുഴപ്പമില്ല എന്ന് പറഞ്ഞു. പക്ഷെ ഫസ്റ്റ് ടേക്കിൽ തന്നെ ഞാൻ ഓടാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്ന് ക്യാച്ച് എന്നാണ് ഞാൻ കേൾക്കുന്നത്. ഓടി ചെന്ന് വീണപ്പോൾ അഞ്ചു പട്ടികളും എന്റെ മുകളിൽ നിൽക്കുകയാണ്. ശരിക്കും ഞാൻ പേടിച്ചു. കട്ട് പറഞ്ഞതിന് ശേഷവും എല്ലാ പട്ടികളും എന്റെ പിറകെ വരുകയാണ്.
സിബി സാർ അവിടെ നിന്ന് ആ പട്ടിയെ ആരെങ്കിലും പിടിക്കെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ഞാൻ ആണെങ്കിൽ ഓടി ആകെ അണച്ചിട്ടുണ്ട്. അപ്പോഴുണ്ട് ഒരു സഹ സംവിധായകൻ വന്നിട്ട് സിബി സാറോട് പറയുന്നു, ഫ്രെയ്മിൽ ഒരാൾ പെട്ടിട്ടുണ്ടെന്ന്. അത് കേട്ട് സിബി സാർ എന്നെ നോക്കി. ഞാൻ പറഞ്ഞു കുഴപ്പമില്ല നമുക്ക് ഒന്നൂടെ എടുക്കാമെന്ന്.
അടുത്ത ടേക്കിൽ നോക്കുമ്പോഴാണ് ഒരു പട്ടിയുടെ വായിൽ ബ്ലഡ് കാണുന്നത്. അത് സിനിമയ്ക്ക് വേണ്ടി ചെയ്ത ആർട്ടിഫിഷ്യൽ ബ്ലഡ് ആയിരുന്നു. അതിന്റെ ട്രെയ്നർ എന്നോട് പറഞ്ഞു, കൈ കാണിച്ച് കൊടുക്കരുത്, അവർ കൈയിൽ കടിക്കുമെന്ന്. അടുത്ത ടേക്കിൽ ഞാൻ ഓടി ചെന്ന് വീണപ്പോൾ അവർ എന്റെ കയ്യിൽ കടിച്ചു. പിന്നെ എന്നെ വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോയി ഇഞ്ചക്ഷനൊക്കെ എടുത്തു,’വിനീത് പറയുന്നു.
Content Highlight: Vineeth Kumar Talk About Devadhoothan Movie Shooting Experience