ഷോട്ട് കഴിഞ്ഞ ഉടനെ ലാലേട്ടൻ എന്നെ കെട്ടിപ്പിടിച്ചു, ആ സീനിന് അത്രയും ഇമ്പാക്ട് ഉണ്ടെന്ന് പിന്നെയാണ് അറിഞ്ഞത്: വിനീത് കുമാർ
Entertainment
ഷോട്ട് കഴിഞ്ഞ ഉടനെ ലാലേട്ടൻ എന്നെ കെട്ടിപ്പിടിച്ചു, ആ സീനിന് അത്രയും ഇമ്പാക്ട് ഉണ്ടെന്ന് പിന്നെയാണ് അറിഞ്ഞത്: വിനീത് കുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th May 2024, 8:13 am

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് വിനീത് കുമാർ.

സിബി മലയിൽ സിനിമകളിൽ ബാലതാരമായി നിറഞ്ഞ് നിന്ന വിനീത് ശ്രദ്ധേയമായ വേഷം ചെയ്ത ചിത്രമാണ് ഭരതം. മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഭരതം. ചിത്രത്തിലെ ക്ലൈമാക്സ്‌ സീൻ എടുത്ത അനുഭവം പറയുകയാണ് വിനീത്.

മോഹൻലാലുമൊത്തുള്ള ആ സീനിന് തൊട്ട് മുമ്പാണ് തനിക്ക് ഡയലോഗുകൾ കിട്ടുന്നതെന്നും മോഹൻലാൽ വരാൻ വൈകിയത് കൊണ്ട് നേരെ ഷോട്ടിലേക്ക് പോവുകയായിരുന്നുവെന്നും വിനീത് പറയുന്നു. എന്നാൽ ഷോട്ട് കഴിഞ്ഞ ശേഷം എല്ലാവരും തന്നെ അഭിനന്ദിച്ചുവെന്നും മോഹൻലാൽ കെട്ടിപ്പിടിച്ചെന്നും താരം പറഞ്ഞു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു വിനീത്.

‘എനിക്കൊരുപാട് ഇഷ്ടമുള്ള ആളാണ് സിബിസാർ. അദ്ദേഹത്തിന്റെ സിനിമകളും എനിക്കിഷ്ടമാണ്. അദ്ദേഹത്തിന് എന്നെയും ഒരുപാട് ഇഷ്ടമാണ്. സിബി സാറിന്റെ മുദ്ര എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. അതിൽ ഒരു സീനിൽ മാത്രമേ ഞാൻ ഉള്ളൂ. പക്ഷെ അത് കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹം എന്റെ നമ്പർ വാങ്ങി വെക്കാൻ കൺട്രോളറോട് പറഞ്ഞു.

പിന്നെ കോളുകൾ എല്ലാം വന്നത് മുദ്ര എന്ന സിനിമയുടെ തുടക്കത്തിൽ നിന്നാണ്. അതിന് ശേഷം ഭരതം, ദശരഥം, ദേവദൂതൻ, ഫ്ലാഷ് തുടങ്ങി ഒരുപാട് ചിത്രംങ്ങളിൽ അദ്ദേഹത്തിനൊപ്പം വർക്ക്‌ ചെയ്തു.

ഭരതത്തിലെ ക്ലൈമാക്സ്‌ ഷോട്ട് എടുക്കുന്ന അന്ന് ലാലേട്ടൻ എന്തോ പരിപാടിക്ക് പോയി എത്താൻ വൈകിയിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ കാത്തിരിക്കുന്ന സമയത്താണ് സീൻ എനിക്ക് തരുന്നത്. അന്നൊക്കെ ഫിലിമിൽ ഷൂട്ട്‌ ചെയ്യുന്നത് കൊണ്ട് നമ്മളൊരു നാലോ അഞ്ചോ റിഹേഴ്സൽ പോയിട്ടാണ് ടേക്ക് എടുക്കുക. പക്ഷെ ഞാൻ ഈ സീൻ ഒരു നാലഞ്ചു വട്ടം വായിച്ചു. ഷോട്ട് എടുക്കുമ്പോൾ കിട്ടുമെന്ന് കരുതി നിൽക്കുമ്പോൾ ലാലേട്ടൻ എത്താൻ ലേറ്റ് ആയത് കൊണ്ട് സിബി സാർ എന്നോട്, മോനേ ടേക്ക് പോയാലോയെന്ന് ചോദിച്ചു.

അങ്ങനെ ഫസ്റ്റ് ടേക്കാണ് നിങ്ങൾ ഇപ്പോൾ പടത്തിൽ കാണുന്നത്. ഇമോഷണൽ സീൻ ആയതുകൊണ്ട് ചില ഡയലോഗുകൾ ഞാൻ റിപ്പീറ്റ് ചെയ്തിരുന്നു. അത് കഴിഞ്ഞ് ഞാൻ ദൂരേക്ക് ഓടി പോവുകയാണ്. തിരിച്ച് ഞാൻ വന്നപ്പോഴേക്കും ഉടനെ ലാലേട്ടൻ എന്നെ കെട്ടിപ്പിടിച്ചു.

അത് കഴിഞ്ഞ് സിബി സാർ കെട്ടിപ്പിടിക്കുന്നു. എല്ലാവർക്കും നന്നായി ഇഷ്ടമാവുന്നു. പിറ്റേന്ന് മുരളി ചേട്ടൻ വന്നിട്ട്, നീ ഇന്നലെ തകർത്തുവെന്ന് കേട്ടല്ലോ എന്ന് ചോദിച്ചു. ആ സീനിന് അത്രയും ഇമ്പാക്റ്റ് ഉണ്ടായിരുന്നുവെന്ന് ബിഗ് സ്‌ക്രീനിൽ കണ്ടപ്പോഴാണ് മനസിലായത്.

Content Highlight: Vineeth Kumar Shares The Shooting Experiences Of Baratham Movie