|

മമ്മൂക്കയെയും ഹരിഹരന്‍ സാറിനെയും മൈന്‍ഡ് ചെയ്യാത്ത ആര്‍ട്ടിസ്റ്റായിരുന്നു ആ നടി: വിനീത് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന നടനാണ് വിനീത് കുമാര്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ വിനീതിന് സാധിച്ചിരുന്നു. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് വിനീതനെ  തേടിയെത്തിയിരുന്നു. അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് തുടങ്ങിയ സിനിമകളിലൂടെ സംവിധായകനായും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിനീത് കുമാര്‍. ചിത്രത്തില്‍ വിനീതിനൊപ്പം ജോമോളും ബാലതാരമായി വേഷമിട്ടിട്ടുണ്ട്. ജോമോളും താനും ബാലതാരങ്ങളായി രണ്ട് ചിത്രങ്ങളിലും വലുതായതിന് ശേഷം ഒരു സിനിമയിലും ഒന്നിച്ചഭിനയിച്ചിട്ടുണ്ടെന്ന് വിനീത് കുമാര്‍ പറഞ്ഞു.

ആ സെറ്റില്‍ ജോമോളെയും തന്നെയും എല്ലാവര്‍ക്കും വലിയ കാര്യമായിരുന്നെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ആ സെറ്റില്‍ തന്റെ പോര്‍ഷന്‍ ഷൂട്ട് ചെയ്തതിന് ശേഷം ഒരു കാര്യത്തിലും ഇടപെടാതെ പോകുന്നതായിരുന്നു ജോമോളുടെ രീതിയെന്നും വിനീത് കുമാര്‍ പറഞ്ഞു. മമ്മൂട്ടിയും ഹരിഹരനും കസേരിയില്‍ ഇരിക്കുന്നുണ്ടെങ്കില്‍ പോലും അവരെ മൈന്‍ഡ് ചെയ്യാതെയാണ് ജോമോള്‍ പോകാറുള്ളതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സംവിധായകന് എന്താണോ വേണ്ടത് അത് കൃത്യമായി ചെയ്യാന്‍ ജോമോള്‍ക്ക് സാധിക്കുമെന്നും അതിന് പകരം വല്ല ചോക്ലേറ്റോ മറ്റോ വേണമെന്ന് ഡിമാന്‍ഡ് വെക്കുമായിരുന്നെന്നും വിനീത് കുമാര്‍ പറഞ്ഞു. ബാലതാരമായിരിക്കുമ്പോള്‍ തന്നെ ജോമോള്‍ ആറ്റിറ്റിയൂഡ് ക്വീന്‍ ആയിരുന്നെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ഫ്‌ളവേഴ്‌സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനീത് കുമാര്‍ ഇക്കാര്യം പറഞ്ഞത്.

‘ജോയും ഞാനും മൊത്തം മൂന്ന് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി രണ്ട് സിനിമയിലും അല്ലാതെ ഒരു സിനിമയിലും. അമ്പിളിയുമായി കുട്ടിക്കാലത്ത് തന്നെ നാല് പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. ജോയുടെ ആക്ടിങ് രീതി തന്നെ വേറെയാണ്. ചെറുപ്പത്തില്‍ തന്നെ ഞാന്‍ അത് നന്നായി ഒബ്‌സര്‍വ് ചെയ്തിട്ടുണ്ടായിരുന്നു.

ജോയുടെ രീതി എങ്ങനെയാണെന്ന് വെച്ചാല്‍ ആര് എന്ത് ചെയ്താലും ഒരു വിഷയമില്ല. സെറ്റില്‍ ഇപ്പോള്‍ മമ്മൂക്ക ഒരു സൈഡിലും ഹരിഹരന്‍ സാറും ഉണ്ടെങ്കിലും ‘അവരൊക്കെ ഉണ്ടെങ്കില്‍ എനിക്കെന്താ’ എന്നൊരു ആറ്റിറ്റിയൂഡാണ്. ഒരു ചൈല്‍ഡ് ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് അത് നല്ലൊരു കാര്യമാണ്. അത് മാത്രമല്ല, ജോയ്ക്ക് ഓരോ ഡിമാന്‍ഡുകളും ഉണ്ടായിരുന്നു. ‘ആ സീന്‍ ഞാന്‍ ചെയ്യാം, പക്ഷേ എനിക്കൊരു ചോക്ലേറ്റ് വേണം’ എന്നൊക്കെ ഡിമാന്‍ഡ് വെക്കുമായിരുന്നു,’ വിനീത് കുമാര്‍ പറഞ്ഞു.

Content Highlight: Vineeth Kumar shares the shooting experience with Jomol in Oru Vadakkan Veeragatha movie

Video Stories