| Thursday, 4th July 2024, 4:33 pm

കട്ട് വിളിക്കുന്നത് വരെ പട്ടിയുടെ കടി കൊള്ളാതെ പിടിച്ചുനിന്നു, പക്ഷേ ഒടുവില്‍ കടി കിട്ടി: വിനീത് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് വിനീത് കുമാര്‍. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനയാും സഹനടനായും താരം തിളങ്ങി. ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ വിനീതിന് സാധിച്ചു. പിന്നീട് ഡിയര്‍ ഫ്രണ്ട്, പവി കെയര്‍ടേക്കര്‍ എന്നീ ചിത്രങ്ങളും വിനീതിന്റെ സംവിധാനത്തില്‍ പുറത്തുവന്നു.

സിബി മലയില്‍ സംവിധാനം ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ ദേവദൂതന്‍ എന്ന സിനിമയില്‍ വിനീത് അവതരിപ്പിച്ച നിഖില്‍ മഹേശ്വര്‍ എന്ന കഥാപാത്രം ഇന്നും സിനിമാപ്രേമികള്‍ ഓര്‍ത്തിരിക്കുന്ന ഒന്നാണ്. വളരെ കുറച്ചു സീനുകള്‍ മാത്രമേ സിനിമയിലുള്ളുവെങ്കിലും നിഖില്‍ മഹേശ്വറായി മികച്ച പ്രകടനമാണ് വിനീത് കാഴ്ചവെച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിനീത് കുമാര്‍.

സിനിമയിലെ തന്റെ കഥാപാത്രത്തെ പട്ടി കടിക്കാന്‍ ഓടിക്കുന്ന സീന്‍ മൂന്ന് ദിവസം ഷൂട്ട് ചെയ്യേണ്ടി വന്നെന്നും ഒരു തവണ തന്നെ പട്ടി കടിച്ചെന്നും വിനീത് പറഞ്ഞു. ആദ്യ ടേക്കില്‍ ഒരുവിധത്തില്‍ പട്ടിയുടെ കടിയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ആ സമയത്ത് ഫ്രെയിമില്‍ ഒരാള്‍ കേറി വന്നതുകൊണ്ട് രണ്ടാമത് എടുക്കേണ്ടി വന്നെന്നും താരം പറഞ്ഞു.

രണ്ടാമത്തെ ടേക്കിലാണ് തന്നെ പട്ടി കടിച്ചതെന്നും രണ്ട് ദിവസം കഴിഞ്ഞാണ് ആ സീന്‍ പിന്നെ ഷൂട്ട് ചെയ്യാനായതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ദേവദൂതനിലെ ആ സീനില്‍ അഞ്ച് പട്ടികളാണ് എന്നെ ഓടിച്ചത്. സിബി സാര്‍ ആക്ഷന്‍ പറഞ്ഞതും ഞാന്‍ ഓടാന്‍ തുടങ്ങി. അതേ സമയത്ത് തന്നെ ഡോഗ് ട്രെയിനര്‍ ക്യാച്ച് എന്നും പറഞ്ഞു. തിരിഞ്ഞ് നോക്കുമ്പോള്‍ എല്ലാ പട്ടികളും എന്നെ പിടിച്ചേ തീരൂ എന്ന മൈന്‍ഡില്‍ ഓടുന്നു. ആ സീനില്‍ കാണുന്ന പോലെ മരത്തില്‍ തട്ടി ഞാന്‍ വീണതും പട്ടികളെല്ലാം എന്നെ വട്ടംകൂടി നിന്ന് കടിക്കാന്‍ തുടങ്ങി. എങ്ങനെയോ ഒരുവിധം കട്ട് വിളിക്കുന്നത് വരെ കടി കൊള്ളാതെ പിടിച്ചുനിന്നു.

സിബി സാര്‍ കട്ട് വിളിച്ചിട്ടും പട്ടികള്‍ എന്റെ ചുറ്റിലും കിടന്ന് ചുറ്റുകയാണ്. ‘ആരെങ്കിലും ആ പട്ടികളെ പിടിച്ചുമാറ്റ്’ എന്ന് പറഞ്ഞ് സിബി സാര്‍ അലറി. ആ സമയത്ത് ഒരു അസിസ്റ്റന്റ് പുള്ളിയോട് പറഞ്ഞു, ‘ഫ്രെയിമില്‍ ഒരാള്‍ അറിയാതെ പെട്ടിട്ടുണ്ട്’ എന്ന്. അങ്ങനെ റീടേക്ക് എടുക്കേണ്ടി വന്നു. രണ്ടാമത് എടുത്തപ്പോള്‍ എനിക്ക് കടി കിട്ടി. ഷൂട്ട് നിര്‍ത്തി വെച്ചിട്ട് ഞാന്‍ ഹോസ്പിറ്റലില്‍ പോയി. രണ്ട് ദിവസം കഴിഞ്ഞിട്ടാണ് ആ സീന്‍ പിന്നെ എടുത്തത്,’ വിനീത് കുമാര്‍ പറഞ്ഞു.

Content Highlight: Vineeth Kumar shares the shooting experience of Devadoothan

We use cookies to give you the best possible experience. Learn more