| Tuesday, 12th July 2022, 1:54 pm

പ്രേക്ഷകരെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യേണ്ട കാര്യമില്ല; ഡിയര്‍ ഫ്രണ്ടിന്റെ തിയേറ്റര്‍ പരാജയത്തെ കുറിച്ച് വിനീത് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ് നായകനായ ഡിയര്‍ ഫ്രണ്ട് ജൂണ്‍ പത്തിനാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിങ്ങനെ വലിയ താരനിര എത്തിയിരിക്കുന്ന ചിത്രം ബാഗ്ലൂര്‍ പശ്ചാത്തലത്തില്‍ ഏതാനും യുവാക്കളുടെ കഥയായിരുന്നു പറഞ്ഞത്.

വലിയ വിജയമാകാതെയാണ് ചിത്രം തിയേറ്റര്‍ വിട്ടത്. ശേഷം ജൂലൈ 10ന് ഒ.ടി.ടി റിലീസ് ആയി നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയ ചിത്രം ഇപ്പോള്‍ മികച്ച പ്രതികരണവും പ്രേക്ഷകപ്രശംസയും നേടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന് ഒ.ടി.ടി റിലീസ് ആയിരുന്നോ നല്ലത് എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ വിനീത് കുമാര്‍. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനീത് കുമാര്‍ ഈ ചോദ്യത്തിന് മറുപടി നല്‍കിയത്.

നേരിട്ട് ഒ.ടി.ടി ആയിരുന്നു നല്ലതെന്ന് തോന്നുന്നില്ലെന്നും തിയേറ്ററില്‍ തന്നെ സിനിമ കാണേണ്ടതാണെന്നും, പ്രേക്ഷകരെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യേണ്ട കാര്യമില്ല എന്നുമാണ് വിനീത് പറയുന്നത്.

ലളിതഗാനം, ശാസ്ത്രീയ സംഗീതം എന്ന് പല തരത്തില്‍ സംഗീതമുള്ളപോലെ പല രീതിയില്‍ ആസ്വദിക്കപ്പെടുന്ന പല തലങ്ങളിലുള്ള സിനിമകള്‍ ഉണ്ടെന്നും എല്ലാ തരം സിനിമകളും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്ന് പറയാന്‍ സാധിക്കില്ലെന്നും വിനീത് കൂട്ടിച്ചേര്‍ക്കുന്നു.

‘ആദ്യമേ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശം. തിയേറ്ററില്‍ കണ്ട പ്രേക്ഷകരെ നമുക്ക് കുറ്റം പറയാനാകില്ല. കാരണം അവര്‍ ആഗ്രഹിക്കുന്ന ഒരു സിനിമ അവര്‍ക്ക് കിട്ടാതെവരുമ്പോള്‍ പറയുന്ന കാര്യങ്ങളാണ്. ഈ സിനിമ ഇങ്ങനെ ആണെന്ന് മനസ്സിലാക്കി അതിനെ ആ രീതിയില്‍ ആസ്വദിക്കുന്ന പ്രേക്ഷകര്‍ തിയേറ്ററുകളിലേയ്ക്ക് എത്തിയില്ലെന്നു മാത്രം.’,വിനീത് പറയുന്നു.

ഇതിന് മുമ്പ് ഫഹദ് ഫാസിലിനെ നായകനാക്കി അയാള്‍ ഞാനല്ല എന്ന ചിത്രവും വിനീത് സംവിധാനം ചെയ്തിട്ടുണ്ട്. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഡിയര്‍ ഫ്രണ്ടിന്റെ നിര്‍മിച്ചത്. ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു തിരക്കഥ. ദീപു ജോസഫാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്.

Content Highlight : Vineeth kumar open up about the theatre failure of Dear freind movie

We use cookies to give you the best possible experience. Learn more