|

ആ സീനിയർ നടനോട് കഥ പറയുന്നത് ഒരു വെല്ലുവിളിയായിരുന്നു: വിനീത് കുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമ ജീവിതം ആരംഭിച്ച നടനാണ് വിനീത് കുമാർ. കരിയറിന്റെ തുടക്കത്തിൽ തന്നെ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കാൻ വിനീതിന് സാധിച്ചിരുന്നു.

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും വിനീത് കരസ്ഥമാക്കിയിട്ടുണ്ട്. അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് തുടങ്ങിയ സിനിമകളിലൂടെ സംവിധായകനായും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.

സംവിധായകനായതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. താൻ ആദ്യമായി ഒരു കഥ പറയുന്നത് നടൻ ശ്രീനിവാസനോടാണെന്നും അതെല്ലാം തന്നെ സംബന്ധിച്ച് ഒരു വെല്ലുവിളിയായിരുന്നുവെന്നും വിനീത് പറയുന്നു. വണ്ടർവാൾ മീഡിയ നെറ്റ് വർക്കിനോട് സംസാരിക്കുകയായിരുന്നു വിനീത്.

‘എനിക്ക് ഫഹദുമായി നല്ല സൗഹൃദം ഉണ്ടെങ്കിലും എനിക്ക് ഇഷ്ടമാവുന്ന ഒരു സബ്ജെക്ട് ഫഹദിനും കൂടെ ഇഷ്ടമാണെങ്കിൽ മാത്രം ചെയ്യുക എന്നുള്ളതാണ് ശരി. ഏതൊരു നടനോടും ടെക്നിഷ്യനോടും കഥപറയുമ്പോഴും അങ്ങനെയാണ്. നമ്മുടെ സൗഹൃദമൊന്നും അതിൽ ബാധകമാവരുതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

അപ്പോഴാണ് എനിക്കും ഒരു ചാലഞ്ച്. കാരണം നമ്മൾ അവരെ എക്സൈറ്റ് ചെയ്യിപ്പിക്കണമല്ലോ. അങ്ങനെ വിചാരിക്കുന്ന ആളാണ് ഞാൻ. ഞാൻ ആദ്യം ഈ കോൺഫിഡൻസ് ബിൽഡ് ചെയ്യുന്നത് ശ്രീനിയേട്ടന്റെ അടുത്താണ്. ഞാൻ ഒരു സിനിമയുടെ കഥ ആദ്യമായി പറയുന്നത് ശ്രീനിയേട്ടന്റെ അടുത്താണ്.

അദ്ദേഹത്തോട് കഥ പറയുക എന്നത് തന്നെ ഒരു വെല്ലുവിളിയാണ്. കാരണം ഇത്രയും സിനിമകൾ പല രീതിയിൽ കഥകൾ എഴുതി ഉണ്ടാക്കിയ ആളാണ് ശ്രീനിയേട്ടൻ. അപ്പോൾ അദ്ദേഹത്തോട് ഒരു കഥ പറഞ്ഞിരുത്തുകയെന്നത് ഒരു വെല്ലുവിളിയായിരുന്നു. അത് കഴിഞ്ഞ് രഞ്ജിയേട്ടന്റെ അടുത്താണ് ഞാൻ സംസാരിച്ചത്.

അയാൾ ഞാൻ അല്ല എന്ന ചിത്രം കമ്മിറ്റ് ചെയ്തതിന് മുമ്പ് ഞാൻ രഞ്ജിത്ത് ഏട്ടനുമായി ഒരു മൂന്നോ നാലോ കഥകൾ സംസാരിച്ചിരുന്നു. അദ്ദേഹം എനിക്ക് കഥ കേൾക്കാൻ ഇരുന്ന് തരുമായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളൊക്കെ പറയും. നമ്മുടെ തന്നെ ആത്മ വിശ്വാസം ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്ന ഒരു പ്രൊസസ് ആയിരുന്നു അതെല്ലാം,’വിനീത് കുമാർ പറയുന്നു.

Content Highlight: Vineeth Kumar About Sreenivasan And His Stories