ബാലതാരമായി സിനിമ ജീവിതം ആരംഭിച്ച നടനാണ് വിനീത് കുമാർ. കരിയറിന്റെ തുടക്കത്തിൽ തന്നെ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കാൻ വിനീതിന് സാധിച്ചിരുന്നു. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും വിനീത് കരസ്ഥമാക്കിയിട്ടുണ്ട്. അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് തുടങ്ങിയ സിനിമകളിലൂടെ സംവിധായകനായും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.
മമ്മൂട്ടി നായകനായി എത്തിയ അപരിചിതൻ എന്ന ചിത്രത്തിൽ വിനീത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിലേക്ക് തന്നെ നിർദേശിച്ചത് മമ്മൂട്ടിയാണെന്നും എന്നാൽ അത് താൻ അറിഞ്ഞില്ലെന്നും വിനീത് പറയുന്നു. അപരിചിതനിൽ കിട്ടിയ കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോൾ അദ്ദേഹമത് നേരത്തെ അറിഞ്ഞുവെന്ന് പറഞ്ഞെന്നും വിനീത് പറയുന്നു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.
‘മമ്മൂക്കയുടെ കൂടെ ഞാൻ ചെയ്തിട്ടുള്ള പടങ്ങളാണ് സേതുരാമയ്യർ സി.ബി.ഐ, അപരിചിതൻ, വിഷ്ണു ഇതൊക്കെ. അതിൽ അപരിചിതനിലേക്ക് മമ്മൂക്കയാണ് എന്നെ നിർദ്ദേശിച്ചത്.
പക്ഷെ അതെനിക്ക് അറിയില്ലായിരുന്നു. ഒരു ദിവസം എനിക്ക് ആ ചിത്രത്തിൽ നിന്ന് കോൾ വന്നതായിരുന്നു. ഒരു സിനിമയുടെ ടെക്നിഷ്യൻമാരെ ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ ശ്രദ്ധിച്ച ഒരു സിനിമയായിരുന്നു അപരിചിതൻ.
കാരണം ജീവ സാർ, സന്തോഷ് ശിവൻ സാർ എന്നിവരൊക്കെയായിരുന്നു ആ ചിത്രത്തിലെ ടെക്നിഷ്യൻസ്. ഇതൊക്കെ വലിയ എക്സൈറ്റിങ് നൽകുന്ന കാര്യങ്ങളായിരുന്നു എനിക്ക്. അവരുടെയൊക്കെ ഒരു പ്രൊജക്റ്റിൽ വർക്ക് ചെയ്യുകയെന്നത് ഭാഗ്യമാണ്. ഒരു ദിവസം മമ്മൂക്കയോട് ഈ കാര്യം പറഞ്ഞപ്പോഴാണ് അദ്ദേഹം അതെനിക്ക് അറിയാമെന്ന് പറയുന്നത്. അത് കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി.
ഞാൻ ഈ പടത്തിൽ ഉള്ളത് മമ്മൂക്കക്ക് ആദ്യമേ അറിയുമോ എന്ന് ഞാൻ അന്വേഷിച്ചപ്പോഴാണ് മമ്മൂക്ക എന്നെ അപരിചിതനിലേക്ക് നിർദേശിച്ച കാര്യം ഞാൻ അറിയുന്നത്,’ വിനീത് കുമാർ പറയുന്നു.
Content Highlight: Vineeth Kumar About Mammooty And Aparichithan Movie