ഞാൻ ഉണ്ടാക്കിയ കഥകൾ ഏറ്റവും കൂടുതൽ കേട്ടത് ആ യുവനടനാണ്: വിനീത് കുമാർ
Entertainment
ഞാൻ ഉണ്ടാക്കിയ കഥകൾ ഏറ്റവും കൂടുതൽ കേട്ടത് ആ യുവനടനാണ്: വിനീത് കുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th January 2025, 9:19 am

ബാലതാരമായി സിനിമ ജീവിതം ആരംഭിച്ച നടനാണ് വിനീത് കുമാർ. കരിയറിന്റെ തുടക്കത്തിൽ തന്നെ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കാൻ വിനീതിന് സാധിച്ചിരുന്നു.

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും വിനീത് കരസ്ഥമാക്കിയിട്ടുണ്ട്. അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് തുടങ്ങിയ സിനിമകളിലൂടെ സംവിധായകനായും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.

ഗുരുനാഥൻ എന്ന് പറയാൻ തനിക്കൊരാളില്ലെന്നും വർക്ക് ചെയ്തിട്ടുള്ള എല്ലാ സംവിധായകരും തനിക്ക് ഗുരുക്കന്മാരാണെന്നും വിനീത് പറയുന്നു. സിനിമയിൽ തന്റെ അടുത്ത സുഹൃത്ത് ഫഹദ് ഫാസിൽ ആയിരുന്നുവെന്നും ഒരുപാട് കഥകൾ ഫഹദിനോട് പറഞ്ഞിട്ടുണ്ടെന്നും വിനീത് പറഞ്ഞു.

ഒരു പ്രത്യേകഗണത്തിൽ ആരെയും തളച്ചിടാൻ കഴിയില്ലെന്നും സംവിധാനവും അഭിനയവുമെല്ലാം ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്നവരുണ്ടെന്നും വിനീത് കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു വിനീത് കുമാർ.

‘എടുത്തുപറയാൻ ഒരു പ്രത്യേക വ്യക്തിയില്ല. ഞാൻ കണ്ട സിനിമയുടെ സംവിധായകരെല്ലാം എന്റെ ഗുരുനാഥന്മാരാണ്. ബാലതാരമായി നേരത്തേതന്നെ സിനിമയിൽ എത്തിയതിനാൽ മലയാളസിനിമയിലെ മികച്ച സംവിധായകർക്കൊപ്പം സിനിമ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഇവരെല്ലാം എങ്ങനെയാണ് രസകരമായി ഒരു നടനെ കഥാപാത്രമാക്കി ഒരുക്കുന്നതെന്ന് കണ്ടിട്ടുണ്ട്. അതെല്ലാം സംവിധായകനായപ്പോൾ എന്നെയും സ്വാധീനിച്ചിട്ടുണ്ട്.

സിനിമയിലെ എൻ്റെ അടുത്തസുഹൃത്തായിരുന്നു ഫഹദ് ഫാസിൽ. ഞാൻ ഉണ്ടാക്കാറുള്ള കഥകൾ ഏറ്റവും കൂടുതൽ കേട്ടത് ഫഹദാണ്.

സംവിധായകനാകാൻ എനിക്ക് വലിയ ആത്മവിശ്വാസവും ഊർജവും സമ്മാനിച്ചത് സംവിധായകൻ രഞ്ജിയേട്ടനും ഫഹദ് ഫാസിലുമാണ്.

ഇന്ന് സംവിധായകൻ നടനാകുകയും നടൻ സംവിധായകനാകുകയും സംവിധായകൻ ക്യാമറാമാനാകുകയും ചെയ്‌ത് വിസ്‌മയിപ്പിക്കുന്ന കാലമാണ്. ഒരു പ്രത്യേകഗണത്തിൽ ഇവിടെ ആരെയും തളച്ചിടാൻകഴിയില്ല. വളരെ സൗഹാർദപരമായ കൂട്ടായ്‌മയിലാണ് ഇപ്പോൾ സിനിമ നടക്കുന്നത്.

ഞാൻ സംവിധായകനായി ഒരുങ്ങിയകാലത്ത് അഭിനയിക്കാൻ നല്ല അവസരങ്ങൾ വന്നിരുന്നു. പക്ഷേ, അന്ന് എനിക്കത് മാനേജ്‌ ചെയ്യാൻ കഴിഞ്ഞില്ല. ഇനി സംവിധാനത്തിൽ നിന്ന് കുറച്ചുകാലം ഇടവേളയെടുത്ത് അഭിനയത്തിൽ ഫോക്കസ് ചെയ്യാനാണ് പ്ലാൻ. അതിനിടയിൽ സമാന്തരമായി ഒരു തിരക്കഥാരചനയുമുണ്ട്,’വിനീത് പറയുന്നു.

 

Content Highlight: Vineeth Kumar About fahad Fazil And His Films