കാലം തെറ്റി ഇറങ്ങിയതുകൊണ്ട് പരാജയമാകേണ്ടി വന്ന ചിത്രമാണ് ദേവദൂതന്‍. രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍.
2000ത്തില്‍ ക്രിസ്മസ് റിലീസായെത്തിയ മിസ്റ്ററി ഹൊറര്‍ ചിത്രം പ്രേക്ഷകര്‍ കൈയൊഴിയുകയാണുണ്ടായത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ദേവദൂതന്‍ പരാജയപ്പെടേണ്ട സിനിമയായിരുന്നില്ല എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.
പഴയ സിനിമകള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ 4k ദൃശ്യമികവിലേക്ക് മാറ്റി റീ റിലീസ് ചെയ്യുന്നത് ട്രെന്‍ഡായി മാറിയപ്പോള്‍ ദേവദൂതനും 4k അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയേറ്ററുകളിലെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചു. ചിത്രത്തിന്റെ റീ റിലീസ് ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മികച്ച സ്വീകരണമാണ് ട്രെയ്ലറിന് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
ചിത്രത്തിൽ നിഖിൽ മഹേഷ്വർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ വിനീത് ആയിരുന്നു. ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുമ്പോൾ താൻ കാത്തിരിക്കുന്നത് ചിത്രത്തിലെ എൻ ജീവനെ എന്ന ഗാനത്തിനാണെന്നും ആ പാട്ടിനിടയിൽ കരളേ എൻ കൈ പിടിച്ചാൽ എന്ന ഗാനത്തിന്റെ ഒരു ഭാഗം വരുന്ന മിക്സ് അന്ന് തിയേറ്ററിൽ കേട്ട് താൻ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും വിനീത് പറയുന്നു. ചിത്രം 4K ആയി എത്തുമ്പോൾ ആ അനുഭവം വീണ്ടും അറിയാനാണ് താൻ കാത്തിരിക്കുന്നതെന്നും വിനീത് പറഞ്ഞു.
‘ദേവദൂതനുമായി ബന്ധപ്പെടുത്തി എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമുണ്ട്. എന്റെ ഒരു അനുഭവമാണ്. ഇനി ദേവദൂതൻ തിയേറ്ററിൽ നിന്ന് കാണാൻ പോവുന്നവർ ശ്രദ്ധിക്കാൻ വേണ്ടി ഞാൻ പറയുകയാണ്.
ഞാൻ ദേവദൂതൻ കാണുന്നത് കണ്ണൂർ ഉള്ള എൻ. എസ് എന്നൊരു തിയേറ്ററിൽ വെച്ചാണ്. അന്ന് എന്റെ മുഖം സ്‌ക്രീനിൽ കണ്ടപ്പോഴോ അല്ലെങ്കിൽ അതിനകത്തെ മറ്റ് സീനുകളോ കണ്ടപ്പോൾ അല്ല ഞാൻ ഏറ്റവും അധികം എക്സൈറ്റഡായത്.
ഞാൻ ഏറ്റവും അമ്പരന്നത് ദേവദൂതനിൽ എൻ ജീവനെ എന്ന് പറഞ്ഞ ഒരു ഗാനമുണ്ട്, ആ പാട്ടിനകത്ത് കരളേ നീ കൈയിൽ പിടിച്ചാൽ എന്ന സോങ്ങിന്റെ ഒരു ഹമിങ് വരുന്നുണ്ട്. അത് സറൗണ്ടിലേക്ക് അന്ന് മിക്സ് ചെയ്തത് അതിഗംഭീരമായിട്ടാണ്.
ആ ഒരു മൊമെന്റ് സത്യത്തിൽ എക്സൈറ്റഡായി എനിക്ക് രോമാഞ്ചം വന്നൊരു ഭാഗമാണ്. വീണ്ടും ചിത്രം തിയേറ്ററിൽ 4K യിൽ വരുമ്പോൾ അത് മിക്സ് ചെയ്ത് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും തിയേറ്ററിൽ ആദ്യം ഇറങ്ങിയപ്പോൾ സാമ്പത്തികമായി വിജയിക്കാതെ പോയൊരു സിനിമ റീ റിലീസ് ആവുന്നത്. സിനിമയുടെ വിജയം എപ്പോഴും സാമ്പത്തികമായി വിജയിച്ചു കൊണ്ടാവണമെന്നില്ല എന്നതിന് തെളിവാണ് ദേവദൂതൻ,’വിനീത് പറയുന്നു.
Content Highlight: Vineeth Kumar About Devadoothan Rerelease