ചില സംവിധായകര്‍ വിളിച്ചാല്‍ ഒരു ഷോട്ടാണെങ്കിലും പോയി ചെയ്യുമായിരുന്നു എന്ന് നടന്‍ വിനീത്. സിനിമയിലേക്ക് വന്ന സമയത്ത് സെലക്ഷന്‍ പ്രോസസ് ഒന്നുമുണ്ടായിരുന്നില്ലെന്നും, വലിയ മാസ്‌റ്റേഴ്‌സ് ആയിട്ടുള്ള ആളുകളാണ് വിളിക്കുന്നത് എന്നത് കൊണ്ട് തന്നെ ഒന്നും നോക്കാതെ പോയി അഭിനയിക്കുമായിരുന്നു എന്നും വിനീത് പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത്. ഹരിഹരന്‍, പത്മരാജന്‍, ഭരതന്‍, അരവിന്ദന്‍ തുടങ്ങിയവര്‍ തനിക്ക് നല്‍കിയ അവസരങ്ങളെ കുറിച്ചും വിനീത് അഭിമുഖത്തില്‍ പറയുന്നു.
‘അന്ന് അങ്ങനെ സെലക്ഷന്‍ പ്രോസസൊന്നുമുണ്ടായിരുന്നില്ല. ഞാനൊരു പുതുമുഖമായിരുന്നു. വലിയ മാസ്റ്റേഴ്‌സായിട്ടുള്ള സംവിധായകരായിരുന്നു വിളിച്ചിരുന്നത്. ആ അവസരത്തിന്റെ മൂല്യം മനസ്സിലാക്കാനുള്ള പക്വത എനിക്കുണ്ടായിരുന്നു. 15ഉം 16ഉം വയസ്സുള്ള കാലമായിരുന്നു അത്. അരവിന്ദന്‍, ഭരതന്‍, പത്മരാജന്‍, ഹരിഹരന്‍ ഇവരുടെയൊക്കെ പ്രൊജക്ടുകളായിരുന്നു അന്ന്. അതിന്റെ മൂല്യം എനിക്ക് മനസ്സിലാക്കാന്‍ പറ്റിയിരുന്നു.
അവരൊക്കെ വിളിക്കുമ്പോള്‍ മറ്റൊന്നും നോക്കാതെ പോയി അഭിനയിക്കുമായിരുന്നു. അവിടെ സെലക്ഷനൊന്നുമുണ്ടായിരുന്നില്ല. നമുക്കറിയാമായിരുന്നു അവരുടെ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്ന്. അവിടെ കഥാപാത്രത്തിന്റെ സ്വഭാവമൊന്നും നോക്കാറില്ല. അവരുടെ പടമാണെങ്കില്‍ പോയി ചെയ്യുക എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാരണം അവരൊക്കെ ഗ്രേറ്റ് മാസ്റ്റേഴ്‌സാണ്.
എം.ടി. സാറിന്റെ കഥാപാത്രമെന്നൊക്കെ പയുമ്പോള്‍ നമുക്കത് പഠനാനുഭവമാണ്. അതൊക്കെയായിരുന്നു എന്റെ ട്രെയിനിങ് ഗ്രൗണ്ട്. അതിലൂടെയാണ് ഞാന്‍ പഠിച്ചു വളരുന്നത്. സെലക്ഷന്‍ പ്രോസസൊന്നും അന്നില്ല. അതൊക്കെ കുറെ കഴിഞ്ഞതിന് ശേഷമാണ് തുടങ്ങിയത്. പിന്നീടും ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന ഒരു സംവിധായകര്‍ വിളിച്ചാല്‍ അവിടെ എന്താണ് എന്റെ ക്യാരക്ടര്‍ എന്ന ചോദ്യമൊന്നുമുണ്ടായിരുന്നില്ല. ഒരു സീനാണെങ്കില്‍ പോലും ഒന്നും നോക്കാതെ പോയി അഭിനയിക്കുമായിരുന്നു. പക്ഷെ പൊതുവായി ഒരു പരസ്പര വിശ്വാസമുണ്ടായിരുന്നു. എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ മാത്രമേ അവര്‍ നമ്മളെ വിളിക്കുമായിരുന്നുള്ളൂ.
ഹരിഹരന്‍ സാറിന്റെ ഒരു സിനിമയില്‍ ആദ്യം എന്നെ പരിഗണിച്ചു. അന്ന് ഞാന്‍ തെലുങ്കില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയമാണ്. ഞാന്‍ ഡേറ്റൊക്കെ ബ്ലോക്ക് ചെയ്തു. പിന്നെ ഒരു മാസം കഴിഞ്ഞ് ഹരിഹരന്‍ സാര്‍ വിളിച്ചിട്ട് പറഞ്ഞു, അതൊരു ചെറിയ സീനാണെന്ന് എം.ടി. പറഞ്ഞുവെന്ന്. ആ കരുതല്‍ അവര്‍ക്കുമുണ്ടായിരുന്നു.
ഹരിഹരന്‍ സാര്‍ ഇനി നാളെ വിളിച്ചാല്‍ ഒരു ഷോട്ടാണെങ്കിലും ഞാന്‍ പോയി ചെയ്യും. ഏത് സമയത്താണെങ്കിലും അത് ചെയ്യും. അത് എന്റെ ജനറേഷനില്‍ പെട്ട ആക്ടേഴ്‌സിന്റെ ഒരു സമര്‍പ്പണമാണ്. അത് മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ചെയ്യും. അവരുടെയൊക്കെ പ്രൊഫൈല്‍ നോക്കിയാല്‍ അത് കാണാന്‍ കഴിയും. സുഹൃത്തുക്കള്‍ക്ക് വേണ്ടിയും ചിലരെ സഹായിക്കാന്‍ വേണ്ടിയും അവരൊക്കെ എത്രയോ സിനിമകള്‍ ചെയ്തിട്ടുണ്ട്’, വിനീത് പറഞ്ഞു.
content highlights: Vineeth about the legendary directors