പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പി.വി.ആര്‍ മള്‍ട്ടിപ്ലെക്‌സും തമ്മിലുള്ള പ്രശ്‌നം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരൊറ്റ സെന്ററില്‍ മാത്രം കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു തുടങ്ങിയ പ്രശ്‌നം ഇന്ത്യ മുഴുവനുള്ള പി.വി.ആര്‍ സെന്ററുകളില്‍ മലയാളസിനിമ പ്രദര്‍ശിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കെത്തിച്ചിരിക്കുകയാണ്. പുതിയ റിലീസുകള്‍ക്ക് പുറമെ, നല്ല രീതിയില്‍ പ്രദര്‍ശനം തുടര്‍ന്ന മലയാളസിനിമകളെയും പി.വി.ആര്‍ പിന്‍വലിച്ചിരിക്കുകയാണ്.
കോടികളുടെ നഷ്ടമാണ് ഇതുമൂലം മലയാളസിനിമകള്‍ക്ക് സംഭവിച്ചത്. കേരളത്തിനുപുറത്ത് വളരെ ചുരുക്കം സെന്ററുകളില്‍ മാത്രമേ പുതിയ മലയാളം സിനിമകളുടെ പ്രദര്‍ശനമുള്ളൂ. ഇത് പി.വി.ആറില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രശ്‌നമല്ലെന്ന് വിനീത് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ഫാമിലി ഓഡിയന്‍സിനെ സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതാണ് ഇത്തരം സംഭവങ്ങളെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
‘ഈ പ്രശ്‌നം പി.വി.ആറില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഇന്ത്യയിലെ ഒരുപാട് ചെറിയ തിയേറ്ററുകള്‍ പി.വി.ആറിന്റെ കൈയിലാണ്. അതുപോലെ ഐനോക്‌സ് എന്ന മള്‍ട്ടിപ്ലെക്‌സ് ചെയിന്‍ പി.വി.ആറിന്റെ കീഴിലാണ്. ഇവിടെയൊന്നും ഒരൊറ്റ മലയാളസിനിമയില്ല. കേരളത്തിന് പുറത്ത് നമ്മളുടെ സിനിമകളൊന്നും അവൈലബിളല്ല.
പ്രേക്ഷകന് തിയേറ്റര്‍ ലോയല്‍റ്റി എന്നൊരു സാധനമുണ്ട്. അവരുടെ വീടിന്റെ തൊട്ടടുത്തുള്ള തിയേറ്ററില്‍ പോകുന്നത് അവര്‍ക്ക് സൗകര്യമാണ്. ഒരു ഫാമിലി സിനിമക്ക് പോകാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ ആദ്യം നോക്കുന്നത് അടുത്തുള്ള തിയേറ്ററില്‍ സിനിമയുണ്ടോ എന്നാകും. കാരണം, വൈകുന്നേരത്തെ സിനിമക്ക് പോയി നേരത്തെ വീട്ടിലെത്തി കുട്ടികളെ ഉറക്കേണ്ടതുണ്ട്. ഇത്തരം ഒരുപാട് കണ്‍വീനിയന്‍സ് നോക്കിയിട്ടാണ് അവര്‍ ഒരു തിയേറ്റര്‍ തെരഞ്ഞെടുക്കുന്നത്.
അങ്ങനെ പലര്‍ക്കും കണ്‍വീനിയന്റായിട്ടുള്ള തിയേറ്ററുകളില്‍ പി.വി.ആറും ഉണ്ട്. അവിടെയൊന്നും ഇപ്പോള്‍ മലയാളസിനിമയില്ല. ഇത് പി.വി.ആര് മലയാളസിനിമയോടുള്ള അനീതിയാണ്. ഇത് പണമുണ്ടാക്കുന്നവരുടെ മാത്രം പ്രശ്‌നമല്ല. കലാകാരന്മാരുടെ പ്രശ്‌നമാണ്. ഈ പ്രശ്‌നം മാക്‌സിമം ആളുകളിലേക്കെത്തിക്കണമെന്നാണ് ആഗ്രഹം,’ വിനീത് പറഞ്ഞു.
Content Highlight: Vineeth about the issue facing by Malayalam cinema in PVR and Producers association