| Friday, 22nd April 2022, 6:58 pm

മോനിഷയുടെ സംസ്‌കാരം കഴിഞ്ഞ് വരുമ്പോഴാണ് ബാബറി മസ്ജിദ് പൊളിക്കല്‍, അവസാനം ലാലേട്ടന്റെ കാറിലാണ് ഞങ്ങള്‍ പോയത്: വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇന്നും നൊമ്പരമാണ് നടി മോനിഷയുടെ വിയോഗം. ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ മോനിഷ ആദ്യ സിനിമയ്ക്ക് തന്നെ ഉര്‍വശി പട്ടം സ്വന്തമാക്കിയിരുന്നു. 27-ഓളം ചിത്രങ്ങളില്‍ അഭിനയിച്ച് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ഘട്ടത്തിലാണ് മോനിഷ അപകടത്തില്‍ മരണപ്പെട്ടത്.

തിരുവനന്തപുരത്ത് ചെപ്പടിവിദ്യ എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്ന് മോനിഷയും മാതാവ് ശ്രീദേവി ഉണ്ണിയും ഒരുമിച്ച് അംബാസിഡര്‍ കാറില്‍ എറണാകുളത്തേയ്ക്ക് പോകുമ്പോഴാണ് കാറപകടം.

മോനിഷയുടെ മരണവും അതിനു ശേഷം നടന്ന സംഭവവികാസങ്ങളും ഓര്‍ത്തെടുക്കുകയാണ് നടന്‍ വിനീത്. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ഓര്‍മകള്‍ പങ്കുവെച്ചത്.

‘മോനിഷയുടെ മരണം ഒരു ഷോക്കായിരുന്നു. അത് കേട്ട ഉടനെ ഒരു തീ ശരീരം മുഴുവന്‍ വന്ന പോലെയാണ് തോന്നിയത്. ആ ഷോക്കില്‍ ഒരു രണ്ട് മിനിറ്റ് ഞാന്‍ നിലത്തിരുന്നു. അങ്ങനെ ആ നിമിഷം തന്നെ തലശ്ശേരിയില്‍ നിന്ന് ഇറങ്ങി കാറില്‍ ഞാന്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു.

മോനിഷയുടെ അമ്മയെ വിവരം അറിയിച്ചിട്ടില്ലായിരുന്നു. അത് വളരെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമായിരുന്നു. അവരെയും കൂട്ടി ഞാന്‍ ബെംഗളൂരില്‍ പോയി. ഫ്ളൈറ്റില്‍ വച്ച് എന്നെ വളരെ വേദനിപ്പിച്ച ഒരു സംഭവം ഉണ്ടായി.

ഫ്‌ളൈറ്റില്‍ ഞാന്‍ വിന്‍ന്റോ സീറ്റിലായിരുന്നു. മോനിഷ ഷോപ്പിംഗ് കഴിഞ്ഞ് വന്നാല്‍ നമ്മളോട് വാങ്ങിയ സാധനങ്ങളൊക്കെ പറയും. ഒരു ഓറഞ്ച് സ്യൂട്ട്കേസ് വാങ്ങി എന്ന് പറഞ്ഞ് എനിക്ക് കാണിച്ച് തന്നിരുന്നു. എന്റെ സീറ്റിലിരിക്കുമ്പോള്‍ ലഗേജ് ബോര്‍ഡ് ചെയ്യുന്നത് കാണാം. അതിന്റിടയില്‍ അവരുടെ ഈ പെട്ടിയും നീങ്ങുന്നുണ്ടായിരുന്നു. ആ പെട്ടിയില്‍ മോനിഷയുടെ പേരും എഴുതിയിട്ടുണ്ട്. അതൊരു ദുഃഖകരമായ ഓര്‍മയായിരുന്നു.

ബെംഗളൂരുവിലെ മോനിഷയുടെ വീട്ടില്‍ ഒരുപാട് ആളുകള്‍ എത്തിയിരുന്നു. ആളുകളെത്തിയത് കാരണം ഇന്ദിരാ നഗറില്‍ ബ്ലോക്കായി. ബെംഗളൂരില്‍ നിന്നും എത്തി എല്ലാ ചടങ്ങുകള്‍ക്ക് ശേഷമാണ് എല്ലാവരും പിരിഞ്ഞത്. അന്നായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവമുണ്ടായത്. ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ മൊത്തം പ്രശ്‌നങ്ങളായി. മദ്രാസിലൊന്നും കാറുകളില്ലായിരുന്നു. അതുകഴിഞ്ഞ് ലാലേട്ടന്റെ കാറിലാണ് ഞങ്ങള്‍ പോകുന്നത്,” വിനീത് പറഞ്ഞു.

‘ഒരു അഭിനേത്രിയായും സുഹ്യത്തായും നല്ല വ്യക്തിയായും അവരിപ്പോഴും മനസിലുണ്ട്. അവര്‍ ഇപ്പോഴും എവിടെയോ ഉണ്ട് എന്ന തോന്നലുണ്ട്. ഇന്ന് മോനിഷയുണ്ടായിരുന്നുവെങ്കില്‍ ശോഭനയെപ്പോലെ വളരെ പ്രശസ്തയായ നര്‍ത്തകിയാകുമായിരുന്നു,” വിനീത് കൂട്ടിച്ചേര്‍ത്തു.

Content Highlight: vineeth about the funeral of monisha and babri masjid issue

We use cookies to give you the best possible experience. Learn more