വളരെ തിരക്കുള്ള മോഹന്‍ലാല്‍ സമയം മാനേജ് ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് നടന്‍ വിനീത്. മോഹന്‍ലാല്‍ അത് അനായാസം കൈകാര്യം ചെയ്യാറുണ്ടെന്നും നടന്‍ പറഞ്ഞു. അദ്ദേഹം ഭയങ്കരമായിട്ട് കമ്മിറ്റ്‌മെന്റുള്ളയാളാണെന്നും തങ്ങളോടൊക്കെ എപ്പോഴും സ്‌നേഹമാണെന്നും വിനീത് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മാസങ്ങള്‍ക്ക് ശേഷം കണ്ടാലും കഴിഞ്ഞ ദിവസം കണ്ട പോലെയാണ് മോഹന്‍ലാലെന്നും മമ്മൂട്ടിയും ഇത് പോലെ തന്നെയാണെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
‘ലാലേട്ടനൊക്കെ എത്രയോ തിരക്കാണ്. അദ്ദേഹം സമയം മാനേജ് ചെയ്യുന്നതെന്ന് എങ്ങനെയാണെന്ന ഞാന്‍ അത്ഭുതത്തോടെ നോക്കാറുണ്ട്. ഇന്ന് രാജസ്ഥാനില്‍, നാളെ ദുബൈയില്‍, മറ്റന്നാള്‍ അവിടെ ഷൂട്ടിങ്, ഇവിടെ പരിപാടി അങ്ങനെ എല്ലായിടത്തും ഇദ്ദേഹത്തിനെ കാണും.
അതൊക്കെ കണ്ട് ഞാന്‍ അത്ഭുതപ്പെടും. ലാലേട്ടനെ അറിയുന്നൊരാളെന്ന നിലയില്‍ വളരെ അനായാസം അത് കൈകാര്യം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവിടെ ഫിസിക്കലി ക്ഷീണിതനാണെന്നൊന്നും ഞാന്‍ കേട്ടിട്ടേയില്ല. അത് പ്രോഗ്രാം റിഹേഴ്‌സിലായാലും. അതിനിടയ്ക്ക് രാത്രി പോയി ഡബ്ബ് ചെയ്യും. അഞ്ച് മണിക്ക് വന്നിട്ട് സ്‌റ്റേജില്‍ റിഹേഴ്‌സ് ചെയ്യും. അങ്ങനെയൊക്കെ ഞാന്‍ കണ്ടിട്ടുണ്ട് ലാലേട്ടനെ.
അങ്ങനെ ഭയങ്കര കമ്മിറ്റ്‌മെന്റുള്ള ആളാണദ്ദേഹം. നമ്മളൊക്കെ അദ്ദേഹത്തിന് എന്തെങ്കിലും മെസേജ് അയച്ചാല്‍ അദ്ദേഹം അപ്പോള്‍ തന്നെ മറുപടിയയക്കും. എപ്പോഴും നമ്മളോടൊക്കെ സ്‌നേഹമുണ്ട്.
ഞാന്‍ എത്രയോ മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ കാണുന്നതെങ്കിലും ഇന്നലെ കണ്ട പോലെയാണ്. മമ്മൂക്കയാണെങ്കിലും അങ്ങനെ തന്നെയാണ്,’ വിനീത് പറഞ്ഞു.
സിനിമയിലെ മറ്റുള്ള നടന്മാരും നടിമാരുമായിട്ടും ബന്ധമുണ്ടെന്നും വിളിക്കുന്നതിലൊന്നുമല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാവരും വിളിക്കാറുണ്ട്. കാര്‍ത്തികയുമായിട്ട് ഞാന്‍ ടച്ചുണ്ട്. അവരുടെ മകന്റെ കല്യാണത്തിന് ഞാന്‍ പോയി. അവര്‍ എന്നെ വിഷ് ചെയ്യാറുണ്ട്. എന്റെ മകളുടെ പിറന്നാളിന് വിഷ് ചെയ്യാറുണ്ട്. ശോഭനയായിട്ടും ടച്ചുണ്ട്. മെസോജൊക്കെ വാട്‌സ്ആപ്പിലൂടെയാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കും.
പൊന്നിയിന്‍ സെല്‍വന്‍ കണ്ടിട്ട് ഞാന്‍ ജയറാമിനെ വിളിച്ചു, അഭിനന്ദിച്ചു. വിളിക്കുന്നതിലൊന്നും ഒരു കാര്യമില്ല. ഞങ്ങള്‍ എപ്പോള്‍ കണ്ടാലും ഇന്നലെ കണ്ട പോലെയാണ്,’ വിനീത് കൂട്ടിച്ചേര്‍ത്തു.
ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രമായ ധൂമമാണ് വിനീത് ഏറ്റവും പുതിയ സിനിമ. മാനസാരെ, ലൂസിയ, യൂ ടേണ്‍, ഒന്‍ഡു മൊട്ടൈ കഥൈ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ പവന്‍ കുമാര്‍ ഒരുക്കുന്ന ആദ്യ മുഴുനീള മലയാള ചിത്രമാണ് ധൂമം.
വിനീതിനെ കൂടാതെ ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി, റോഷന്‍ മാത്യു, അച്യുത് കുമാര്‍, ജോയ് മാത്യു, അനു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് കന്നഡയിലെ ഹിറ്റ് മേക്കര്‍ പൂര്‍ണ്ണചന്ദ്ര തേജസ്വിയാണ്. മാസ്റ്റര്‍ ഓഫ് ഇന്‍ഡ്യന്‍ സിനിമാട്ടോഗ്രാഫി ശ്രീ പി.സി ശ്രീരാമിന്റെ അനന്തിരവളും കണ്ണാമൂച്ചി യെന്നാട, അഭിയും നാനും, ആകാശമാന്ത, ഹെയ് സിനാമിക എന്നീ ചിത്രങ്ങളുടെ സിനിമാറ്റോഗ്രാഫര്‍ പ്രീത ജയരാമനാണ് ധൂമത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലുള്‍പ്പടെ അഞ്ചുഭാഷകളിലായി ധൂമം ജൂണ്‍ 23നാണ് റിലീസ് ചെയ്യുന്നത്.
CONTENT HIGHLIGHTS: vineeth about mohanlal