| Monday, 18th April 2022, 4:21 pm

ലാലേട്ടനും മമ്മൂക്കയും അന്ന് എഴുതി തന്നത് എനിക്കിപ്പോഴും ഓര്‍മയുണ്ട്: ആദ്യ ചിത്രത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച് വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച ഇടനിലങ്ങള്‍ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു വിനീത് തന്റെ അഭിനയ ജീവിതമാരംഭിച്ചത്. ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രത്തില്‍ സീമ, മേനക തുടങ്ങി വലിയ താരനിര തന്നെയായിരുന്നു അഭിനയിച്ചത്.

തന്നെ സംബന്ധിച്ചിടത്തോളം അതൊരു ഡ്രീം വേള്‍ഡായിരുന്നു എന്നും 1001 രൂപയായിരുന്നു ആ ചിത്രത്തില്‍ തന്റെ പ്രതിഫലമെന്നും വിനീത് പറയുന്നു. കാന്‍ചാനല്‍മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ആദ്യ ചിത്രത്തിലെ അനുഭവങ്ങള്‍ പറഞ്ഞത്.

‘സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ശശിയേട്ടന്റെ(ഐ.വി. ശശി) ഇടനിലങ്ങളില്‍ അഭിനയിക്കുന്നത്. മമ്മൂക്ക, ലാലേട്ടന്‍, സീമ ചേച്ചി സുകുമാരിയാന്റി, മേനക ചേച്ചി അങ്ങനെ വലിയ താരനിരയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. സുകുമാരിയാന്റിയുടെ മകനായിട്ടാണ് ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചത്. സീമ ചേച്ചിയൊക്കെ ഇടക്ക് എന്നെ വിളിച്ച് ഡാന്‍സ് ഒക്കെ കളിപ്പിക്കും.

1001 രൂപയായിരുന്നു ആ ചിത്രത്തില്‍ എന്റെ റെമ്യൂണറേഷന്‍. എനിക്കതൊരു ഡ്രീം വേള്‍ഡായിരുന്നു. ഇത്രയും താരങ്ങള്‍ അഭിനയിക്കുന്നത് അടുത്ത് നിന്ന് കാണാന്‍ പറ്റി. അവരുടെ കയ്യില്‍ നിന്നെല്ലാം ഞാന്‍ ഓട്ടോഗ്രാഫ് വാങ്ങി. ആ ബുക്ക് ഇപ്പോഴും എന്റെ കയ്യിലുണ്ട്. സ്‌നേഹപൂര്‍വം എന്നാണ് ലാലേട്ടന്‍ എഴുതിയത്. മമ്മൂക്ക എഴുതിയത് എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഓര്‍മയുടെ ചെപ്പില്‍ ഒരല്‍പം ഇടം എന്നായിരുന്നു എഴുതിയത്. സുകുമാരിയാന്റി ഒരു എസ് വരച്ചിട്ട് അതിന് കണ്ണും മൂക്കും ചിരിയുമിട്ട് തന്നു,’ വിനീത് പറഞ്ഞു.

വൈശാലിയില്‍ ആദ്യം തന്നെ കാസ്റ്റ് ചെയ്തതും പിന്നീട് ആ റോള്‍ കൈവിട്ട് പോയതിനെ പറ്റിയും വിനീത് പറഞ്ഞു.

‘വൈശാലിയിലേക്ക് ഋഷ്യശൃംഗനായി എന്നെ ഫിക്‌സ് ചെയ്തതായിരുന്നു. പക്ഷേ ആ പ്രോജക്ട് അപ്പോള്‍ നടന്നില്ല. പ്രൊഡ്യൂസര്‍ക്ക് എന്തോ പ്രശ്നമുണ്ടായിരുന്നു. അത് വലിയ പ്രൊജക്ടായിരുന്നു. ഋഷ്യശൃംഗന്‍ എന്ന ഒരു ഫുള്‍ പേപ്പര്‍ ആഡ് വന്നത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അന്ന് ചെറുതായി മീശയൊക്കെ വരുന്ന സമയമാണ്. ആ ചിത്രത്തിലെ സ്റ്റില്‍ ഇപ്പോഴും എന്റെ കയ്യിലുണ്ട്. എനിക്കന്ന് 14 വയസ്സേയുള്ളൂ. അതുതന്നെയായിരുന്നു ഋഷ്യശൃംഗന്റെ പ്രായമെന്നാണ് എനിക്ക് തോന്നുന്നത്.

അതിന്റെ പ്രിപ്പറേഷന്‍ ചെയ്തതാണ്. പിന്നെ ആ പ്രൊജക്ട് കാന്‍സലായി. അന്ന് ഭയങ്കര സങ്കടമായിരുന്നു. കാരണം ആ പ്രായത്തില്‍ എല്ലാ കൗമാരപ്രായക്കാര്‍ക്കും ഒരു സിനിമാ മോഹമുണ്ടല്ലോ. അതുപോലെ എനിക്കും ആഗ്രഹമുണ്ടായിരുന്നു,’ വിനീത് കൂട്ടിച്ചേര്‍ത്തു.

Content Highlight: vineeth about his firt movie experience with mammootty and mohanlal

We use cookies to give you the best possible experience. Learn more