ഫഹദ് ഫാസിലിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് നടന്‍ വിനീത്. പാച്ചുവും അത്ഭുത വിളിക്കും എന്ന സിനിമയുടെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫഹദ് ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറിയെന്നും അദ്ദേഹത്തിന്റെ വളര്‍ച്ചയെ അത്ഭുതത്തോടെ നോക്കിക്കണ്ടയാളാണ് താനെന്നും വിനീത് പറഞ്ഞു. ഒരു സിനിമയില്‍ നിന്നും അടുത്ത സിനിമയിലേക്ക് പോകുന്തോറും ഫഹദിന്റെ ഗ്രാഫ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഒരു സിനിമ പോലും മിസ്സാക്കാറില്ലെന്നും വിനീത് പറഞ്ഞു.
‘ഫഹദിന്റെ വളര്‍ച്ചയെ ഒരുപാട് അത്ഭുതത്തോടെ കാണുന്നയാളാണ് ഞാന്‍. മാത്രമല്ല അദ്ദേഹം എനിക്കൊരു ഇന്‍സ്പയറിങ് ഹ്യൂമണ്‍ കൂടിയാണ്. ഫഹദ് എന്ന കലാകാരന്റെ വളര്‍ച്ച ഫിലിം റ്റു ഫിലിം വണ്ടര്‍ ആണ്. അദ്ദേഹത്തിന്റെ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആര്‍ടിസ്റ്റ് എന്ന സിനിമ, അതുപോലെ കാര്‍ബണ്‍, തൊണ്ടി മുതലും ദൃക്‌സാക്ഷിയും, 22 ഫീമെയില്‍ കോട്ടയം, ലാല്‍ ജോസിന്റെ ഡയമണ്ട് നക്ലസ് അങ്ങനെ എത്രയോ സിനിമകള്‍.
കൂടാതെ അവസാനം വന്ന മലയന്‍കുഞ്ഞ്, വിക്രം പോലുള്ള സിനിമകള്‍. ഫഹദിന്റെ ഒരു സിനിമ പോലും ഞാന്‍ മിസ്സ് ചെയ്യാതെ കാണാറുണ്ട്. വ്യക്തിപരമായ ബന്ധത്തിലുപരി കഴിവു കൊണ്ടൊരു പാന്‍ ഇന്ത്യന്‍ സ്റ്റാറായി ആളുകളെ അത്ഭുതപ്പെടുത്തിയ ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കൂടെയുള്ള ഈ പ്രൊജക്റ്റ് എനിക്കൊരു ഹോണര്‍ ആയിരുന്നു.
ഫഹദിനൊപ്പം ഒരു സിനിമ ചെയ്യാന്‍ അവസരം കിട്ടുമ്പോള്‍ സന്തോഷത്തിലുപരി എക്‌സൈറ്റ്‌മെന്റ് ആയിരുന്നു എനിക്ക്. പാച്ചുവും അത്ഭുത വിളക്കും, ധൂമം ഈ രണ്ട് സിനിമയിലും ഫഹദിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് എന്നെ സംബന്ധിച്ച് ഡബിള്‍ ബോണസ് ആയിരുന്നു,’ വിനീത് പറഞ്ഞു.
അഖില്‍ സത്യനാണ് വിനീതും ഫഹദും ഒരുമിച്ച് അഭിനയിച്ച് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ‘പാച്ചുവും അത്ഭുത വിളക്കും’ സിനിമയുടെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്.
content highlights; Vineet talks about Fahad Fazil