| Tuesday, 2nd April 2024, 10:17 pm

ധ്യാൻ ഹൃദയം കണ്ടിട്ടുണ്ടോ എന്നെനിക്കറിയില്ല; അതിലെനിക്ക് സംശയമുണ്ട്: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര പുത്രന്മാരാണ് ധ്യാൻ ശ്രീനിവാസനും വിനീതും. വിനീതിന്റെ തന്നെ തിര എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ധ്യാൻ ശ്രീനിവാസൻ. ശേഷം ഹാസ്യതാരമായും നായകനായും തിളങ്ങിയ ധ്യാൻ ലവ് ആക്ഷൻ ഡ്രാമയെന്ന സിനിമയിലൂടെ സംവിധായക കുപ്പായവുമണിഞ്ഞു. ഇപ്പോൾ അഭിമുഖങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ധ്യാൻ. സിനിമകൾ പോലെ താരത്തിന്റെ അഭിമുഖങ്ങൾക്കും വലിയ പ്രേക്ഷക സ്വീകാര്യതയുണ്ട്.

വിനീത് സംവിധാനം ചെയ്ത ഹൃദയം ക്രിഞ്ച് ആണെന്ന് ധ്യാൻ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോൾ ധ്യാൻ ഹൃദയം കണ്ടിട്ട് ഉണ്ടോ എന്ന് പോലും തനിക്കറിയില്ല എന്നായിരുന്നു വിനീതിന്റെ മറുപടി. ധ്യാൻ മുഴുവൻ കണ്ടു എന്ന് തനിക്ക് തോന്നുന്നില്ലെന്നും അതിൽ സംശയമുണ്ടെന്നും വിനീത് പറഞ്ഞു.

ആരെങ്കിലും ക്രിഞ്ച് ആണെന്ന് പറഞ്ഞത് കേട്ടിട്ട് അത് ധ്യാൻ ഏറ്റുപിടിച്ചതാവുമെന്നും വിനീത് കൂട്ടിച്ചേർത്തു. തിരക്ക് ശേഷം ധ്യാൻ അഭിനയിക്കുന്ന വിനീതിന്റെ പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിന്റെ വിശേഷങ്ങൾ മാതൃഭൂമിയോട് പങ്കുവെക്കുകയായിരുന്നു താരം.

‘അവൻ ഹൃദയം കണ്ടിട്ട് ഉണ്ടോ എന്ന് പോലും എനിക്കറിയില്ല. അതിൽ എനിക്ക് നല്ല സംശയം ഉണ്ട്. ധ്യാൻ ഫുൾ ആയിട്ട് കണ്ടു എന്ന് എനിക്ക് തോന്നുന്നില്ല. എവിടെയെങ്കിലും പോയി മൈക്ക് കിട്ടിയാൽ വെച്ച് കീച്ചും ആശാൻ, അത്രയേ ഉള്ളൂ. ആരെങ്കിലും പറഞ്ഞിട്ടുണ്ടാകും ക്രിഞ്ച് ആണെന്ന്. അത് ഏറ്റുപിടിച്ചിട്ടുണ്ടാവും,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

ഹൃദയത്തിന് ശേഷം കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും പുറമെ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ നിവിന്‍ പോളി ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.

ചിത്രം 2024 ഏപ്രിൽ 11നാണ് തീയേറ്ററുകളില്‍ എത്തുന്നത്. ഹൃദയത്തിന് ശേഷം പ്രണവിനെ നായകനാക്കി വിനീത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ചിത്രത്തിന് മേല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് വിശാഖ് സുബ്രമണിയാണ്. മ്യൂസിക് കംപോസ് ചെയ്തത് അമൃത് രാംനാഥ്.

Content Highlight: Vineet sreenivasan  says I don’t know if Dhyan has seen the hridayam

Latest Stories

We use cookies to give you the best possible experience. Learn more