അന്ന് പാച്ചിക്ക പറഞ്ഞുതന്ന ടെക്‌നിക്കാണ് ഡബ്ബിങ്ങില്‍ എന്നെ സഹായിച്ചത്: വിനീത്
Film News
അന്ന് പാച്ചിക്ക പറഞ്ഞുതന്ന ടെക്‌നിക്കാണ് ഡബ്ബിങ്ങില്‍ എന്നെ സഹായിച്ചത്: വിനീത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th April 2022, 4:16 pm

നടന്‍, നര്‍ത്തകന്‍ എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് വിനീത്. 1985ല്‍ ഐ.വി ശശി സംവിധാനം ചെയ്ത ഇടനിലങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് സിനിമയിലെത്തിയത്. ആദ്യ കാലങ്ങളില്‍ സ്വന്തമായി ഡബ്ബ് ചെയ്യാതിരുന്ന വിനീത് നാലാമത്തെ ചിത്രമായ ഇടനിലങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഡബ്ബിങ്ങ് ആരംഭിച്ചത്.

പിന്നീട് സംവിധായകന്‍ ഫാസിലാണ് ഡബ്ബിങ്ങിന്റെ അടിസ്ഥാന പാഠങ്ങള്‍ തനിക്ക് പറഞ്ഞു നല്‍കിയതെന്ന് വിനീത് പറഞ്ഞു. താന്‍ അഭിനയിച്ച സിനിമകള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ തുടങ്ങിയത് മറ്റുള്ള ആര്‍ട്ടിസ്റ്റിനു ശബ്ദം കൊടുക്കുന്നതില്‍ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ഡബ്ബ് ചെയ്യുന്തോറും ശബ്ദം മധുരമാകുമെന്നും വിനീത് പറഞ്ഞു.

കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡബ്ബിങ്ങിലേക്ക് കടന്നുവന്നതിനെ പറ്റി വിനീത് പറഞ്ഞത്.

‘ഡബ്ബിങ്ങില്‍ എനിക്ക് അടിസ്ഥാന ട്രെയിനിങ് തന്നത് ഫാസില്‍ സാറാണ്. ഇന്ന് എനിക്ക് മറ്റുള്ള ആര്‍ട്ടിസ്റ്റിനു ഡബ്ബ് ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാന അനുഗ്രഹം പാച്ചിക്കായുടെ ഒരു ട്രെയിനിങ് ആയിരുന്നു.

മാനത്തെ വെള്ളിത്തേര് എന്ന സിനിമയില്‍ ഏകദേശം എട്ടു മുതല്‍ പത്തു ദിവസം വരെ എന്നെ ഇരുത്തി പാച്ചിക്ക ഡബ്ബ് ചെയ്യിപ്പിച്ചു. ആ കാലത്തൊക്കെ അദ്ദേഹത്തെ പോലെ പ്രഗല്‍ഭനായ ഒരു ഡയറക്ടര്‍ അങ്ങനെ ചെയ്തത് അത്ഭുതമായിരുന്നു. ദാറ്റ് വാസ് പാച്ചിക്ക,’ വിനീത് പറഞ്ഞു.

‘അതെനിക്കൊരു ഭയങ്കര ട്രെയിനിങ് ഗ്രൗണ്ട് ആയിരുന്നു. ശബ്ദം എങ്ങനെ മോഡുലേറ്റ് ചെയ്യണം, ശ്വാസം എങ്ങനെ നിയന്ത്രിക്കണം എന്നതെല്ലാം പാച്ചിക്ക ഒരുപാട് സമയമെടുത്തു പറഞ്ഞുതന്നു.

മാത്രവുമല്ല വോയിസില്‍ എങ്ങനെ ബേസ് കൊണ്ടുവരണം എന്നൊക്കെ മാനത്തെ വെള്ളിത്തേരിന്റെ ഡബ്ബിങ് സമയത്തു പാച്ചിക്കയാണ് എനിക്ക് പഠിപ്പിച്ചു തരുന്നത്. അവിടുന്നായിരുന്നു എനിക്കിത് ചെയ്യാന്‍ പറ്റും എന്ന ആത്മവിശ്വാസം വന്നത്,’ വിനീത് കൂട്ടിച്ചേര്‍ത്തു.

Content Highlight: Vineet said that director Fazil taught him the basics of dubbing