| Thursday, 21st July 2022, 7:57 am

ശ്യാമിനായി ആദ്യം കാസ്റ്റ് ചെയ്തത് ബേസിലിനെ, എഴുതി വന്നപ്പോള്‍ എല്ലാം മാറി: വിനീത് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്റര്‍ റിലീസില്‍ പരക്കെ മോശം അഭിപ്രായം വന്നതിന് ശേഷം ഒ.ടി.ടിയില്‍ റിലീസായപ്പോള്‍ വന്‍ ജനസ്വീകാര്യത നേടിയ ചിത്രമാണ് ഡിയര്‍ ഫ്രണ്ട്. ടൊവിനോ തോമസ്, ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ്, അര്‍ജുന്‍ ലാല്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം സംവിധാനം ചെയ്തത് വിനീത് കുമാറാണ്.

ബെംഗളൂരുവിലെ ഒരു സൗഹൃദവലയത്തെ വ്യത്യസ്തമായ കാഴ്ചപ്പാടില്‍ അവതരിപ്പിക്കാനാണ് ഡിയര്‍ ഫ്രണ്ട് ശ്രമിച്ചത്. ചിത്രത്തിലെ കാസ്റ്റിങ്ങിനെ പറ്റി പറയുകയാണ് വിനീത് കുമാര്‍. കാസ്റ്റിങ്ങ് വേറെ ഒരാള്‍ ചെയ്താല്‍ വര്‍ക്കാവില്ലെന്ന് അവര്‍ ചെയ്ത് കാണാത്തത് കൊണ്ട് തോന്നുന്നതാണെന്നും ടൊവിനോയ്ക്ക് പകരം വേറെയൊരാള്‍ ഇത് ചെയ്തിരുന്നെങ്കില്‍ വേറെ തരത്തിലാകുമെന്നേയുള്ളുവെന്നും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞു.

‘ഇത് വിനോദിന്റെ മാത്രം കഥയല്ല, ശ്യാം, സജിത്ത്, അര്‍ജുന്‍ ജന്നത്ത് അങ്ങനെ എല്ലാവരുടെയും കൂടിയുള്ള കഥയാണ്. വിനോദിനാല്‍ ബാധിക്കപ്പെട്ട സൗഹൃദ വലയത്തിന്റെ കഥയാണിത്.

കാസ്റ്റിങ്ങ് വേറെ ഒരാള്‍ ചെയ്താല്‍ വര്‍ക്കാവില്ലെന്ന് അവര്‍ ചെയ്ത് കാണാത്തത് കൊണ്ട് നമുക്ക് തോന്നുന്നതാണ്. ടൊവിനോയ്ക്ക് പകരം വേറെയൊരാള്‍ ഇത് ചെയ്തിരുന്നെങ്കില്‍ വേറെ തരത്തിലാകുമെന്നേയുള്ളു. കഥാപാത്രങ്ങള്‍ക്ക് എഴുത്തിന്റെ ഘട്ടത്തില്‍ തന്നെ പൂര്‍ണത വരുന്നുണ്ട്. സംവിധായകന്‍ എന്ന നിലയ്ക്ക് ഞാന്‍ കണ്‍സീവ് ചെയ്തിട്ടുള്ള കഥാപാത്രത്തിലേക്ക് ഒരു നടനെ പ്ലേസ് ചെയ്യുകയായിരുന്നു.

ശ്യാം എന്ന ക്യാരക്ടറിന് വേണ്ടി ബേസിലിനെ പരിഗണിക്കാമെന്ന നിര്‍ദേശം ഗ്രൂപ്പില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ എഴുതി വന്നപ്പോള്‍ ആ ക്യാരക്ടറിന് എന്റെ മനസില്‍ കണ്ട രൂപം ബേസിലിന്റെ അല്ലായിരുന്നു. പിന്നീട് സജിത്തെന്ന കഥാപാത്രത്തിനായി ബേസിലിനെ സമീപിക്കുകയായിരുന്നു. ജന്നത്തിനെ പോലൊരു സുഹൃത്ത് നമ്മുടെ ലൈഫിലും ആവശ്യമാണെന്ന തരത്തില്‍ നിരവധി എഴുത്തുകള്‍ വരാറുണ്ട് അതെല്ലാം സന്തോഷിപ്പിക്കുന്നതാണ്.

ടൊവിനോ എങ്ങനെയായിരിക്കും ഈ കഥാപാത്രത്തെ സ്‌ക്രീനിലേക്ക് എത്തിക്കുകയെന്ന് ഞാന്‍ ആലോചിച്ചിരുന്നു. ഡയലോഗുകള്‍ക്കിടയിലുള്ള ഇമോഷന്‍സിന് നല്‍കുന്ന സമയം എനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് ടൊവിനോയോട് പറഞ്ഞിരുന്നു. അതാണ് ഏറ്റവും പ്രയാസമെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. എന്നെ അത്ഭുതപ്പെടുത്തുന്ന വിധം അസാധ്യമായ രീതിയിലാണ് അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. എല്ലാവരും അസാധ്യമായ രീതിയില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ട്,’ വിനീത് പറഞ്ഞു.

Content Highlight: Vineet Kumar is talking about the casting in the film dear friend

We use cookies to give you the best possible experience. Learn more