ന്യൂദല്‍ഹി: സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐയ്ക്ക് ഏറ്റെടുക്കാമെന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരണവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
സുശാന്ത് സിങ്ങിന്റെ കുടുംബത്തിന് ഇനി നീതി ലഭിക്കുമെന്നും അക്കാര്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നുമായിരുന്നു നിതീഷ് കുമാറിന്റെ പ്രതികണം.
‘ ഈ വിഷയത്തില്‍ രാഷ്ട്രീയമായ ഒരു ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നാണ് സുപ്രീം കോടതി ഉത്തരവിലൂടെ വ്യക്തമായത്. ഞങ്ങളുടെ നിലപാടാണ് ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്.
നീതി ലഭിക്കുമെന്നതില്‍ പൂര്‍ണവിശ്വാസമുണ്ട്. ബീഹാര്‍ പൊലീസ് എന്തൊക്കെ ചെയ്തുവെന്ന് എല്ലാവര്‍ക്കും അറിയാം. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മുംബൈയിലേക്ക് അന്വേഷണത്തിനായി പോയി. എന്നാല്‍ ഞങ്ങളുടെ ഐ.പി.എസ് ഉദ്യോഗസ്ഥരോടുള്ള അവരുടെ സമീപനം എന്തായിരുന്നെന്ന് എല്ലാവരും കണ്ടതാണ്. ബീഹാര്‍ പൊലീസില്‍ നിന്നും നല്‍കേണ്ട എല്ലാ സഹായവും സി.ബി.ഐക്ക് നല്‍കിയിരിക്കും. സത്യം മാത്രമേ വിജയിക്കുകയുള്ളൂ.
പരമോന്നത കോടതിയില്‍ വിശ്വാസമുണ്ട്. ശരിയായ അന്വേഷണം സി.ബി.ഐയെ കൊണ്ടേ സാധിക്കൂവെന്ന് സുപ്രീം കോടതിക്ക് ബോധ്യമായി. ആളുകള്‍ക്ക് നീതി ലഭിക്കണം. സി.ബിഐയില്‍ പൂര്‍ണവിശ്വാസമുണ്ട്.’ നിതീഷ് കുമാര്‍ പറഞ്ഞു.
സുശാന്ത് സിങ്ങിന്റെ മരണം സി.ബി.ഐക്ക് അന്വേഷിക്കാമെന്നുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും രംഗത്തെത്തിയിരുന്നു. ഞങ്ങളാണ് ശരിയെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞെന്നും സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും കോടതിയിലുള്ള ജനങ്ങളുടെ വിശ്വാസം ഇതോടെ വര്‍ധിച്ചെന്നുമായിരുന്നു ബീഹാര്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഗുപ്‌തേശ്വര്‍ പാണ്ഡേയുടെ പ്രതികരണം. സുശാന്ത് സിങിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പട്‌നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രവര്‍ത്തിയുടെ ഹരജിയില്‍ സുപ്രിംകോടതി തള്ളുകയായിരുന്നു.
തുടര്‍ന്നാണ് ബിഹാര്‍ സര്‍ക്കാരിന് സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടാമെന്ന് കോടതി വ്യക്തമാക്കിയത്. മരണവുമായി ബന്ധപ്പെട്ട മറ്റ് കേസുകളും സി.ബി.ഐക്ക് ഏറ്റെടുക്കാമെന്നും കോടതി വ്യക്തമാക്കി. രേഖകളും തെളിവുകളും സി.ബി.ഐക്ക് കൈമാറാന്‍ മഹാരാഷ്ട്രാ സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
അതേസമയം, കേസ് കൈമാറാന്‍ മാത്രമാണ് മഹാരാഷ്ട്ര ആവശ്യപ്പെട്ടതെന്നും സി.ബി.ഐ അന്വേഷണത്തെ അല്ല ചോദ്യം ചെയ്തതെന്നും മഹാരാഷ്ട്ര കൗണ്‍സില്‍ കോടതിയെ അറിയിച്ചെങ്കിലും സി.ബി.ഐയോട് സഹകരിക്കണമെന്നായിരുന്നു മുംബൈ പൊലീസിനോടുള്ള സുപ്രീം കോടതിയുടെ നിര്‍ദേശം.
ഇതോടെ സുശാന്തിന്റെ മരണം വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വഴിതിരിഞ്ഞിരിക്കുകയാണ്. നേരത്തെ തന്നെ മഹാരാഷ്ട്ര- ബീഹാര്‍ രാഷ്ട്രീയത്തില്‍ സുശാന്തിന്റെ മരണം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
അതേസമയം, സുശാന്തിന്റെ മരണം മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ബി.ജെ.പി ഈ വിഷയം ഉപയോഗിക്കുകയും ചെയ്തിരുന്നു.
മുംബൈ പൊലീസിനെതിരേയും ഉദ്ദവ് താക്കറക്കെതിരെ ബി.ജെ.പി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്ലാ ഘട്ടങ്ങളിലും മുംബൈ പൊലീസിനെ സംരക്ഷിക്കുന്ന നിലപാടാണ് ഉദ്ദവ് താക്കറെ സ്വീകരിച്ചത്.
എന്നാല്‍ ബീഹാറില്‍ നേരെ മറിച്ചായിരുന്നു കാര്യങ്ങള്‍ നടന്നത്. സുശാന്തിന്റെ കേസ് സി.ബി.ഐക്ക് വിടേണ്ട കാര്യമില്ലെന്ന് മഹാരാഷ്ട്ര ആവര്‍ത്തിച്ചപ്പോള്‍ പ്രതിപക്ഷത്തു നിന്ന് വിമര്‍ശനം ഉയര്‍ന്നുവന്നപ്പോള്‍ ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കേസില്‍ സുശാന്തിന്റെ കുടുംബത്തോടൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയുമായിരുന്നു. ഈ ശുപാര്‍ശ അംഗീകരിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക