മോഹന്‍ലാല്‍ ചിത്രമായ പവിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് വിന്ദുജ മേനോന്‍. ഒരു സഹോദരന് തന്റെ അനിയത്തിയോടുള്ള സ്നേഹത്തിന്റെ കഥ പറഞ്ഞ ആ ചിത്രത്തില്‍ മോഹന്‍ലാലിന്റെ അനിയത്തിയായാണ് വിന്ദുജ അഭിനയിച്ചത്. പവിത്രത്തിലെ മീനാക്ഷി എന്ന നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ വിന്ദുജ നീണ്ട ഇടവേളക്ക് ശേഷം ആക്ഷന്‍ ഹീറോ ബിജു എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ തിരിച്ചെത്തിയിരുന്നു. 2016ല്‍ ആയിരുന്നു എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ഈ ചിത്രം റിലീസിന് എത്തിയത്.
ആ സിനിമയില്‍ താന്‍ രണ്ട് സീനില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെന്ന് പറയുകയാണ് വിന്ദുജ. എബ്രിഡ് ഷൈന്‍ തന്നെ നേരിട്ട് വിളിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ആ റോള്‍ ചെയ്യില്ലായിരുന്നെന്നും നടി പറയുന്നു.
മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിന്ദുജ മേനോന്‍. ആ കഥാപാത്രം താനല്ല ചെയ്യുന്നതെങ്കില്‍ പിന്നെ ഏത് ആര്‍ട്ടിസ്റ്റിനെ അഭിനയിപ്പിക്കുമായിരുന്നുവെന്ന് എബ്രിഡ് ഷൈനിനോട് ചോദിച്ചുവെന്നും രേവതിയുടെ പേരാണ് മറുപടിയായി പറഞ്ഞതെന്നും നടി പറയുന്നു.
‘ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ രണ്ട് സീനില്‍ മാത്രമേ ഞാന്‍ അഭിനയിച്ചിട്ടുള്ളു. ആ സിനിമയുടെ ഡയറക്ടര്‍ എന്നെ നേരിട്ട് വിളിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഞാന്‍ ആ റോള്‍ ചെയ്യില്ലായിരുന്നു.
എബ്രിഡ് ഷൈന്‍ എന്നെ വിളിക്കുമ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് ആ റോള്‍ ഞാന്‍ എന്തിനാണ് ചെയ്യുന്നതെന്നാണ്. ഞാന്‍ സ്‌ക്രീനില്‍ കാണണമെന്ന് ആഗ്രഹിച്ച മുഖമായത് കൊണ്ടാണ് വിന്ദുജ അഭിനയിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നതെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.
ആ കഥാപാത്രം ഞാനല്ല ചെയ്യുന്നതെങ്കില്‍ പിന്നെ ഏത് ആര്‍ട്ടിസ്റ്റിനെ അഭിനയിപ്പിക്കുമായിരുന്നുവെന്ന് അപ്പോള്‍ ഞാന്‍ ചോദിച്ചു.
നടി രേവതിയെ ഉദ്ദേശിച്ചിരുന്നു എന്നായിരുന്നു ഷൈന്‍ പറഞ്ഞത്. പക്ഷേ, എന്റെ ആഗ്രഹം വിന്ദുജ തന്നെ ആ റോള്‍ ചെയ്യണമെന്നത് തന്നെയാണെന്ന് വീണ്ടും പറഞ്ഞപ്പോള്‍ ഞാന്‍ തയ്യാറാകുകയായിരുന്നു,’ വിന്ദുജ പറഞ്ഞു.
Content Highlight: Vindhuja Menon Talks About Action Hero Biju And Abrid Shine