മോഹന്‍ലാല്‍ ചിത്രമായ പവിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് വിന്ദുജ മേനോന്‍. ഒരു സഹോദരന് തന്റെ അനിയത്തിയോടുള്ള സ്‌നേഹത്തിന്റെ കഥ പറഞ്ഞ ആ ചിത്രത്തില്‍ മോഹന്‍ലാലിന്റെ അനിയത്തിയായാണ് വിന്ദുജ അഭിനയിച്ചത്.
പവിത്രത്തിലെ മീനാക്ഷി എന്ന നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ വിന്ദുജ നീണ്ട ഇടവേളക്ക് ശേഷം 2016ല്‍ ആക്ഷന്‍ ഹീറോ ബിജു എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ തിരിച്ചെത്തിയിരുന്നു.
മീനാക്ഷിയെ പോലൊരു കഥാപാത്രം തുടക്കത്തില്‍ ലഭിച്ചിട്ടും സിനിമയില്‍ തുടരാത്തതെന്താണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് വിന്ദുജ മേനോന്‍. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
പഠനം വിട്ടുകളയരുതെന്ന് തന്റെ അച്ഛന്‍ പറയുമായിരുന്നെന്നും അത് താന്‍ ജീവിതത്തില്‍ സമ്പൂര്‍ണമായി ഉള്‍ക്കൊണ്ട് പഠന കാലത്ത് വന്ന സിനിമാ ചാന്‍സുകള്‍ വേണ്ടെന്നു വച്ചുവെന്നും നടി പറയുന്നു. ഡിഗ്രി പഠനകാലത്താണ് താന്‍ പവിത്രത്തില്‍ അഭിനയിക്കുന്നതെന്നും വിന്ദുജ കൂട്ടിച്ചേര്‍ത്തു.
വിവാഹം കഴിഞ്ഞാല്‍ ഒരു അഭിനേത്രിയെ അഭിനയിക്കാന്‍ കൊള്ളില്ലെന്ന് വിലയിരുത്തുന്നത് സിനിമാ പ്രേക്ഷകരെക്കാള്‍ സിനിമക്കാരാണെന്നും ആക്ഷന്‍ ഹീറോ ബിജുവില്‍ താന്‍ തന്നെ വേണമെന്ന് സംവിധായകന്‍ എബ്രിഡ് ഷൈനും നിവിന്‍ പോളിയും ശാഠ്യം പിടിക്കുകയായിരുന്നെന്നും നടി പറഞ്ഞു.
‘എന്റെ അമ്മ കലാമണ്ഡലം വിമലാ മോനോന്‍, അച്ഛന്‍ മഹാകവി വള്ളത്തോള്‍ നാരായണ മോനോന്റെ അനന്തരവന്‍ കെ.പി. വിശ്വനാഥ മേനോന്‍. കല ഇരുവരുടെയും കുടുംബത്തിന് പ്രധാനമായിരുന്നു. അതുപോലെ തന്നെ പഠനവും.
‘കലയില്‍ നിനക്ക് എന്തുവേണമെങ്കിലും ചെയ്യാം. പക്ഷെ പഠനം വിട്ടുകളയരുത്’ എന്ന് അച്ഛന്‍ പറയുമായിരുന്നു. അത് ഞാന്‍ ജീവിതത്തില്‍ സമ്പൂര്‍ണമായി ഉള്‍ക്കൊണ്ടു. പഠന കാലത്ത് വന്ന സിനിമാ ചാന്‍സുകള്‍ വേണ്ടെന്നു വച്ചു.
പത്തോ പതിനഞ്ചോ വയസില്‍ പഠനം വിട്ട് സിനിമയില്‍ ചുവടുറപ്പിക്കുന്നവരുണ്ട്. അതിനെ ഞാന്‍ തെറ്റുപറയുകയല്ല, എന്നാല്‍ പെണ്‍കുട്ടികള്‍ അക്കാദമിക് യോഗ്യതകള്‍ കൂടി നേടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സര്‍ട്ടിഫിക്കറ്റ് എന്നതിലുപരി അക്കാദമിക് പഠനം വ്യക്തിത്വത്തെ രൂപപ്പെടുത്തും.
ഡിഗ്രി പഠനകാലത്താണ് ഞാന്‍ പവിത്രത്തില്‍ അഭിനയിക്കുന്നത്. എം.എ മ്യൂസിക് ഗവണ്‍മെന്റ് വിമന്‍സ് കോളജില്‍, മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മോഹിനിയാട്ടത്തില്‍ പി.എച്ച്.ഡി ചെയ്തു. പഠനം ഇപ്പോഴും തുടരുകയാണ്. എന്നിരുന്നാലും സിനിമ വേണ്ട എന്നൊരു മനോഭാവമില്ല.
വിവാഹം കഴിഞ്ഞാല്‍ ഒരു അഭിനേത്രിയെ അഭിനയിക്കാന്‍ കൊള്ളില്ലെന്ന് വിലയിരുത്തുന്നത് സിനിമാ പ്രേക്ഷകരെക്കാള്‍ സിനിമക്കാരാണ്.
ആക്ഷന്‍ ഹീറോ ബിജുവില്‍ ഞാന്‍ തന്നെ വേണമെന്ന് എബ്രിഡ് ഷൈനും നിവിനും ശഠിച്ചു. അങ്ങനെയുള്ള അവസരങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും സിനിമ ചെയ്യും. എങ്കിലും നൃത്തത്തോട് തന്നെയാണ് ഒരു തരി സ്‌നേഹക്കൂടുതല്‍,’ വിന്ദുജ മേനോന്‍ പറഞ്ഞു.
Content Highlight: Vindhuja Menon Talks About Action Hero Biju