ഒരു സെക്കന്റിൽ ലാലേട്ടന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ കണ്ട് ഞാൻ അത്ഭുതപെട്ടു; പവിത്രം സിനിമയിലെ സീനിനെ കുറിച്ച് വിന്ദുജ
Entertainment
ഒരു സെക്കന്റിൽ ലാലേട്ടന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ കണ്ട് ഞാൻ അത്ഭുതപെട്ടു; പവിത്രം സിനിമയിലെ സീനിനെ കുറിച്ച് വിന്ദുജ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th January 2024, 12:31 pm

മോഹൻലാലിന്റെ പ്രകടനത്തിലൂടെ വലിയ രീതിയിൽ ചർച്ചയായി മാറിയ ചിത്രമാണ് പവിത്രം. ടി. കെ. രാജീവ്‌ കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ, ശോഭന, തിലകൻ, കെ. പി. എ. സി. ലളിത, നെടുമുടി വേണു, വിന്ദുജ മേനോൻ, ശ്രീനിവാസൻ തുടങ്ങിയ വമ്പൻ താരനിര ഉണ്ടായിരുന്നു.

ഒരു സഹോദരന് തന്റെ അനിയത്തിയോടുള്ള സ്നേഹത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ മോഹൻലാലിന്റെ അനിയത്തിയായാണ് വിന്ദുജ മേനോൻ അഭിനയിച്ചത്. ചിത്രത്തിലെ ഒരു സീനിനെ കുറിച്ച് പറയുകയാണ് നടി.

ചിത്രത്തിൽ നർത്തകിയായ വിന്ദുജയുടെ മീനാക്ഷിയെന്ന കഥാപാത്രം വേദിയിൽ അരങ്ങേറ്റം നടത്തുന്നതിനിടയിൽ കാലിൽ ആണി കുത്തുന്ന ഒരു സീനുണ്ട്. ആ രംഗത്തിലെ മോഹൻലാലിന്റെ പ്രകടനം കണ്ട് താൻ അത്ഭുതപെട്ട് പോയെന്ന് പറയുകയാണ് താരം. സീനിൽ മോഹൻലാലിന്റെ മുഖത്ത് ഭാവങ്ങൾ മിന്നി മറയുകയായിരുന്നുവെന്നും വിന്ദുജ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അവർ.

‘പവിത്രം സിനിമയിൽ ഞാൻ ഇപ്പോഴും ഓർക്കുന്ന ഒരു സീനുണ്ട്. ചിത്രത്തിൽ അരങ്ങേറ്റ സമയത്ത് ഡാൻസ് കളിക്കുമ്പോൾ കാലിൽ ആണി കുത്തുന്ന ഒരു സീനുണ്ട്. കുറച്ച് പൊസസീവ്നസുള്ള കഥാപാത്രമാണ് ലാലേട്ടന്റെത്.


ആണി കുത്തുമ്പോൾ എന്റെ അടുത്തേക്ക് ലാലേട്ടൻ ഓടി വരുന്നതാണ് സീൻ. ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഭാവങ്ങൾ ഇങ്ങനെ മിന്നി മായുകയാണ്. ഞാൻ തൊട്ടടുത്ത് നിൽക്കുമ്പോൾ അത് കണ്ട് മറ്റൊരു ലോകത്ത് എത്തിയ പോലെയായിരുന്നു. ഒരു സെക്കന്റിൽ മിന്നി മാറുകയാണ് ഭാവങ്ങൾ.

ഞാൻ അത് കണ്ട് നിന്നിട്ട് ഒരു സെക്കന്റ്‌ എടുത്ത് എന്റെ ഡയലോഗ് തിരിച്ചു പറയാൻ. രാജീവേട്ടൻ വിന്ദുജായെന്ന് വിളിച്ചപ്പോഴാണ് എനിക്ക് ബോധം വന്നത്. ആ ഷോട്ട് പിന്നീട് റീടേക്ക് പോവേണ്ടി വന്നു,’വിന്ദുജ മേനോൻ പറയുന്നു.

Content Highlight: Vindhuja Menon Talk About Mohanlal