മോഹൻലാലിന്റെ പ്രകടനത്തിലൂടെ വലിയ രീതിയിൽ ചർച്ചയായി മാറിയ ചിത്രമാണ് പവിത്രം.
ടി. കെ. രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ, ശോഭന, തിലകൻ, കെ. പി. എ. സി. ലളിത, നെടുമുടി വേണു, വിന്ദുജ മേനോൻ, ശ്രീനിവാസൻ തുടങ്ങിയ വമ്പൻ താരനിര ഉണ്ടായിരുന്നു.
ഒരു സഹോദരന് തന്റെ അനിയത്തിയോടുള്ള സ്നേഹത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ മോഹൻലാലിന്റെ അനിയത്തിയായാണ് വിന്ദുജ മേനോൻ അഭിനയിച്ചത്. ചിത്രത്തെ കുറിച്ച് പറയുകയാണ് വിന്ദുജ.
തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട വേഷമാണ് പവിത്രത്തിലെ മീനാക്ഷിയെന്ന് താരം പറയുന്നു. മനുഷ്യരുടെ സ്നേഹം നന്നായി അറിയാൻ കഴിഞ്ഞെന്നും മോഹൻലാലിനെ ആ സിനിമയിൽ വിളിക്കുന്ന പോലെ ചേട്ടച്ചൻ എന്ന് തന്നെയാണ് ഇപ്പോഴും വിളിക്കാറുള്ളതെന്നും വിന്ദുജ മിർച്ചി മലയാളത്തോട് പറഞ്ഞു.
‘മനുഷ്യരുടെ സ്നേഹം എനിക്ക് ആവോളം അനുഭവിക്കാൻ പറ്റിയ ഒരു സിനിമ പവിത്രം തന്നെയാണ്. എത്രയൊക്കെ എന്നെ മാറ്റി നിർത്തിയാലും എന്തൊക്കെ പറഞ്ഞാലും ചേട്ടച്ചനും മീനാക്ഷിയും പവിത്രവുമെല്ലാം ഏറ്റവും ചേർന്ന് നിൽക്കുന്ന ഒന്നാണ്.
ഞാൻ ഒരിക്കലും അദ്ദേഹത്തെ ലാൽ സാർ എന്നോ ലാലേട്ടാ എന്നോ വിളിച്ചിട്ടേയില്ല. ഞാൻ എപ്പോഴും വിളിക്കുന്നത് ചേട്ടച്ചാ എന്നാണ്. ഇപ്പോഴും ഞാൻ ചേട്ടച്ചായെന്ന് തന്നെയാണ് വിളിക്കുന്നത്. മുപ്പത് വർഷങ്ങൾക്ക് ശേഷം അദ്ദേഹമിപ്പോൾ പാൻ ഇന്ത്യൻ ഒന്നുമല്ല, പാൻ വേൾഡ് കഴിഞ്ഞു പോയ ഒരു നടനാണ്.
പവിത്രത്തെ മറികടന്നിട്ടുള്ളൊരു കഥാപാത്രം എനിക്ക് മലയാളത്തിൽ ഉണ്ടായിട്ടില്ല. ചില സീരിയലുകളിലെല്ലാം ഒരുപാട് നല്ല വേഷങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. മമ്മൂക്കയുടെ ആദ്യ പ്രൊഡക്ഷനായ ജ്വാലയായി ഒക്കെ അങ്ങനെ ചെയ്തതാണ്. അതൊക്കെ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ടെങ്കിലും പവിത്രം ഒരു ലെജൻഡറി കഥാപാത്രമായി ഇപ്പോഴും നില നിൽക്കുന്നുണ്ട്,’വിന്ദുജ മേനോൻ പറയുന്നു
Content Highlight: Vindhuja Menon Talk About Mohanlal