| Friday, 3rd March 2023, 3:49 pm

വിന്‍സിക്ക് ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാന്‍ പറ്റും, പക്ഷേ ദര്‍ശന ചെയ്തതാണ് ടഫെന്ന് മമ്മൂക്ക പറഞ്ഞു: വിന്‍സി അലോഷ്യസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച വേഷങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് വിന്‍സി അലോഷ്യസ്. മഴവില്‍ മനോരമയിലെ നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിന്‍സി പ്രേക്ഷക ശ്രദ്ധ നേടുന്നതും സിനിമയിലേക്ക് എത്തിപ്പെടുന്നതും.

ഷോയില്‍ റൊമാന്റിക്കായി ചിക്കന്‍ കറി ഉണ്ടാക്കുന്ന വിന്‍സിയുടെ വീഡിയോ വൈറലായിരുന്നു. വിന്‍സിയുടെ സഹ മത്സരാര്‍ത്ഥികളായിരുന്ന മാളവികയും ദര്‍ശനയും ഒപ്പമുണ്ടായിരുന്നു. ദര്‍ശന കലിപ്പ് മോഡില്‍ ചിക്കന്‍ കറി ഉണ്ടാക്കിയപ്പോള്‍ ഇമോഷണലായാണ് മാളവിക ചിക്കനുണ്ടാക്കിയത്.

ഈ പെര്‍ഫോമന്‍സിനെ മമ്മൂട്ടി അഭിനന്ദിച്ചതിനെ പറ്റി പറയുകയാണ് വിന്‍സി. ലാല്‍ജോസിനും ദര്‍ശനക്കുമൊപ്പം മമ്മൂട്ടിയെ കാണാന്‍ പോയപ്പോള്‍ അദ്ദേഹം ദര്‍ശനയുടെ പെര്‍ഫോമന്‍സിനെയാണ് അഭിനന്ദിച്ചത് എന്നാണ് വിന്‍സി പറഞ്ഞത്. എല്ലാവരും തന്റെ പെര്‍ഫോമന്‍സിനെയാണ് അഭിനന്ദിച്ച് കാണാറുള്ളതെന്നും മമ്മൂട്ടി വ്യത്യസ്തമായ അഭിപ്രായം പറഞ്ഞപ്പോള്‍ അത്ഭുതം തോന്നിയെന്നും വിന്‍സി പറഞ്ഞു. ഡൂള്‍ന്യൂസ് പ്രതിനിധി അമൃത ടി. സുരേഷ് നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഒരു പെര്‍ഫോമറെന്ന നിലയില് ഞാന്‍ മമ്മൂക്കയെ ബഹുമാനിക്കുന്ന പോയിന്റുണ്ട്. നോര്‍മല്‍ ഓഡിയന്‍സിന് എന്റെ കോഴിക്കറിയാണ് ബെസ്റ്റായി തോന്നിയത്. പക്ഷേ ഒരു പെര്‍ഫോമന്‍സ് എന്ന നിലയില്‍ ടഫായിട്ടുള്ളത് ദര്‍ശന ചെയതതാണെന്ന് മമ്മൂക്കക്ക് അറിയാം. കാരണം കലിപ്പ് മോഡിട്ട് ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുക എന്നത് പാടാണ്.

ഇറച്ചിക്കോഴി വെച്ചത് താനല്ലേടോ എന്ന് ദര്‍ശനയെ ചൂണ്ടിയാണ് അദ്ദേഹം അന്ന് സംസാരിച്ചത്. സാധാരണ എന്നോടാണല്ലോ പറയാറുള്ളത് എന്ന് ഞാന്‍ വിചാരിച്ചു. മമ്മൂക്ക ലാല്‍ജോസ് സാറിനോടും പറഞ്ഞു, അവള്‍ ചെയ്തത് ആള്‍ക്കാരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാന്‍ എളുപ്പമാണ്, പക്ഷേ ദര്‍ശന ചെയ്തത് ടഫാണ്. ഒരു പെര്‍ഫോമറും സാധാരണ പ്രേക്ഷകരും നോക്കികാണുന്നതിലെ വ്യത്യാസമാണത്,’ വിന്‍സി പറഞ്ഞു.

രേഖയാണ് ഒടുവില്‍ റിലീസ് ചെയ്ത വിന്‍സിയുടെ ചിത്രം. ജിതിന്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉണ്ണിലാലു ആണ് നായകനായത്. പ്രേമലതി തായിനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കണ്‍കോല്‍, പ്രതാപന്‍ കെ.എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: vincy talks about mammootty’s appriciation for darshana

We use cookies to give you the best possible experience. Learn more