| Friday, 17th November 2023, 9:52 pm

എന്റെ ഉള്ളിലെ ആക്ടറിനെ സാറ്റിസ്ഫൈ ചെയ്യാൻ കഴിഞ്ഞ ഏക ചിത്രമാണത്: വിൻസി അലോഷ്യസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ കരിയറിലെ ഏറ്റവും ഇഷ്ടപെട്ട സിനിമ രേഖയാണെന്ന് നടി വിൻസി അലോഷ്യസ്. താൻ അതിന് വേണ്ടി എടുത്ത എഫേർട്ട് ഒരുപാടുണ്ടെന്നും അതുകൊണ്ട് തന്നെ തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ അതാണെന്നും വിൻസി പറഞ്ഞു. ഒരു നടിയെന്ന നിലയ്ക്ക് തന്നെ സംതൃപ്തയാക്കിയ ചിത്രമാണ് രേഖയെന്നും വിൻസി കൂട്ടിച്ചേർത്തു. രേഖയിൽ താൻ അത്ര പെർഫെക്റ്റ് അല്ലെന്നും എന്നാൽ അത് തനിക്ക് പ്രിയപെട്ടതാണെന്നും വിൻസി പറയുന്നുണ്ട്. കാൻമീഡിയചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ കരിയറിലെ പേഴ്സണൽ ഫേവറേറ്റ് രേഖയാണ്. എന്തുവന്നാലും അത് രേഖ തന്നെയാണ്. അതിനുവേണ്ടി എടുത്ത ഒരു എഫേർട്ട് എന്ന് പറഞ്ഞ ഒരു സാധനം ഉണ്ട്. ഞാൻ മറ്റുള്ള പടങ്ങളെ വെച്ച് താരതമ്യം ചെയ്യുകയല്ല. ഇതിനുവേണ്ടി ഞാൻ എത്ര എഫേർട്ട് എടുത്താലും എപ്പോഴും ഞാൻ അതിൽ എന്താ തെറ്റുള്ളത് എന്നാണ് നോക്കാറുള്ളത്. രേഖയിൽ ഞാൻ പെർഫെക്റ്റ് എന്നല്ല. പക്ഷേ എവിടെയോ എന്റെ ഉള്ളിലെ ആക്ടറിനെ സാറ്റിസ്ഫൈ ചെയ്യാൻ കഴിഞ്ഞ ഏക ചിത്രം രേഖയാണ്. എപ്പോഴും അത് എന്റെ ഫേവറിറ്റ് ആയിരിക്കും,’ വിൻസി അലോഷ്യസ് പറഞ്ഞു.

അതുപോലെ താൻ ചെയ്ത പല കഥാപാത്രങ്ങളും പലരും നോ പറഞ്ഞതാണെന്നും താൻ പലർക്കും രണ്ടാമത്തെയോ മൂന്നാമത്തെയോ ഓപ്ഷൻ ആണെന്നും വിൻസി അഭിമുഖത്തിൽ പറയുന്നുണ്ട്.

‘ഞാൻ ലൈഫിൽ സ്റ്റീരിയോടൈപ്പ് ബ്രേക്ക് ചെയ്യാൻ ശ്രമിക്കുന്നതേയുള്ളൂ. ചിലപ്പോൾ അത് പാളി പോവാറുണ്ട്. ഒരു ലക്കിന്റെ പുറത്ത് കിട്ടുന്നതാണ്. ശിക്കാരി ശംഭു എന്നൊക്കെ വേണമെങ്കിൽ വിളിക്കാം. ഞാൻ എവിടെ വേണമെങ്കിലും പറയാം എന്റെ തുടക്ക സമയത്ത് നമുക്ക് മൂവീസ് ഒന്നും സെലക്ട് ചെയ്യാൻ അറിയത്തില്ല.

തുടക്കകാലഘട്ടത്തിൽ ഭയങ്കര കൺഫ്യൂഷൻ ഉള്ള സമയമായിരിക്കും. എങ്ങോട്ടാണ് പോകുന്നത് എന്ന് അറിയില്ല. എന്ത് സെലക്ട് ചെയ്യണം എങ്ങനെ തെരഞ്ഞെടുക്കണം എന്ന ഒരു ഐഡിയയും ഇല്ല. നമ്മൾ അന്ന് നോക്കുന്ന ക്രൈറ്റീരിയാസ് എന്തൊക്കെയാണെന്ന് വെച്ചാൽ ആ പടത്തിൽ ആരൊക്കെയുണ്ട് എന്നതാണ്.

രേഖ മുതലാണ് നമ്മൾ സ്വന്തമായിട്ട് നോക്കി ചെയ്യാൻ തുടങ്ങിയത്. സ്റ്റീരിയോടൈപ്പ് ബ്രേക്ക് ചെയ്യുന്ന ക്യാരക്ടർ ഞാൻ മനപ്പൂർവം സെലക്ട് ചെയ്യുന്നതല്ല. എന്നെ തേടി വന്നതാണ്. കുറെ ആളുകൾ നോ പറഞ്ഞിട്ടാണ് എന്റെ അടുത്തേക്ക് വരിക. ഞാൻ ഓൾവേയ്സ് ഒരു സെക്കൻഡ് അല്ലെങ്കിൽ തേർഡ് ഓപ്ഷൻ ആണ്. ചക്ക വീണ് മുയൽ ചത്തു എന്നൊക്കെ പറയുന്ന പോലെ സെറ്റായി വരുന്നതാണ്. ഇപ്പോൾ ഞാൻ കുറച്ച് കോൺഷ്യസ് ആണ്,’ വിൻസി അലോഷ്യസ് പറഞ്ഞു.

ഈ വർഷം മികച്ച നടിക്കുള്ള സംസ്ഥാന അവാർഡിന് വിൻസിയെ അർഹയാക്കിയത് ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയമാണ്. എന്നാൽ പടത്തിന് തിയേറ്ററിൽ അത്ര മികച്ച പ്രതികരണം ലഭിച്ചിരുന്നില്ല. പക്ഷെ ഒ.ടി.ടിയിൽ വന്നതോടെ നല്ല പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൽ വേറിട്ട പ്രകടനമാണ് വിൻസി കാഴ്ചവെച്ചത്.

Content Highlight: Vincy Aloysius on his favorite movie

We use cookies to give you the best possible experience. Learn more