എഡിറ്റിങ്ങും കളര്‍പാറ്റേണുമൊക്കെ നമ്മളേക്കാള്‍ കൂടുതല്‍ പ്രേക്ഷകര്‍ക്കറിയാം: വിന്‍സി അലോഷ്യസ്
Entertainment news
എഡിറ്റിങ്ങും കളര്‍പാറ്റേണുമൊക്കെ നമ്മളേക്കാള്‍ കൂടുതല്‍ പ്രേക്ഷകര്‍ക്കറിയാം: വിന്‍സി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd March 2023, 8:03 pm

വിന്‍സി അലോഷ്യസ് ഉണ്ണിലാലു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തി ഈ വര്‍ഷം തിയേറ്ററിലെത്തിയ ചിത്രമായിരുന്നു രേഖ. സിനിമയിലെ വിന്‍സിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തില്‍ ഇടക്കാലത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം കൂടിയായിരുന്നു രേഖ.

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയിലെ മാറി വരുന്ന ട്രെന്‍ഡുകളെ കുറിച്ച് സംസാരിക്കുകയാണ് വിന്‍സിയും ഉണ്ണിലാലുവും. മെയില്‍ സെന്‍ട്രിക് ചിത്രങ്ങളോടൊപ്പം ഫീമെയില്‍ ഓറിയന്റഡ് ചിത്രങ്ങളും വിജയിക്കുന്ന ഇടമായി മലയാള സിനിമ മാറിയെന്നാണ് വിന്‍സി പറഞ്ഞത്.

മലയാള സിനിമ പ്രേക്ഷകര്‍ പുതുമുഖങ്ങളെ അംഗീകരിക്കാനും പുതിയ രീതികള്‍ പരീക്ഷിക്കാനും തുടങ്ങിയിട്ടുണ്ടെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

‘ഇപ്പോള്‍ ധാരാളം ഫീമെയില്‍ ക്യാരക്ടര്‍ റോളുകളുള്ള സിനിമകള്‍ പുറത്തിറങ്ങുന്നുണ്ട്. അത് തന്നെ ഓഡിയന്‍സിന്റെ കാഴ്ച്ചപ്പാടുകള്‍ മാറിതുടങ്ങി എന്നതിന് ഉദാഹരണമാണ്. മെയില്‍ സ്റ്റാര്‍ കാസ്റ്റിന് പകരം ഫീമെയില്‍ ക്യാരക്ടര്‍ വന്നാലും അവരത് അക്‌സപ്റ്റ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അതൊരു നല്ല കാര്യമാണ്.

ഈ സിനിമയില്‍ പോലും ഭയങ്കര റോ ക്യാരക്ടറാണ് നമ്മള്‍ പിടിച്ചിരിക്കുന്നത്. മേക്കപ്പിലായാലും ആള്‍ക്കാരുടെ സ്ലാങ്ങിലാണെങ്കിലും ഒക്കെ, സാധാരണക്കാരുടെ ക്യാരക്ടറാണ് നമ്മള്‍ ചെയ്തിരിക്കുന്നത്.

ഇനി ഏതെങ്കിലും കണ്ടന്റ് മിസ്സായാല്‍ പോലും പ്രേക്ഷകര്‍ കണ്ടെത്തും. എഡിറ്റിങ്, കളര്‍ പാറ്റേണ്‍, ഫിലിം മേക്കിങ് എന്നിവയിലൊക്കെ കൂടുതല്‍ അറിയാവുന്ന ആളുകളായി പ്രേക്ഷകര്‍ മാറിയിട്ടുണ്ട്,’ വിന്‍സി പറഞ്ഞു.

ഒപ്പമുണ്ടായിരുന്ന ഉണ്ണിലാലുവും വിന്‍സിയുടെ അഭിപ്രായത്തോട് യോജിച്ചു. പുതുമുഖങ്ങളെ അംഗീകരിക്കാനും പുതിയ കണ്ടന്റുകളെ പ്രോത്സാഹിപ്പിക്കാനും മലയാളികള്‍ പഠിച്ചു തുടങ്ങിയെന്നും ഉണ്ണി ലാലു പറഞ്ഞു.

‘ഇപ്പോഴുള്ള പ്രേക്ഷകര്‍ പുതിയ ആളുകളെ അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ന് ഓഡിയന്‍സ് സിനിമയെ ഭയങ്കരമായി നിരീക്ഷിക്കുന്നവരാണ്. അവര്‍ പുതിയ കണ്ടന്റ്, കഥ, സിനിമയില്‍ നടത്തുന്ന പരീക്ഷണം എന്നിവയൊക്കെ ശ്രദ്ധിക്കുന്നവരാണ്,’ ഉണ്ണി പറഞ്ഞു.

Content Highlight: Vincy alosious comment malayalam film audiance