ജനഗണമനയുടെ സെറ്റിൽ ഞാൻ പൃഥ്വിയേട്ടനോട് മിണ്ടിയിട്ടില്ല: വിൻസി അലോഷ്യസ്
Film News
ജനഗണമനയുടെ സെറ്റിൽ ഞാൻ പൃഥ്വിയേട്ടനോട് മിണ്ടിയിട്ടില്ല: വിൻസി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th February 2024, 10:41 pm

ജനഗണമന സിനിമയുടെ സെറ്റിൽ താൻ പൃഥ്വിരാജിനോട് മിണ്ടയിരുന്നില്ലെന്ന് വിൻസി അലോഷ്യസ്. അത്രയും സീരിയസ് കഥാപാത്രം പൃഥ്വിരാജ് സിനിമയിൽ ചെയ്തതുകൊണ്ട് അദ്ദേഹം സെറ്റിൽ വന്ന് അഭിനയിച്ച് പോകുകയായിരുന്നെന്ന് വിൻസി പറഞ്ഞു. അതുപോലെ തന്റെ പുതിയ ചിത്രമായ മാരിവില്ലിൻ ഗോപുരങ്ങൾ ചെയ്തപ്പോൾ ഇന്ദ്രജിത്തിനോട് മിണ്ടാൻ പേടിയുണ്ടായിരുന്നെന്നും വിൻസി അഭിമുഖത്തിൽ പറയുന്നുണ്ട്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. മാരിവില്ലിൻ ഗോപുരങ്ങൾ ചിത്രത്തിൽ ഇന്ദ്രജിത്തിനെ പരിചയപ്പെട്ടതിനെക്കുറിച്ചും വിൻസി പറയുന്നുണ്ട്.

‘ജനഗണമനയിൽ വർക്ക് ചെയ്തപ്പോൾ ഞാൻ പൃഥ്വിരാജ് ഏട്ടനോട് മിണ്ടിയിട്ടില്ല. പുള്ളി വരും അഭിനയിക്കും പോകും. എനിക്ക് അദ്ദേഹവുമായി കോമ്പിനേഷൻ സീനുകളും ഇല്ല. കോർട്ട് റൂമിൽ വരും എന്നല്ലാതെ, വേറെ പരിചയമൊന്നുമില്ല. പൃഥ്വിരാജിന്റെ ചേട്ടൻ ആണല്ലോ ഇന്ദ്രജിത്ത്. അതുകൊണ്ട് അതൊക്കെ പ്രതീക്ഷിച്ചാൽ മതി എന്നായിരുന്നു ഞാൻ കരുതിയത്. എങ്ങനെ അത് ബ്രേക്ക് ചെയ്യും എന്നാണ് ഞാൻ ആലോചിച്ചത്.

പൃഥ്വിരാജ് അതിലെ വളരെ സീരിയസ് ആയിട്ടുള്ള കഥാപാത്രമാണ് കൈകാര്യം ചെയ്യുന്നത്. ലൊക്കേഷനിൽ വരുക, ചെയ്യുക പോവുക. ഇവിടെ അങ്ങനെയല്ല സീരിയസ് മോഡ് അല്ല. ഇന്ദ്രജിത് ഏട്ടനുമായിട്ട് എങ്ങനെ ബ്രേക്ക് ചെയ്യുമെന്നായിരുന്നു ആലോചിച്ചത്. ഫോട്ടോഷൂട്ട് എടുക്കുന്ന സമയത്ത് പുള്ളി നമ്മളെ അടുത്ത് വന്ന് സംസാരിച്ചു. നമ്മളോട് ഇങ്ങോട്ട് വന്ന് സംസാരിച്ചപ്പോൾ പിന്നെ വൈബ് സെറ്റ്,’ വിൻസി പറഞ്ഞു.

കോക്കേഴ്സ് മീഡിയ എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരിവില്ലിൻ ഗോപുരങ്ങൾ.

സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി എൻ്റർടൈനറായ ഈ ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേർന്നാണ്. പ്രമോദ് മോഹൻ്റേതാണ് ചിത്രത്തിൻ്റെ തിരക്കഥ. വിനായക് ശശികുമാറിന്റെതാണ് വരികൾ.

Content Highlight: Vincy alosious about prithviraj sukumaran