തടി കാരണം പുതിയ കാലത്തിന് യോജിക്കില്ലെന്ന വിമര്‍ശനം; സുപ്രിയ ചേച്ചി പറഞ്ഞ് ആ റോള്‍ എനിക്ക് കിട്ടി: വിന്‍സി അലോഷ്യസ്
Entertainment
തടി കാരണം പുതിയ കാലത്തിന് യോജിക്കില്ലെന്ന വിമര്‍ശനം; സുപ്രിയ ചേച്ചി പറഞ്ഞ് ആ റോള്‍ എനിക്ക് കിട്ടി: വിന്‍സി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th November 2024, 1:42 pm

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജന ഗണ മന. ലീഗല്‍ ത്രില്ലര്‍ ഴോണറില്‍ എത്തിയ ഈ സിനിമയില്‍ പൃഥ്വിരാജ് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ്, പശുപതി തുടങ്ങിയ മികച്ച താരനിരയായിരുന്നു അഭിനയിച്ചത്.

ഒപ്പം നടി വിന്‍സി അലോഷ്യസും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ജന ഗണ മനയിലെ വേഷം തനിക്ക് നഷ്ടമാകേണ്ടതായിരുന്നുവെന്നും സുപ്രിയ മേനോന്‍ കാരണമാണ് ആ വേഷം തനിക്ക് ലഭിച്ചതെന്നും പറയുകയാണ് വിന്‍സി.

തടി കാരണം പുതിയ കാലത്തിന് യോജിച്ച ആളല്ലെന്നുള്ള വിമര്‍ശനങ്ങള്‍ നിരന്തരമായി താന്‍ കേട്ടിരുന്നെന്നും ആ പതിവ് മാറ്റിയെടുക്കണമെന്ന് താന്‍ ആലോചിച്ചിരുന്നെന്നും നടി പറയുന്നു. അതിന്റെ ഇടയിലാണ് ജന ഗണ മനയിലേക്ക് തന്നെ വിളിച്ചതെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.

‘എന്റെ തടി കാരണം പുതിയ കാലത്തിന് യോജിച്ച ആളല്ലെന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ നിരന്തരമായി ഞാന്‍ കേട്ടിരുന്നു. എന്തുകൊണ്ടാകും അതെന്ന് ഞാന്‍ ഒരുപാട് ആലോചിച്ചിരുന്നു. അങ്ങനെ ആ പതിവ് മാറ്റിയെടുക്കണമെന്നും ഞാന്‍ ആലോചിച്ചു. അതിന്റെ ഇടയിലാണ് ജന ഗണ മനയിലേക്ക് എന്നെ വിളിക്കുന്നത്.

തടി നോക്കണമെന്നും ഫോട്ടോ അയക്കണമെന്നും അവര്‍ പറഞ്ഞു. പക്ഷെ കൃത്യം അപ്പോഴാണ് സുപ്രിയ ചേച്ചി എന്റെ മാലാഖയായി വരുന്നത്. ‘തടിയൊക്കെ ഉണ്ട്, അതിനെന്താ ഈ കുട്ടി നന്നായി അഭിനയിക്കും’ എന്നായിരുന്നു ചേച്ചി പറഞ്ഞത്. അതോടെ ആ സിനിമയിലെ റോള്‍ എനിക്ക് കിട്ടുകയായിരുന്നു,’ വിന്‍സി പറയുന്നു.

കനകം കാമിനി കലഹത്തിലൂടെയാണ് തന്റെ ക്യാമറയോടുള്ള പേടിയൊക്കെ മാറുന്നതെന്നും ഭീമന്റെ വഴി എന്ന സിനിമയില്‍ തനിക്ക് കുഞ്ചാക്കോ ബോബനൊപ്പം ഇന്റിമേറ്റ് സീനുണ്ടായിരുന്നെന്നും നടി പറഞ്ഞു. അദ്ദേഹം തന്റെ മെന്ററായിരുന്നെങ്കിലും ആ സീനുകള്‍ കൂളായി തന്നെ ഷൂട്ട് ചെയ്യാന്‍ സാധിച്ചെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.

‘ഭീമന്റെ വഴി, കനകം കാമിനി കലഹം, കരിക്കിന്റെ വെബ് സീരീസ് തുടങ്ങിയ പ്രൊജക്ടുകളുടെ ഭാഗമാകാന്‍ സാധിച്ചിരുന്നു. എന്നാല്‍ കനകം കാമിനി കലഹത്തിലൂടെയാണ് എന്റെ ക്യാമറയോടുള്ള പേടിയൊക്കെ മാറുന്നത്.

അതുപോലെ ഭീമന്റെ വഴി എന്ന സിനിമയില്‍ എനിക്ക് കുഞ്ചാക്കോ ബോബനൊപ്പം ഇന്റിമേറ്റ് സീനുണ്ടായിരുന്നു. ചാക്കോച്ചന്‍ ആണെങ്കില്‍ എന്റെ മെന്റര്‍ കൂടിയായിരുന്നു. എങ്കിലും ആ സീനുകള്‍ കൂളായി തന്നെ ഷൂട്ട് ചെയ്യാന്‍ എനിക്ക് സാധിച്ചു,’ വിന്‍സി പറഞ്ഞു.

Content Highlight: Vincy Aloshious Talks About Supriya Menon And Jana Gana Mana Movie