2018ല്‍ മഴവില്‍ മനോരമയിലെ ‘നായിക നായകന്‍’ എന്ന ടാലന്റ്-ഹണ്ട് ഷോയിലൂടെ മലയാളികള്‍ക്ക് മുന്നില്‍ എത്തിയ നടിയാണ് വിന്‍സി അലോഷ്യസ്. പിന്നീട് ‘ഡി5 ജൂനിയര്‍’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ അവതാരകയാകാനും വിന്‍സിക്ക് സാധിച്ചു. 2019ല്‍ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് വിന്‍സി സിനിമയിലേക്ക് എത്തുന്നത്.
പിന്നീട് മികച്ച കുറച്ച് സിനിമകളുടെ ഭാഗമായ വിന്‍സി അലോഷ്യസ് 2023ല്‍ രേഖ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി. ചിത്രത്തില്‍ ടൈറ്റില്‍ റോളിലായിരുന്നു വിന്‍സി എത്തിയത്. നടിയുടെ കരിയറിലെ മികച്ച കഥാപാത്രമായിരുന്നു രേഖ. ഇപ്പോള്‍ രേഖയെന്ന കഥാപാത്രത്തെ കുറിച്ചും ആ സിനിമയെ കുറിച്ചും പറയുകയാണ് വിന്‍സി.
തനിക്ക് തുടക്കം മുതല്‍ രേഖയെ കുറിച്ച് ചിന്തിക്കുമ്പോള്‍ എന്തുകൊണ്ടാകും അവള്‍ അച്ഛന്‍ മരിച്ചിട്ടും കരയാതിരുന്നതെന്ന സംശയം ഉണ്ടായിരുന്നു എന്നാണ് നടി പറയുന്നത്. താന്‍ അത് സംവിധായകന്‍ ജിതിന്‍ ഐസക്ക് തോമസിനോട് ചോദിച്ചിരുന്നെന്നും വിന്‍സി പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിന്‍സി അലോഷ്യസ്.
‘എനിക്ക് തുടക്കം മുതല്‍ രേഖയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാവാറുണ്ട്. അവള്‍ അച്ഛന്‍ മരിച്ചിട്ടും കരയുന്നില്ല. എന്തുകൊണ്ടാകും അവര്‍ കരയാത്തത് എന്ന ചോദ്യം എന്റെ മനസില്‍ ഉണ്ടായിരുന്നു. ഞാന്‍ അത് ചോദിക്കുകയും ചെയ്തിട്ടുണ്ട്.
എന്തുകൊണ്ടാണ് രേഖ കരയാത്തത്? ഞാനൊക്കെ ആണെങ്കില്‍ കരഞ്ഞ് അലമ്പാക്കിയേനേ (ചിരി). പക്ഷെ ജിതിന്‍ പറഞ്ഞത് രേഖ കരയണ്ട എന്നുതന്നെയായിരുന്നു. അപ്പോഴും എനിക്ക് ഒരു തരത്തിലും രേഖ എന്തുകൊണ്ട് കരയേണ്ടെന്ന് മനസിലാക്കാന്‍ പറ്റിയിട്ടില്ല. അത്ര റിലേറ്റബിളല്ലാത്ത ഒരു കഥാപാത്രം പോലെയായിരുന്നു രേഖ.
ആ കഥാപാത്രത്തിന്റെ അകത്ത് എന്തൊക്കെയോ കാര്യങ്ങളുണ്ടെന്ന് മനസിലാക്കിയെടുക്കാന്‍ എനിക്ക് ജിതിന്‍ വേണ്ടിവന്നു. അതായത് രേഖയെ പറ്റി ജിതിന്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് ക്ലിയറാക്കി തരേണ്ടി വന്നു. അല്ലാതെ എനിക്ക് സ്വയം അവളെ മനസിലാക്കാന്‍ സാധിച്ചിരുന്നില്ല,’ വിന്‍സി അലോഷ്യസ് പറഞ്ഞു.
Content Highlight: Vincy Aloshious Talks About Rekha Movie