ചുരുങ്ങിയകാലം കൊണ്ട് മലയാളത്തിലെ മുൻനിര നായിക നടിയായി ഉയർന്നു വന്ന നടിയാണ് വിൻസി അലോഷ്യസ്. രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടിയതോടെ നടിയെന്ന നിലയിൽ ഇനിയും ഒരുപാട് ഉപയോഗിക്കപ്പെടാൻ ഉള്ള താരമാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് വിൻസി.
ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. അത്രയും ഇഷ്ടപ്പെട്ട് ചെയ്ത ചിത്രമായിരുന്നു രേഖ, എന്നാൽ അത് വേണ്ട രീതിയിൽ ആളുകൾക്കിടയിൽ എത്താഞ്ഞത് തനിക്ക് പ്രയാസമുണ്ടാക്കിയെന്ന് പറയുകയാണ് വിൻസി. രേഖയെ പോലെ ഒരുപാട് പെൺകുട്ടികൾ സമൂഹത്തിലുണ്ടെന്നും വിൻസി കൂട്ടിചേർത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു താരം.
ഭീമന്റെ വഴിയിലെയും രേഖയിലെയും എന്റെ വേഷങ്ങൾ പ്രേക്ഷകർക്ക് അപ്രതീക്ഷിതമായിരുന്നു. അവരുടെ മുൻവിധികൾക്കനുസരിച്ചുള്ള കഥാപാത്രങ്ങൾ ആയിരുന്നില്ല അവ രണ്ടും. പക്ഷെ അത് കണ്ടിട്ട് എന്നോടാരും മോശം പറഞ്ഞിട്ടില്ല. അഭിപ്രായങ്ങളെല്ലാം സോഷ്യൽ മീഡിയ വഴിയായിരുന്നു ഞാൻ അറിഞ്ഞത്. കമന്റുകളും കളിയാക്കലുമെല്ലാം എന്റെ അപ്പച്ചനെയും അമ്മച്ചിയേയും കുറ്റപ്പെടുത്തുന്നതായിരുന്നു. മകൾ എന്ത് റോൾ അഭിനയിച്ചാലും അവർക്ക് പണമാണ് മുഖ്യമെന്നായിരുന്നു പ്രധാനകുറ്റപ്പെടുത്തൽ.
രേഖയിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ച് ഞാൻ സിനിമയ്ക്ക് മുൻപ് തന്നെ അപ്പച്ചനോടും അമ്മച്ചിയോടും പറഞ്ഞിരുന്നു. രേഖ സിനിമയിൽ അത് അനിവാര്യമായിരുന്നു. ആ സീനുകൾ കംഫർട്ടബിൾ ആണെങ്കിൽ മാത്രം ചെയ്താൽ മതിയെന്ന് സംവിധായകൻ ജിതിൻ ഐസക്കും എന്നോട് പറഞ്ഞിരുന്നു. ആ സീനുകൾ ഒഴിവാക്കിയാൽ സിനിമയുടെ ബലം നഷ്ടമായേക്കാം. രേഖയുടെ കഥ കേട്ട് അത്രയും ഇഷ്ടമായിട്ടാണ് ഞാൻ അത് ചെയ്യാൻ തീരുമാനിച്ചത്.
സിനിമയിൽ എന്റെ പ്രകടനം കണ്ട് ഒരുപാടാളുകൾ അഭിനന്ദിക്കുമ്പോഴും നല്ലൊരു സിനിമ വേണ്ട രീതിയിൽ ആളുകൾക്കിടയിലേക്ക് എത്താതത് എന്നെ വിഷമിപ്പിച്ചു. രേഖ ഓടിയ തിയേറ്ററുകളിൽ ഒരു പോസ്റ്റർ പോലുമില്ലായിരുന്നു എന്നതായിരുന്നു സത്യം. പ്രൊമോഷനും വളരെ കുറവായിരുന്നു. പിന്നീട് നെറ്റ് ഫ്ലിക്സിൽ സിനിമ ഇറങ്ങിയപ്പോഴാണ് വലിയ പ്രേക്ഷക സ്വീകാര്യത രേഖയ്ക്ക് ലഭിക്കുന്നത്. രേഖയെന്ന ചിത്രത്തിലേക്ക് എത്താൻ വലിയ പ്രയാസമില്ലായിരുന്നു എന്നാൽ ഇറങ്ങി കഴിഞ്ഞതിന് ശേഷം അത് ജനങ്ങളിലേക്ക് എത്താതെ വന്നപ്പോൾ ബുദ്ധിമുട്ട് തോന്നി.
ആദ്യമായി ടൈറ്റിൽ വേഷത്തിലെത്തിയ ചിത്രം ആളുകളിലേക്ക് എത്താത്തത് പോലെ. താരമൂല്യം തന്നെയാവാം പ്രധാന കാരണം. രേഖയിലെ കഥാപാത്രം കണ്ട് എനിക്കറിയുന്ന ഒരുപാട് പെൺകുട്ടികൾ രേഖ എന്ന കഥാപാത്രത്തിന് അവരുടെ ജീവിതവുമായി സാമ്യമുണ്ടെന്ന് പറഞ്ഞിരുന്നു. സ്നേഹിക്കുന്നവരെ എല്ലാം മറന്ന് വിശ്വസിക്കുന്ന രേഖയെ പോലുള്ള ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്,’വിൻസി പറയുന്നു.
Content Highlight: Vincy Aloshious Talk About Negative Comments Against Her Parents