റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലേക്ക് കടന്ന് വന്ന് മലയാള സിനിമയിൽ തന്റെ സ്ഥാനം അടയാളപെടുത്തിയ നടിയാണ് വിൻസി അലോഷ്യസ്. രേഖ എന്ന ചിത്രത്തിലൂടെ ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും വിൻസി സ്വന്തമാക്കിയിരുന്നു.
മികച്ച കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത് കരിയറിൽ മുന്നേറുമ്പോഴും തന്റെ വ്യക്തി ജീവിതത്തിലെ പല തീരുമാനങ്ങളും പലപ്പോഴും പാളി പോയിട്ടുണ്ടെന്നാണ് വിൻസി പറയുന്നത്. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു താരം.
‘സിനിമയിൽ ഞാൻ ഒരുപാട് ഹാപ്പിയാണ്. മികച്ച കഥാപാത്രങ്ങൾക്കായി സെലക്ടീവായി സിനിമകൾ തെരഞ്ഞെടുക്കുന്ന ആളാണ് ഞാൻ. പക്ഷെ മനുഷ്യരുടെ കാര്യത്തിൽ അങ്ങനെയൊരു കഴിവെനിക്ക് ഉണ്ടെന്ന് തോന്നിയിട്ടില്ല. ഒരാളോട് അടുപ്പം തോന്നിയാൽ ഞാൻ അയാളെ പൂർണമായി വിശ്വസിച്ചു പോവും. സൗഹൃദമാണെങ്കിലും പ്രണയമാണെങ്കിലും ഒരുപോലെയാണ്. ആ വിശ്വാസം പലപ്പോഴും വലിയ അപകടമായി മാറാറുണ്ട്.
കോളേജിൽ പഠിക്കുമ്പോൾ എനിക്കൊരു ബന്ധം ഉണ്ടായിരുന്നു. പലകാരണങ്ങളാൽ എനിക്കത് തുടരാൻ കഴിഞ്ഞില്ല. അതിൽ നിന്നുള്ള പിന്മാറ്റം എന്റെ സൗഹൃദത്തെയും വലിയ രീതിയിൽ ബാധിച്ചിരുന്നു. തീർത്തും ഒറ്റപ്പെട്ട് പോയ പോലെ തോന്നിയിരുന്നു അന്ന്.
പക്ഷെ മുന്നോട്ടുള്ള ജീവിതത്തിൽ അന്നത്തെ ഒറ്റപ്പെടൽ എനിക്കൊരു പാഠമായിരുന്നു. പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കണ്ടെത്താനാണ് ഞാൻ ശ്രമിക്കാറുള്ളത്. എന്റെ അനുഭവങ്ങൾ എന്നെ അങ്ങനെ രൂപപ്പെടുത്തിയെടുത്തു എന്ന് പറയാം.
ഒരു തുറന്ന പുസ്തകമായിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. എല്ലാവരും ഇഷ്ടപെടുന്ന എല്ലാവർക്കും മതിപ്പ് തോന്നിക്കുന്ന ഒരാളാവണം എന്നൊക്കെയാണ് ഞാൻ ആദ്യം ആഗ്രഹിച്ചിരുന്നത്. അതെന്റെ ജീവിതലക്ഷ്യമായിരുന്നു.
പക്ഷെ അതൊരു കൃത്രിമ ജീവിതമാണെന്ന ബോധ്യമാണ്, കംഫർട് സോൺ വിട്ടാൽ മാത്രമേ മുന്നേറി വിജയിക്കാൻ കഴിയുള്ളു എന്ന തിരിച്ചറിവ് എനിക്ക് ഉണ്ടാക്കി തന്നത്,’വിൻസി പറയുന്നു.
Content Highlight: Vincy Aloshious Talk About Her Personal Life