| Monday, 28th November 2022, 10:01 pm

കരിക്കിലെ ജോര്‍ജാണ് ആ പടം കാണാന്‍ പറയുന്നത്; ഒരു മാസം കഴിഞ്ഞപ്പോള്‍ ഒരു കോള്‍, ട്രൂ കോളറിലെ പേര് കണ്ട് ഞാന്‍ കണ്ണ് മിഴിച്ചു: വിന്‍സി അലോഷ്യസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത പുതിയ ചിത്രമായ 1744 വൈറ്റ് ആള്‍ട്ടോയിലേക്ക് എത്തിച്ചേര്‍ന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടി വിന്‍സി അലോഷ്യസ്. തിങ്കളാഴ്ച നിശ്ചയം കണ്ടതുമുതല്‍ സെന്ന ഹെഗ്‌ഡെയുടെ ചിത്രത്തില്‍ അഭിനയിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും അപ്രതീക്ഷിതമായാണ് അവസരം വന്നുചേര്‍ന്നതെന്നും വിന്‍സി പറയുന്നു.

മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വൈറ്റ് ആള്‍ട്ടോ അനുഭവങ്ങള്‍ താരം പങ്കുവെച്ചത്. കഥ കേട്ട ശേഷം തീരുമാനിച്ചാല്‍ മതിയെന്ന് സെന്ന ഹെഗ്‌ഡെ പറഞ്ഞെങ്കിലും കഥയില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാനായിരുന്നു തന്റെ തീരുമാനമെന്നാണ് നടി പറയുന്നത്.

കരിക്കിലെ ജോര്‍ജ് (അനു കെ. അനിയന്‍) ആണ് തനിക്ക് ‘തിങ്കളാഴ്ച നിശ്ചയം’ സജസ്റ്റ് ചെയ്തതെന്നും വിന്‍സി അഭിമുഖത്തില്‍ പറഞ്ഞു.

‘തിങ്കളാഴ്ച നിശ്ചയം കുറച്ച് ഹൈപ്പില്‍ നില്‍ക്കുന്ന സമയമായിരുന്നു അത്. കരിക്കിലെ ജോര്‍ജുണ്ടല്ലോ, അവനും ഞാനും ഒരു ദിവസം ടെക്‌സ്റ്റ് ചെയ്യുന്നതിനിടക്ക് ഈ പടമൊന്ന് കണ്ടുനോക്കൂ. നല്ല പടമാണെന്ന് പറഞ്ഞു.

നമ്മള്‍ ആക്ടേഴ്‌സ് ആണല്ലോ. മലയാളം ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന ആള്‍ക്കാരാണല്ലോ. അതുകൊണ്ട് തന്നെ പടം കണ്ടുകഴിഞ്ഞപ്പോള്‍ ഇങ്ങേര് ഒന്ന് വിളിച്ചിരുന്നെങ്കില്‍ പൊളിക്കുമായിരുന്നു എന്ന് എനിക്ക് തോന്നി.

കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍ ഒരു കോള്‍ വന്നു. ട്രൂ കോളറില്‍ സെന്ന ഹെഗ്‌ഡെ എന്ന് കാണിക്കുന്നു. ഞാന്‍ കണ്ണൊക്കെ തിരുമി ഒന്നു കൂടി നോക്കി. കറക്ടാണല്ലോ എന്ന് ഉറപ്പാക്കി കോള്‍ എടുത്തു.

‘ഐ വാണ്ട് ടു ടെല്‍ യു, യു ആര്‍ ഏന്‍ അമേസിങ് ആക്ടര്‍’ എന്ന് പറഞ്ഞ് പുള്ളിയങ്ങ് തുടങ്ങി. ഏറ്റളിയാ എന്ന ഫീല്‍ ആയിരുന്നു എനിക്ക്. നല്ല സന്തോഷമായിരുന്നു അന്ന്. ഒരു കഥ പറയാനുണ്ട്, കേട്ടു നോക്കി ഇഷ്ടപ്പെട്ടെങ്കില്‍ മാത്രം എടുത്താല്‍ മതിയെന്നായിരുന്നു പുള്ളിക്കാരന്‍ പറഞ്ഞത്. അങ്ങനെ പോയി കഥ കേട്ടു.

കഥ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആക്ട് ചെയ്യാമെന്ന തീരുമാനത്തിലായിരുന്നു ഞാന്‍ കഥ കേള്‍ക്കാന്‍ പോയത് തന്നെ. അതുകൊണ്ട് തന്നെ കഥ കേട്ടതും ഞാന്‍ ചാടിപ്പിടിച്ചു. റെഡിയാണെന്ന് അപ്പോള്‍ തന്നെ പറഞ്ഞു,’ വിന്‍സി പറയുന്നു. ഇക്കാര്യങ്ങള്‍ പറയുന്നതിനിടയില്‍ സെന്ന ഹെഗ്‌ഡെയുടെ ശബ്ദവും സംസാരശൈലിയും വിന്‍സി അനുകരിക്കുന്നുമുണ്ട്.

1744 വൈറ്റ് ആള്‍ട്ടോ നവംബര്‍ 18നായിരുന്നു തിയേറ്ററുകളിലെത്തിയത്. ഷറഫുദ്ദീന്‍, രാജേഷ് മാധവന്‍, ആനന്ദ് മന്മദന്‍, നില്‍ജ, നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. വ്യത്യസ്തമായ മേക്കിങ്ങുമായി എത്തിയ ചിത്രം സമ്മിശ്രമായ പ്രതികരണമായിരുന്നു നേടിയത്.

Content Highlight: Vincy Aloshious says it was Karikku fame George who suggested her  the movie Thinkalazhcha Nishchayam

We use cookies to give you the best possible experience. Learn more