| Friday, 14th July 2023, 8:11 pm

'എന്താ വിൻസി ഇങ്ങനെ ചെയ്യണേ എന്നൊന്നും ആരും ചോദിക്കാറില്ല, അതിനുള്ളത് ഞാൻ ഇന്റർവ്യൂ വഴി കൊടുക്കുന്നുണ്ട്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിൽ താൻ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിനോട് വീട്ടുകാർക്ക് താൽപര്യമില്ലെന്ന് നടി വിൻസി അലോഷ്യസ്. സിനിമ കണ്ട് കഴിയുമ്പോൾ അവരുടെ എതിർപ്പ് മാറുമെന്നും ഇന്റിമേറ്റ് വേഷങ്ങൾ ചെയ്യുമ്പോൾ എന്താണിങ്ങനെ ചെയ്യുന്നതെന്ന മറ്റുള്ളവരുടെ ചോദ്യം ഇപ്പോൾ ഉണ്ടാകാറില്ലെന്നും വിൻസി പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിൻസി.

‘ഇന്റിമേറ്റ് സീനുകൾ ഒക്കെ ചെയ്യുന്നതിൽ ഇപ്പോഴും വീട്ടുകാർക്ക് നല്ല ബുദ്ധിമുട്ടാണ്. പക്ഷെ പടം കണ്ട് ആ ഞെട്ടൽ മാറി കഴിയുമ്പോൾ അവർ ഓക്കേ ആയിക്കോളും. രേഖ കണ്ടപ്പോൾ അങ്ങനെ ആയിരുന്നു. പടം തുടങ്ങുന്നതിന് മുൻപ് ഞാൻ പറഞ്ഞിരുന്നു ഒരു ഇന്റിമേറ്റ് സീൻ ഉണ്ടെന്ന്. അന്ന് അത് പറഞ്ഞപ്പോൾ അതെന്താണെന്ന് കൂടി അവർക്ക് മനസിലായില്ലായിരുന്നു, പോയി ചെയ്യാൻ പറഞ്ഞു. പടം കണ്ട് കഴിഞ്ഞപ്പോൾ ഇതായിരുന്നല്ലേ ഇന്റിമസി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇങ്ങോട്ട് ചോദിച്ചു.

മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രത്തിൽ അൽപം എക്സ്പോസ് ചെയ്തിട്ടുള്ള വസ്ത്രങ്ങളാണ് ഇടുന്നത്. അത് ഞാൻ പോയി പറഞ്ഞ് കഴിഞ്ഞാൽ സമ്മതിക്കില്ല. കാണുമ്പോൾ ശരിയായിക്കോളും.

ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾക്ക് അനിവാര്യമെന്ന് എനിക്ക് തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്യാൻ പോകുവാണെന്ന് ഇപ്പോൾ അങ്ങോട്ട് പോയി പറയാറില്ല. എന്താ വിൻസി ഇങ്ങനൊക്കെ ചെയ്യണേ എന്നൊന്നും പുറത്തുനിന്ന് ആരും ഇപ്പോൾ ചോദിക്കാറില്ല. കാരണം അതിനുള്ള മറുപടി ഞാൻ റേഡിയോയിലൂടെയും ഇന്റർവ്യൂകളിലൂടെയും കൊടുക്കുന്നുണ്ട്. ഇപ്പോൾ ഒരു 70 ശതമാനം ആളുകളും നല്ല അഭിപ്രായങ്ങൾ മാത്രമാണ് പറയുന്നത്,’ വിൻസി അലോഷ്യസ് പറഞ്ഞു.

അഭിമുഖത്തിൽ നായിക നായകൻ എന്ന പരിപാടിയിൽ പങ്കെടുത്തതിനെപ്പറ്റിയും വിൻസി പറഞ്ഞു. ആദ്യം തനിക്ക് പരിപാടിയിൽ സെലക്ഷൻ കിട്ടിയില്ലെന്നും പിന്നീട് ഒരു വർക്ക്ഷോപ്പിലൂടെ തെരഞ്ഞെടുക്കുകയായിരുന്നെന്നും വിൻസി പറഞ്ഞു.

‘സിനിമയിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്റെ ആദ്യത്തെ ഓഡിഷൻ ആയിരുന്നു നായിക നായകൻ എന്ന പരിപാടിയിലേത്. അതിൽ എനിക്ക് സെലക്ഷൻ കിട്ടിയില്ല. പിന്നീട് അവർ എന്നെ വർക്ക്‌ഷോപ്പിന് വിളിച്ചപ്പോൾ സെലക്ഷൻ കിട്ടുകയായിരുന്നു.

ഞാൻ ഒരു മോണോ ആക്ട് ചെയ്തപ്പോൾ അവർക്ക് ഇഷ്ടപ്പെട്ടില്ല. അതാവും അന്ന് എന്നെ തെരഞ്ഞെടുക്കാഞ്ഞത് (ചിരിക്കുന്നു). പിന്നീട് ലാൽ ജോസ് സാറിനെ കണ്ടു. അതിന് ശേഷം എന്റെ സെലെക്ഷൻ ഉറപ്പിച്ചു,’വിൻസി പറഞ്ഞു.

Content Highlights: Vincy Aloshious on intimate scenes

We use cookies to give you the best possible experience. Learn more