സാധാരണ നായിക സങ്കൽപ്പങ്ങളിൽ നിന്നും വ്യത്യസ്തയായി നിൽക്കുന്ന അഭിനേത്രിയാണ് വിൻസി അലോഷ്യസ്. നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി പ്രേക്ഷകർക്ക് പരിചിതയായത്. തനിക്ക് ജീവിതത്തിലൂടെ കിട്ടില്ലെന്ന് തോന്നുന്ന കാര്യങ്ങൾ കഥാപാത്രങ്ങളിലൂടെ നേടിയെടുക്കുമെന്നാണ് വിൻസി പറയുന്നത്. ഷൂട്ട് കഴിഞ്ഞാൽ കഥാപാത്രം തന്നെ അലട്ടാറില്ലെന്നും ഐ ആം വിത്ത് ധന്യ വർമ്മ എന്ന ഷോയിൽ വിൻസി പറഞ്ഞു.
‘രേഖ എന്ന കഥാപാത്രം ചെയ്യുമ്പോൾ ഞാൻ വളരെ കൂൾ ആയിരുന്നു. കഥാപാത്രത്തെ കുറിച്ച് മനസിലാക്കി കഴിഞ്ഞാൽ എനിക്ക് ടെൻഷൻ ഇല്ല. മാത്രമല്ല കഥാപാത്രം എന്നെ അലട്ടാറും ഇല്ല. കഥാപാത്രങ്ങളോട് എനിക്ക് എമ്പതി ഇല്ല. ഞാൻ ഇപ്പോഴും വിചാരിക്കുന്നത് നമ്മളൊക്കെ ആർട്ടിസ്റ്റുകളാണെന്നാണ്, ഒരിക്കലും എന്റെ വികാരങ്ങൾ കഥാപാത്രവുമായി ഞാൻ ബന്ധപ്പെടുത്താറില്ല. അത് വളരെ തെറ്റായ ഒരു കാര്യമാണ്.
അഭിനയിക്കുമ്പോൾ കരയാൻ പറ്റുന്നില്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള സന്ദർഭങ്ങൾ ഓർത്ത് കരയണമെന്ന് എന്നെ ഒരു ആക്ടിങ് വർക്ക്ഷോപ്പിൽ പഠിപ്പിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് അത് വളരെ തെറ്റായ ഒരു കാര്യമാണ്. കാരണം നമ്മുടെ ജീവിതത്തിലെ ആ ഇരുണ്ട നിമിഷങ്ങളെ തിരികെ വിളിക്കുന്നപോലെയാണ് അത്. അതിന്റെ ആവശ്യമില്ല. പണ്ട് ഞാൻ അത് ശീലിച്ചിട്ടുണ്ട്. പിന്നീട് എനിക്ക് മനസിലായി അത് ശരിയല്ലെന്ന്.
ഞാൻ അഭിനയിക്കുമ്പോൾ എന്റെ മനസ്സ് ശൂന്യമായിരിക്കും. വേറെ ചിന്തകൾ ഒന്നും എനിക്ക് വരാറില്ല. അത്തരത്തിൽ ഒരു ശൂന്യമായ മനസ്സുകൊണ്ടാണ് ഞാൻ രേഖ എന്ന കഥാപാത്രം ചെയ്തത്. ആ ആക്‌ഷൻ ടു കട്ടിന്റെ ഇടയിൽ ഞാൻ രേഖയായി മാറി. എനിക്ക് ആ കഥാപാത്രത്തെ കുറിച്ച് വ്യക്തത ഉണ്ടായാൽ മതി,’ വിൻസി പറഞ്ഞു.
തന്നെക്കാൾ ശക്തയും കഴിവുള്ളതുമായ കഥാപാത്രങ്ങളിൽ ആകർഷിക്കപെടാറുണ്ടെന്നും കഥാപാത്രങ്ങൾ നേടുന്ന നേട്ടങ്ങൾ സന്തോഷം തരാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
‘ഞാൻ ശക്തയായ ഒരു വ്യക്തിയല്ല. ഞാൻ ചെയ്യുന്ന ആ കഥാപാത്രങ്ങൾ കണ്ടാൽ മനസിലാകും. എനിക്ക് ഒരിക്കലും അത്രയും ശക്തയാകാൻ കഴിയില്ല. പക്ഷെ അത്തരം കഥാപാത്രങ്ങൾ ചെയ്യുമ്പോൾ സന്തോഷം തോന്നാറുണ്ട്. ജീവിതത്തിലോ ഇങ്ങനെയൊന്നും ആകാൻ കഴിഞ്ഞില്ല, സിനിമയിൽ എങ്കിലും ആവട്ടെ എന്നാണ് ഞാൻ ചിന്തിക്കുന്നത് (ചിരിക്കുന്നു). ജനഗണമന തന്നെ നോക്കൂ, എത്ര ശക്തയായ കഥാപാത്രമാണ്. ഭീമന്റെ വഴി എന്ന ചിത്രത്തിലേയും എന്റെ കഥാപാത്രം സ്ട്രോങ്ങ് ആണ്,’ വിൻസി പറഞ്ഞു.