നായികാ നായകൻ എന്ന മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയാണ് വിൻസി അലോഷ്യസ്. എന്നാൽ വികൃതി എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് വിൻസി അലോഷ്യസ് എത്തുന്നത്. വികൃതിയിലും ഒരു സാധാരണ പെൺകുട്ടി ആയിട്ടാണ് വിൻസി എത്തുന്നത്.
മിക്ക ചിത്രത്തിലെ കഥാപാത്രം എടുത്തു നോക്കിയാലും വിൻസി അവതരിപ്പിച്ചിട്ടുള്ളത് ഒരു നാട്ടിൻപുറത്തുകാരിയുടെ കഥാപാത്രമാണ്. ഫേസ് ഓഫ് ദി ഫെയ്സ് ലെസ്സ് ഇതിൽ നിന്നും വ്യത്യസ്തമാണ്. രേഖ എന്ന ചിത്രത്തിൽ നാട്ടിൻപുറത്തുകാരിക്കപ്പുറം ഒരു പ്രതികാര മനോഭാവമുള്ള കഥാപാത്രത്തെയാണ് വിൻസി അവതരിപ്പിച്ചത്. രേഖയിലെ പ്രകടനത്തിനാണ് വിൻസിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയെടുക്കാൻ കഴിഞ്ഞത്.
ബിനീഷ് കളരിക്കൽ സംവിധാനം ചെയ്ത റോണി ഡേവിഡ് പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ വിൻസി അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ മായ എന്ന ഒരു നാട്ടിൻപുറത്തുകാരിയുടെ കഥാപാത്രത്തെയാണ് വിൻസി അവതരിപ്പിക്കുന്നത്. കഥാപാത്രത്തോട് നീതിപുലർത്താൻ വിൻസിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രേക്ഷകർ ഒരുപാട് കണ്ട ഒരു കഥാപാത്രമാണ് വിൻസി അവതരിപ്പിച്ചിട്ടുള്ളത്. വിൻസി അവതരിപ്പിച്ച ചില ചിത്രത്തിലെയും കഥാപാത്രത്തോട് സാമ്യം ഉള്ളതായിട്ട് തോന്നുന്നുണ്ട്.
വീട്ടിലെ പ്രാരാബ്ദം കൊണ്ട് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ജോലിക്ക് പോകേണ്ടി വരുന്ന ചെറുപ്പക്കാരിയാണ് മായ. തന്റെ അച്ഛന് സുഖമില്ലാത്തതുകൊണ്ട് ജോലിയിൽ നിന്നും ലോങ്ങ് ലീവെടുത്ത് വീട്ടിൽ ട്യൂഷൻ നടത്തുന്ന ഒരു പഴഞ്ചനായ നാല്പതുകാരനാണ് മോഹൻ. മോഹന്റെ വീട്ടിലേക്ക് ജോലിക്ക് പോകുന്നതിലൂടെ മോഹനുമായി പ്രണയബന്ധത്തിൽ ആകുന്ന ഒരു കഥയാണ് പഴഞ്ചൻ പ്രണയം. വിൻസി മായ എന്ന കഥാപാത്രത്തെ വൃത്തിയോടെ അഭിനയിച്ചിട്ടുണ്ടെങ്കിലും, ചിത്രത്തിൽ എടുത്തു പറയേണ്ടത് റോണി ഡേവിഡിന്റെ അഭിനയത്തെയാണ്. കണ്ണൂർ സ്‌ക്വാഡ് എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് റോണി ഡേവിഡ്.
അച്ഛനും അമ്മയ്ക്കും സുഖമില്ലാഞ്ഞിട്ടും വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യുന്ന ഒരു നിഷ്കളങ്കയായ പെൺകുട്ടിയാണ് മായ. ഒരു ടെക്സ്റ്റൈൽ ഷോപ്പിലെ സെയിൽസ് ഗേൾ ആയിട്ടാണ് മായയെ നമുക്ക് ആദ്യ സീനിൽ കാണാൻ സാധിക്കുന്നത്. ഒമ്പതിനായിരം രൂപക്ക് ജോലി ചെയ്യുന്ന മായക്ക് തന്റെ കുടുംബത്തിന്റെ എല്ലാ ആഗ്രഹങ്ങളും പുലർത്തേണ്ട ബാധ്യത വരുന്നുണ്ട്. അതുപോലെ തന്നെ കല്യാണം കഴിപ്പിച്ച് അയക്കേണ്ടതും മായയുടെ തന്നെ ബാധ്യത കൂടിയാണ്. അതിനുവേണ്ടി ചിട്ടിയിൽ പണം നിക്ഷേപിക്കുന്നതും മായ തന്നെയാണ്.
പിന്നീട് മോഹന്റെ വീട്ടിലേക്ക് പോകുന്നതിലൂടെ പഴഞ്ചൻ എന്ന് കരുതിയ മോഹനോട് മായക്ക് ഇഷ്ടം തോന്നുകയാണ്. മായക്ക് അച്ഛന്റെയും മകന്റെയും ബന്ധത്തിന്റെ ആഴം മനസ്സിലാവുകയും മോഹൻ എന്ന വ്യക്തിയെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് കഥ.
Content Highlight: Vincy aloshious character in pazhanjan pranayam movie