| Sunday, 1st September 2024, 10:16 pm

പ്രതിഫലത്തിന്റെ കാര്യത്തില്‍ ചോദ്യമുയര്‍ത്തിയാല്‍ അവര്‍ നമ്മളെപ്പറ്റി ഗോസിപ്പുകള്‍ പരത്തും: വിന്‍സി അലോഷ്യസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ പുരുഷ അപ്രമാദിത്വത്തിനെതിരെ വെളിപ്പെടുത്തലുമായി നടി വിന്‍സി അലോഷ്യസ്. സിനിമാമേഖലയില്‍ പലരും ചൂഷണം അനുഭവിക്കാറുണ്ടെന്ന് വിന്‍സി പറഞ്ഞു. ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിച്ചാല്‍ മാറ്റിനിര്‍ത്തപ്പെടുന്ന തരത്തിലുള്ള പുരുഷാധിപത്യമാണ് മലയാളസിനിമയിലെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരാണ് ഇത്തരം കാര്യങ്ങളുടെ പിന്നിലെന്നും വിന്‍സി പറഞ്ഞു.

സിനിമയിലെത്തിയിട്ട് അഞ്ച് വര്‍ഷമായെന്നും പ്രതിഫലത്തിന്റെ കാര്യത്തില്‍ പല സിനിമയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ടെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തന്നെ ഞെട്ടിച്ചെന്നും വിന്‍സി പറഞ്ഞു. പല സിനിമകളിലും പ്രതിഫലത്തിന്റെ കാര്യം ചോദ്യം ചെയ്താല്‍ അഞ്ച് വര്‍ഷമായിട്ടല്ലേ ഉള്ളൂവെന്ന് ചോദിക്കാറുണ്ടെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു വിന്‍സി.

‘സിനിമയിലെത്തിയിട്ട് അഞ്ച് വര്‍ഷമായി. ഇപ്പോള്‍ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. പല സിനിമയില്‍ നിന്നും എന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. പ്രതിഫലത്തിന് കോണ്‍ട്രാക്ട് പോലും ഉണ്ടായിട്ടില്ല. പല സിനിമയിലും പ്രതിഫലം കിട്ടാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെ ചൂണ്ടിക്കാണിക്കുമ്പോള്‍ സനിമയില്‍ വന്നിട്ട് അഞ്ച് വര്‍ഷമല്ലേ ആയുള്ളൂവെന്ന് പലരും ചോദിക്കാറുണ്ട്.

മലയാള സിനിമയില്‍ നല്ല രീതിയില്‍ പുരുഷ അപ്രമാദിത്വം നിലനില്‍ക്കുണ്ട്. ഇതിനെ ചോദ്യം ചെയ്താല്‍ നമ്മളെപ്പറ്റി ഗോസിപ്പ് പറഞ്ഞുപരത്തും. ചില പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് പിന്നില്‍. എന്തിനാണ് മാറ്റിനിര്‍ത്തുന്നതെന്ന് പോലും ചിലപ്പോള്‍ അറിയില്ല. പ്രതികരിക്കുന്നവരോട് മാത്രമേ ഇത്തരം സമീപനമുള്ളൂ,’ വിന്‍സി പറഞ്ഞു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നുവെന്നും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും നടന്‍ മമ്മൂട്ടി പറഞ്ഞു. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി പ്രതികരിച്ചത്.

Content Highlight: Vincy Aloshious about Hema Committee Report

We use cookies to give you the best possible experience. Learn more