| Saturday, 15th July 2023, 10:57 pm

ആദ്യത്തെ ഓഡിഷനായിരുന്നു അത്; മോണോ ആക്ട് കണ്ടപ്പോള്‍ പൊക്കോയെന്ന് പറഞ്ഞു: വിന്‍സി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സിനിമാ മേഖലയില്‍ എത്തിപ്പെടുമെന്ന് താന്‍ വിചാരിച്ചിരുന്നില്ലെന്ന് നടി വിന്‍സി അലോഷ്യസ്. തന്റെ ജീവിതത്തിലെ ആദ്യത്തെ ഓഡിഷനായിരുന്നു നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയുടേതെന്നും എന്നാല്‍ അതില്‍ ആദ്യം തെരഞ്ഞെടുക്കപ്പെട്ടില്ലെന്നും വിന്‍സി പറഞ്ഞു. പിന്നീട് വര്‍ക്ക് ഷോപ്പിന് പോയപ്പോഴാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നും താരം ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഞാനൊരിക്കലും സിനിമാ മേഖലയില്‍ എത്തിപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല. ആഗ്രഹം മാത്രമേയുണ്ടായിരുന്നുള്ളൂ. എന്റെ ജീവിതത്തിലേ ആദ്യത്തെ ഓഡിഷനായിരുന്നു നായികാ നായകന്‍. പക്ഷേ അത് കിട്ടിയില്ല. അപ്പോള്‍ ഞാന്‍ വിചാരിച്ചു തീര്‍ന്നെന്ന്. എനിക്ക് ആദ്യം കിട്ടിയില്ലെങ്കില്‍ പിന്നെ താല്‍പര്യമുണ്ടാകില്ല. പക്ഷേ വിചാരിക്കാതെയാണ് അവരുടെ വര്‍ക്ക്‌ഷോപ്പിന് വിളിക്കുന്നത്.

അങ്ങനെയാണ് ഫുള്‍ കഥയും നടക്കുന്നത്. ആദ്യം ഞാനൊരു മോണോ ആക്ട് ചെയ്തു. അത് കണ്ട് കഴിഞ്ഞപ്പോള്‍ പൊക്കോയെന്ന് അവര്‍ പറഞ്ഞു (ചിരിക്കുന്നു). പിന്നെ എന്തോ വര്‍ക്ക് ഷോപ്പിലെടുത്തു. പിന്നെ ലാല്‍ സാറിനെ (ലാല്‍ ജോസ്) കണ്ടപ്പോഴാണ് ഉറപ്പായത്,’ വിന്‍സി പറഞ്ഞു.

താന്‍ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നതിന് മുമ്പേ അവാര്‍ഡ് വാങ്ങുന്നതും ഇന്റര്‍വ്യൂ നല്‍കുന്നതും സ്വപ്‌നം കണ്ടിട്ടുണ്ടെന്നും വിന്‍സി പറഞ്ഞു. യൂറോപ്യന്‍ ടോയ്‌ലറ്റിന്റെ മുകളിലിരുന്ന് ഇന്റര്‍വ്യൂ കൊടുത്തിട്ടുണ്ടെന്നും വാങ്ങിക്കൂട്ടിയ അവാര്‍ഡിനും കയ്യും കണക്കുമൊന്നുമില്ലെന്നും നടി സരസമായി പറഞ്ഞു.

സെന്ന ഹെഗ്ഡെയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം കണ്ടാല്‍ അഭിനയം എന്ന സ്വപ്നവുമായി നടക്കുന്ന എല്ലാവര്‍ക്കും തോന്നും സെന്ന ഹെഗ്ഡെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നെങ്കില്‍ എന്ന്. അങ്ങനെ ഒരു ദിവസമാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. ട്രൂ കോളറില്‍ നോക്കിയപ്പോള്‍ സെന്ന ഹെഗ്ഡെ എന്ന പേര് കണ്ടു.

വിളിച്ചപ്പോള്‍ തന്നെ ഞാന്‍ വേറെ ഒന്നും നോക്കിയില്ല, കഥയൊന്നും പറയണ്ട, ഞാന്‍ ഓക്കെയാണെന്നു പറഞ്ഞു. എനിക്ക് എങ്ങനെയെങ്കിലും അഭിനയിച്ചാല്‍ മതി എന്നായിരുന്നു. അങ്ങനെയാണ് 1744 വൈറ്റ് ഓള്‍ട്ടോ എന്ന ചിത്രത്തില്‍ അഭിനയിച്ചത്,’ വിന്‍സി പറഞ്ഞു.

സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത പദ്മിനിയാണ് വിന്‍സിയുടെ പുറത്തിറങ്ങിയ അവസാന ചിത്രം.

CONTENT HIGHLIGHTS: vincy about nayiika nayakan

We use cookies to give you the best possible experience. Learn more