ജനഗണമനയിലെ വിന്‍സി അലോഷ്യസിന്റെ അഭിനയം ഏറെ അഭിനന്ദനങ്ങള്‍ നേടിയിരുന്നു. എന്നാല്‍ സിനിമയിലേക്ക് വരുമ്പോള്‍ ശരീര ഭാരം കുറക്കണമെന്ന് ആവശ്യപ്പെട്ടതായി നടി പറയുന്നു. കോളേജിലെ ഒരു സഖാവിന്റെ കഥാപാത്രമാണിതെന്നും തടി കുറച്ച് സീനായിരിക്കുമെന്നും പറഞ്ഞതായും വിന്‍സി പറഞ്ഞു. കോളേജ് സഖാവ് ഭക്ഷണമൊക്കെ കഴിക്കുന്നയാളല്ലേ, അപ്പോള്‍ തടിയുണ്ടാകില്ലേയെന്ന് താന്‍ ചോദിച്ചെന്നും വിന്‍സി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘തടിയുടെ കാര്യം എന്നുമൊരു ചോദ്യ ചിഹ്നമായിരുന്നു. വികൃതിയില്‍ അഭിനയിക്കുമ്പോള്‍ തടി ഓക്കെയായിരുന്നു. ജനഗണമനയുടെ സമയത്ത് തടി കുറയ്ക്കണമെന്ന് പറഞ്ഞു. തടി കുറച്ച് സീനാണെന്നും കോളേജിലെ ഒരു സഖാവിന്റെ പോലത്തെ കഥാപാത്രമാണെന്നും പറഞ്ഞു.
കോളേജ് സഖാവ് ഭക്ഷണമൊക്കെ കഴിക്കുന്നയാളല്ലേ, അപ്പോള്‍ തടിയുണ്ടാകില്ലേയെന്ന് ഞാന്‍ ചോദിച്ചു. ഫോട്ടോ എന്തായാലും അയക്കൂ ഞങ്ങള്‍ നോക്കട്ടേയെന്ന് അവരും പറഞ്ഞു.
അന്ന് കൊവിഡ് സമയത്ത് വെറുതെ ഇരിക്കുന്നത് കൊണ്ട് കുറച്ച് ട്രിമ്മായിട്ടുണ്ടായിരുന്നു ഞാന്‍. അതുകൊണ്ട് അവര്‍ക്ക് ഓക്കെയായിരുന്നു അത്. ഞാനാണെങ്കില്‍ ‘എന്താ ബ്രോ മൊഡയാണോ’ എന്ന സീനായിരുന്നു. അതായത് സഖാവിന്റെ കഥാപാത്രം എന്താ മെലിഞ്ഞിരിക്കണമെന്ന് ഇത്ര നിര്‍ബന്ധമെന്ന മട്ടായിരുന്നു.
പക്ഷേ ഐഷി ഘോഷ് എന്ന റിയല്‍ ലൈഫ് ക്യാരക്ടറായിരുന്നു അത്. പുള്ളിക്കാരി ഭയങ്കര സ്ലിമ്മാണ്. മെലിഞ്ഞ പെണ്‍കുട്ടി ഇന്‍ക്വിലാബ് സിന്ദാബാദെല്ലാം മുന്നില്‍ വന്ന് വിളിക്കുമ്പോള്‍ ഭയങ്കര ഫയര്‍ ആയിരിക്കുമെന്ന് അവര്‍ക്ക് ഒരു ചിന്തയുണ്ടായിരുന്നു. അത് എനിക്കും കണ്‍വീന്‍സിങ്ങായിരുന്നു.
പക്ഷേ സുപ്രിയ ചേച്ചിയും ഡിജോ ചേട്ടനും ഇടപെട്ടിട്ട് പറഞ്ഞു കുറച്ച് തടിയുണ്ടെങ്കിലും കുഴപ്പമില്ല കുട്ടി അഭിനയിച്ചോളും എന്ന്. അതുകൊണ്ട് തടിയില്‍ കോംപ്രമൈസ് ചെയ്തില്ല,’ വിന്‍സി പറഞ്ഞു.
സെന്ന ഹെഗ്ഡെയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നെന്നും വിന്‍സി പറഞ്ഞു. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം കണ്ടപ്പോള്‍ മുതല്‍ തനിക്ക് സെന്ന ഹെഗ്ഡെയുടെ ചിത്രത്തില്‍ അഭിനയിക്കണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നെന്നും ഒടുവില്‍ 1744 വൈറ്റ് ഓള്‍ട്ടോ എന്ന ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ കഥപോലും കേള്‍ക്കണ്ടെന്ന് താന്‍ പറഞ്ഞെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.
‘തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം കണ്ടാല്‍ അഭിനയം എന്ന സ്വപ്നവുമായി നടക്കുന്ന എല്ലാവര്‍ക്കും തോന്നും സെന്ന ഹെഗ്ഡെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നെങ്കില്‍ എന്ന്. അങ്ങനെ ഒരു ദിവസമാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. ട്രൂ കോളറില്‍ നോക്കിയപ്പോള്‍ സെന്ന ഹെഗ്ഡെ എന്ന പേര് കണ്ടു.
വിളിച്ചപ്പോള്‍ തന്നെ ഞാന്‍ വേറെ ഒന്നും നോക്കിയില്ല, കഥയൊന്നും പറയണ്ട, ഞാന്‍ ഓക്കെയാണെന്നു പറഞ്ഞു. എനിക്ക് എങ്ങനെയെങ്കിലും അഭിനയിച്ചാല്‍ മതി എന്നായിരുന്നു. അങ്ങനെയാണ് 1744 വൈറ്റ് ഓള്‍ട്ടോ എന്ന ചിത്രത്തില്‍ അഭിനയിച്ചത്.
എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം എന്നിലെ നടിയെ പുള്ളിക്ക് നല്ല വിശ്വാസം ഉണ്ട്. അത് തന്നെ വലിയൊരു കാര്യമാണ്. പദ്മിനി എന്ന ചിത്രത്തില്‍ ഞാന്‍ ചെയ്ത കഥാപാത്രം എന്നെക്കൊണ്ട് തന്നെ ചെയ്യിക്കണം എന്ന വാശി ഉണ്ടായിരുന്നത് പുള്ളിക്ക് മാത്രമാണ്,’ വിന്‍സി പറഞ്ഞു.
content highlights: vincy about jana gana mana movie