| Tuesday, 5th May 2020, 5:28 pm

'വിനായകന്‍ അരിവാളേന്തിയത് ബോധപൂര്‍വ്വമല്ല'; അന്‍വര്‍ റഷീദിന്റെ അടുത്ത ചിത്രം ട്രാന്‍സെഴുതിയ വിന്‍സെന്റ് വടക്കനോടൊപ്പം?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്‍വര്‍ റഷീദിന്റെ ഡ്രീം പ്രൊജക്ടായിരുന്നു ട്രാന്‍സ്. നിരൂപക പ്രശംസ നേടിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് വിന്‍സെന്റ് വടക്കനായിരുന്നു. അന്‍വര്‍ റഷീദുമായി അടുത്ത ചിത്രത്തിന്റെ ചര്‍ച്ചകളിലാണെന്ന് വിന്‍സെന്റ് വടക്കന്‍ പറഞ്ഞു. സിനിമാ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രാന്‍സ് തിരക്കഥാകൃത്ത് ഇക്കാര്യം പറഞ്ഞത്.

രണ്ട് ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ എഴുതുന്നത്. ഒന്ന് രണ്ട് ഭാഷകളിലായി പുറത്തിറങ്ങുന്ന കാളിദാസ് ജയറാം മുഖ്യവേഷത്തിലെത്തുന്ന ചിത്രം. ഈ ചിത്രത്തിന്റെ സംഭാഷണമാണ് എഴുതുന്നത്. അന്‍വര്‍ റഷീദിനോടൊപ്പം ഉസ്താദ് ഹോട്ടലില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച വിനില്‍ വര്‍ഗീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടാമത്തെ പ്രൊജക്ട് അന്‍വര്‍ റഷീദുമായി ചര്‍ച്ചയിലാണെന്നും വിന്‍സെന്റ് വടക്കന്‍ പറഞ്ഞു.

ട്രാന്‍സില്‍ ഫഹദ് ഫാസിലിന്റെ കഥാപാത്രവും സഹോദരനും തമ്മിലുള്ള സീനുകളെഴുതുവാന്‍ തന്നെ പ്രേരിപ്പിച്ച സിനിമകളെയും പുസ്തകങ്ങളെയും കുറിച്ചും വിന്‍സെന്റ് വടക്കന്‍ പറഞ്ഞു. പദ്മരാജന്റെ നവംബറിന്റെ നഷ്ടവും വിന്‍സെന്റ് വാന്‍ഗോഗ് തന്റെ സഹോദരന്‍ തിയോയ്ക്കയച്ച കത്തുകളുമാണ് ഞാന്‍ നോക്കിയത്. തനിക്കും ഒരു സഹോദരനുള്ളതിനാല്‍ വളരെ വൈകാരികമായാണ് ആ സീനുകളെഴുതിയെന്നും വിന്‍സെന്റ് വടക്കന്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് ചിഹ്നവല്‍ക്കരണം ചിത്രത്തില്‍ ഉണ്ടെന്ന് ചില വായനകളുണ്ടല്ലോ, വിനായകന്‍ അരിവാളേന്തിയത് ഒക്കെയുമായി ബന്ധപ്പെട്ട് എന്ന ചോദ്യം അഭിമുഖത്തില്‍ ഉണ്ടായി. അത് ബോധപൂര്‍വ്വം ചെയ്തതല്ല. താനൊരു പ്രത്യയശാസ്ത്രത്തെയും പിന്തുണക്കുന്നില്ല. അതൊക്കെ സംഭവിച്ചു പോവുന്നതാണെന്നുമായിരുന്നു വിന്‍സെന്റ് വടക്കന്റെ മറുപടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more