തിരുവനന്തപുരം: സ്ത്രീപീഡനക്കേസില്‍ 33 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പ്രതികരണവുമായി കോവളം എം.എല്‍.എ എം. വിന്‍സെന്റ്. ജയിലില്‍ തന്നെ കാണാന്‍ രാഷ്ട്രീയക്കാര്‍, പുരോഹിതന്മാര്‍, സാംസ്‌കാരിക രംഗത്തെ ആളുകള്‍, സിനിമാ താരങ്ങള്‍ എന്നിങ്ങനെ ആയിരക്കണക്കിന് ആളുകളാണ് എത്തിയതെന്നും ജയിലില്‍ നിന്നിറങ്ങിയ ശേഷം തെരഞ്ഞെടുപ്പ് കാലത്തേതിന് തുല്ല്യമായ സ്വീകരണമാണ് പലയിടങ്ങളില്‍ നിന്നും ലഭിക്കുന്നതെന്നും വിന്‍സന്റ് എം.എല്‍.എ പറഞ്ഞു.
സി.പി.ഐ.എം പ്രാദേശിക നേതാക്കള്‍ക്ക് തന്നോട് വിരോധമുണ്ട്. അവര്‍ ജില്ലാ തലത്തിലുള്ള നേതാക്കളുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു കേസ് ഉണ്ടാക്കുകയായിരുന്നെന്നും മാധ്യമങ്ങള്‍ തന്നെ വേട്ടയാടിയെന്നും വിന്‍സന്റ് എം.എല്‍.എ പറഞ്ഞു.
കോവളം കൊട്ടാരത്തിന്റെ കൈമാറ്റം നടക്കുന്ന സമയത്ത് എം.എല്‍.എയായ താന്‍ അവിടെ ഉണ്ടാകരുതെന്ന് സി.പി.ഐ.എം നേതാക്കള്‍ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
പരാതിക്കാരിയായ സ്ത്രീയുമായി ഫോണില്‍ ഒരു വര്‍ഷത്തിനിടെ 124 തവണയാണ് സംസാരിച്ചത്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 900 തവണ വിളിച്ചുവെന്നാണ്. ഫോണ്‍ വിളിച്ചതിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതാണെന്നും എന്നാല്‍ ഇന്നുവരെ അവര്‍ എന്നെ എത്ര കോളുകള്‍ വിളിച്ചിട്ടുണ്ടെന്ന് പൊലീസും മാധ്യമങ്ങളും അന്വേഷിച്ചിട്ടില്ലെന്നും എം.എല്‍.എ പറഞ്ഞു. കേസിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.