| Tuesday, 8th November 2022, 4:10 pm

ആകർഷിക്കാൻ മാത്രം സലാ എന്താണ് ചെയ്തത്, വലിയ ക്ലബ്ബിൽ കളിക്കാനവസരം കിട്ടിയാൽ ഞാനും ചെയ്യും അതൊക്കെ: തുറന്നടിച്ച് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഈ സീസണിൽ മികച്ച പ്രകടനമാണ് ലിവർപൂൾ താരം മുഹമ്മദ് സലാ പുറത്തെടുക്കുന്നത്. 2017ൽ എ.എസ് റോമയിൽ നിന്ന് ചുവപ്പൻമാരുടെ ക്ലബ്ബിലേക്ക് ചേക്കേറിയ താരം ഫുട്‌ബോളിൽ ഇതിനകം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് കഴിഞ്ഞു.

പരിശീലകൻ യർഗൻ ക്ലോപ്പിന്റെ കീഴിൽ ലിവർപൂളിനായി ഏഴോളം ട്രോഫികൾ ഉയർത്തുന്നതിൽ താരം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

ബാലൺ ഡി ഓർ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തെത്തി നിൽക്കുന്ന സലായെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഈ സീസണിൽ നടക്കുന്ന ലീഗ് മത്സരങ്ങളിൽ പലപ്പോഴും സലായുടെ മിന്നും പ്രകടനമാണ് ടീമിന്റെ ലീഡുയർത്താൻ സഹായകമായത്.

എന്നാൽ താരത്തിനെതിരെ ശക്തമായ വിമർശനവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ അൽ നാസറിന്റെ കാമറൂൺ താരം വിൻസെന്റ് അബൂബക്കർ. ആളുകൾ പറയുന്ന ക്വാളിറ്റി ഒന്നും സലായിൽ കണ്ടിട്ടില്ലെന്നും തന്നെ ആകർഷിക്കുന്ന ഒന്നും അദ്ദേഹത്തിൽ ഇല്ലെന്നുമാണ് താരം പറഞ്ഞത്.

റേഡിയോ ഫ്രാൻസ് ഇന്റർനാഷണലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അബൂബക്കർ.

”സലാ എന്നെ ഒട്ടും ആകർഷിച്ചിട്ടില്ല. എനിക്കത് വ്യക്തമായി പറയാൻ സാധിക്കും. കാരണം ഞാൻ കാര്യങ്ങൾ സത്യസന്ധമായി സംസാരിക്കുന്നയാളാണ്, എനിക്കെന്റേതായ കാഴ്ചപ്പാടുകളും ഉണ്ട്. അദ്ദേഹം എന്നെ ആകർഷിച്ചിട്ടുണ്ടെങ്കിൽ ഞാനത് തുറന്ന് പറയുമായിരുന്നു.

അദ്ദേഹം മികച്ച കളിക്കാരനാണ്, നന്നായി സ്‌കോർ ചെയ്യുന്നുമുണ്ട്. എന്ന് കരുതി ഫുട്‌ബോളിൽ പ്രത്യേകിച്ചൊന്നും ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

ഞാൻ ആളുകളുടെ ആറ്റിറ്റ്യൂഡ് മനസിലാക്കുന്നു. പ്രീമിയർ ലീഗിലെ മികച്ച ഗോൾ സ്‌കോറർമാരിൽ ഒരാളാണ് സലാ. അതുകൊണ്ട് ആളുകൾ അങ്ങനെയൊരു താരത്തിന്റെ പുറകെ പോകുന്നതും പ്രശംസിക്കുന്നതുമൊക്കെ മനസിലാക്കാൻ സാധിക്കും.

പക്ഷേ ഞാൻ പറയുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, എന്റെ കാഴ്ച്ചപ്പാടാണ്. ആളുകൾ അതിനെ എങ്ങനെ കാണുമെന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. അദ്ദേഹം ആകർഷണീയനായ താരമാണെന്നൊന്നും എനിക്ക് തോന്നിയിട്ടില്ല.

വലിയ ക്ലബ്ബുകളിൽ കളിക്കാനുള്ള അവസരം കിട്ടുകയാണേൽ അദ്ദേഹം ചെയ്യുന്നതൊക്കെ എനിക്കും ചെയ്യാനാകും,’ വിൻസെന്റ് അബൂബക്കർ വ്യക്തമാക്കി.

ലിവർപൂളിന് വേണ്ടി 274 മാച്ചുകൾ കളിച്ച മുഹമ്മദ് സലാ ഇതുവരെ 170 ഗോളുകളും 68 അസിസ്റ്റും നേടിയിട്ടുണ്ട്. നാഷണൽ ടീമിനായി 72 ഗോളുകൾ നേടാനും താരത്തിനായി. ലിവര്‍പൂളിന് വേണ്ടി ഈ സീസണില്‍ മാത്രം 20 മത്സരങ്ങള്‍ കളിച്ച സലാ 14 ഗോളുകളും അഞ്ച് അസിസ്റ്റുമാണ് നേടിയത്.

Content Higlights: Vincent Aboubakar states Liverpool player Mohammed Salah is not great like people say

We use cookies to give you the best possible experience. Learn more