ഫുട്‌ബോള്‍ ട്രാന്‍സ്ഫറുകളുടെ ചരിത്രത്തിലെ തന്നെ അപൂര്‍വമായ സംഭവമായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദി അറേബ്യന്‍ ലീഗ് പ്രവേശനം.
താരത്തെ ഏകദേശം 225 മില്യണ്‍ യൂറോ മുടക്കിയായിരുന്നു അല്‍ നസര്‍ തങ്ങളുടെ സ്‌ക്വാഡ് ഡെപ്ത്തില്‍ ചേര്‍ത്തത്. 2025 വരെ സൗദി ക്ലബ്ബില്‍ കളിക്കാന്‍ അവസരമുള്ള റോണോക്ക് കരാര്‍ അവസാനിച്ചാല്‍ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് തുടരാന്‍ സാധിക്കും.
എന്നാല്‍ വിദേശ താരങ്ങളുടെ സ്ലോട്ട്‌സ് മുഴുവനായതിനാല്‍ റൊണാള്‍ഡോയെ ഇതുവരെ അല്‍ നസറിന് രജിസ്റ്റര്‍ ചെയ്യാനായിരുന്നില്ല. റൊണാള്‍ഡോയെ രജിസ്റ്റര്‍ ചെയ്യിക്കാനായി അബൂബക്കറിന്റെ കരാര്‍ അല്‍ നസര്‍ ടെര്‍മിനേറ്റ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു.
അബൂബക്കര്‍ അല്‍ നസര്‍ വിട്ടെന്നും തുര്‍ക്കിഷ് ക്ലബ്ബായ ബെസ്‌കിറ്റസുമായി സൈനിങ് നടത്തിയെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ട്രാന്‍സ്ഫര്‍ എക്‌സപര്‍ട്ടും പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഡച്ച് താരമായ വൂട്ട് വെഗോസ്റ്റ് ബെസ്‌കിറ്റസില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് അബൂബക്കറിന്റെ കൂടുമാറ്റം.
ഖത്തര്‍ ലോകകപ്പില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ വിന്‍സെന്റ് അബൂബക്കറിന്റെ മികവിലാണ് കാമറൂണ്‍ ബ്രസീലിനെ തോല്‍പ്പിച്ചത്. ഈ സീസണില്‍ അല്‍ നസറിലും മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിനെ യൂറോപ്യന്‍ ക്ലബ്ബുകള്‍ സ്വന്തമാക്കിയാല്‍ പോലും അത്ഭുതപ്പെടാനില്ല എന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
അബൂബക്കറിന് അല്‍ നസറില്‍ ഇനിയും ഒന്നര വര്‍ഷത്തോളം കോണ്‍ട്രാക്ടുണ്ട്. റൊണാള്‍ഡോ ക്ലബ്ബിനായി മത്സരത്തിനിറങ്ങുമ്പോള്‍ നിലവില്‍ ക്ലബ്ബിന്റെ മുന്നേറ്റത്തെ നയിക്കുന്ന വിന്‍സെന്റ് അബൂബക്കര്‍ റൊണാള്‍ഡോക്ക് നന്നായി കളിക്കാനുള്ള അവസരത്തിന് തടസം സൃഷ്ടിച്ചേക്കാമെന്ന കണക്കുകൂട്ടലിലാണ് അല്‍ നസര്‍ വിന്‍സെന്റിനെ വില്‍ക്കാന്‍ തയ്യാറായത്.
Content Highlights: Vincent Aboubakar sign in with Besiktas