ബ്രസീലിനെ തകർത്ത അബൂബക്കർ വിൻസെന്റ്; ചരിത്ര പുസ്തകങ്ങളിൽ ഇനി സാക്ഷാൽ സിനദിൻ സിദാനൊപ്പം
2022 FIFA World Cup
ബ്രസീലിനെ തകർത്ത അബൂബക്കർ വിൻസെന്റ്; ചരിത്ര പുസ്തകങ്ങളിൽ ഇനി സാക്ഷാൽ സിനദിൻ സിദാനൊപ്പം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd December 2022, 5:40 pm

ഖത്തർ ലോകകപ്പിൽ കാനറിപ്പടയുടെ ചങ്ക് തകർത്ത നിമിഷമായിരുന്നു ഇൻജുറി ടൈമിൽ കാമറൂണിന്റെ ഫോർവേഡ് താരം വിൻസെന്റ് അബൂബക്കർ നേടിയ ഗോൾ.

ലുസൈൽ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ബ്രസീൽ ആരാധകരെ ഞെട്ടിച്ച് മത്സരത്തിന്റെ അധികസമയം പിന്നിട്ട് രണ്ട് മിനിട്ടുകൾക്ക് ശേഷം ജെറോം എംബെകെലിയുടെ ക്രോസ്സിന് തല വെച്ചുകൊണ്ട് മുപ്പതുകാരനായ അൽ നാസർ താരം നേടിയ ഉജ്വല ഗോളിൽ ബ്രസീൽ ആദ്യമായി ഒരു ആഫ്രിക്കൻ ടീമിനോട് ലോകകപ്പിൽ പരാജയം രുചിച്ചു.

1998ലെ ഫ്രാൻസ് ആതിഥേയത്വം വഹിച്ച ലോകകപ്പിൽ ഗ്രൂപ്പ്‌ എ യിൽ നോർവേയോട് 2-1 ന് പരാജയപ്പെട്ട ശേഷം ബ്രസീൽ ആദ്യമായാണ് ഒരു ലോകകപ്പിൽ ഗ്രൂപ്പ്‌ ഘട്ടത്തിൽ പരാജയപ്പെടുന്നത്. വിജയിച്ചെങ്കിലും സ്വിറ്റ്സർലൻഡ് സെർബിയയെ പരാജയപ്പെടുത്തിയതോടെ കാമറൂണിന് ഗ്രൂപ്പ്‌ ഘട്ടം കടക്കാൻ സാധിച്ചില്ല.

മത്സരത്തിൽ ഗോൾ നേടിയ ശേഷം ജേഴ്സിയൂരി ഗോൾ നേട്ടം ആഘോഷിച്ചതോടെ രണ്ടാം മഞ്ഞക്കാർഡ് ലഭിച്ച അബൂബക്കറിനെ റഫറി മത്സരത്തിൽ നിന്നും പുറത്താക്കിയിരുന്നു. മത്സരത്തിന്റെ 81ാം മിനിട്ടിൽ ഗോൾ പോസ്റ്റിലേക്ക് പന്തുമായി കുതിച്ച മാർട്ടിനെല്ലിയെ ഫൗൾ ചെയ്തതിനാണ് വിൻസന്റ് അബൂബക്കർ ആദ്യ മഞ്ഞ കാർഡ് വാങ്ങിയത്.

ഗോൾ നേടിയ ശേഷം ലോകകപ്പിൽ നിന്ന് പുറത്താകുന്ന രണ്ടാമത്തെ താരം എന്ന വിശേഷണം സ്വന്തമാക്കിയിരിക്കുകയാണ് വിൻസെന്റ് അബൂബക്കർ.

2006 ജർമൻ ലോകകപ്പിൽ ഇറ്റലിക്കെതിരെ രണ്ട് ഗോൾ നേടിയ ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ ഇൻജുറി ടൈമിൽ ഗോൾ നേടിയ ശേഷം ഇറ്റലിക്കായി അതേ മത്സരത്തിൽ ഗോൾ നേടിയ ഡിഫൻഡർ മാർക്കോ മറ്റരാസിയെ തല കൊണ്ടിടിച്ച ശേഷം ചുവപ്പ് കാർഡ് വാങ്ങി പുറത്തേക്ക് പോയിരുന്നു. മത്സരം പെനാൽട്ടി ഷൂട്ടൗട്ടിൽ ഇറ്റലി വിജയിക്കുകയും ചെയ്തു.

സിനദിൻ സിദാന് ശേഷം ഒരു മത്സരത്തിൽ തന്നെ ഗോൾ നേടുകയും പുറത്താകുകയും ചെയ്ത താരം എന്ന വിശേഷണം ലഭിച്ച അബൂബക്കർ ഇതുവരെ മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് ഗോളുകളാണ് ലോകകപ്പിൽ സ്വന്തമാക്കിയത്. സെർബിയക്കെതിരെയായിരുന്നു താരത്തിന്റെ ആദ്യ ഗോൾ.

മത്സരം പരാജയപ്പെട്ടെങ്കിലും ആറ് പോയിന്റുകളോടെ ഗ്രൂപ്പ്‌ ജി ചാമ്പ്യൻമാരായ ബ്രസീലിന്റെ പ്രീ ക്വാർട്ടർ എതിരാളികൾ ദക്ഷിണ കൊറിയയാണ്. ഡിസംബർ അറിനാണ് കൊറിയയുമായുള്ള മത്സരം.

Content Highlights:Vincent Aboubakar follows Zinedine Zidane record